റിയാദ്: ചില്ല റിയാദിന്റെ പ്രതിമാസവായനയുടെ ഡിസംബർ ലക്കം 'നവോത്ഥാനചിന്ത: എഴുത്തുകളും വായനകളും' എന്ന കാലികപ്രസക്തിയുള്ള വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഇഖ്ബാൽ കൊടുങ്ങല്ലൂർ സംവാദത്തിന്റെ മുഖവുര അവതരിപ്പിച്ചു. ഏറ്റവും മനുഷ്യത്വവിരുദ്ധമായ ആചാരങ്ങളെപോലും ശ്രേഷ്ഠകൃത്യങ്ങളായും ഉയർന്ന സാമൂഹ്യമൂല്യങ്ങളായും കൊണ്ടാടപ്പെട്ടിരുന്ന സാഹചര്യങ്ങളെ ഉടച്ചുവാർക്കുകയായിരുന്നു നവോത്ഥാനനായകർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്നുനടന്ന സംവാദത്തിൽ ഇന്ത്യയും കേരളവും നടന്നുതീർത്ത നവോത്ഥാനവഴികളത്രയും തിരികെ നടത്തിക്കാനുള്ള ശ്രമമാണ് ഇന്ന് കേരളത്തിൽ നടക്കുന്നതെന്ന വിലയിരുത്തലുണ്ടായി.

ശ്രീനാരായണഗുരുവിന്റെ മാനവിക ചിന്തകളെ ഉൾക്കൊള്ളാനാകാത്ത ഒരു രാഷ്ട്രീയവിഭാഗമാണ് ഇന്ന് കേരളത്തിൽ അക്രമാസക്തമായ സാഹചര്യം സൃഷ്ടിക്കുന്നത്. ശബരിമലയിൽ എല്ലാ പ്രായത്തിലും പെട്ട സ്ത്രീകൾക്ക് കയറാനുള്ള അവകാശവും സ്വാതന്ത്ര്യവും കൈവന്നത് ഉന്നതവും മൗലികവുമായ ഭരണഘടനാതത്വങ്ങളുടെ വെളിച്ചത്തിലാണ്. ശബരിമല വിഷയത്തിലുള്ള സുപ്രീം കോടതിവിധിയെ അനുകൂലിച്ചവർ തന്നെയാണ് പിന്നീട് രാഷ്ട്രീയലാഭത്തിനായി എതിർവാദം ഉന്നയിക്കുകയും തെരുവിൽ കലാപം അഴിച്ചുവിടുകയും ചെയ്യുന്നത്.

നവോത്ഥാനത്തിന്റെ നേരവകാശികളാരെന്ന ചർച്ചയും ഈ അവസരത്തിൽ നടക്കുന്നുണ്ട്. ദേശീയപ്രസ്ഥാനത്തിനോടൊപ്പം വികസിച്ചുവന്ന നവോത്ഥാനചിന്തകളെ പിന്നീട് ഏറ്റുപിടിച്ചത് ഇടതുപക്ഷ പ്രസ്ഥാനമാണെന്നത് ചരിത്രപരമായ വസ്തുതയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ അവസ്ഥയിൽ മാനവികതയുടെയും ലിംഗതുല്യതയുടെയും കാവലാളായി സമൂഹത്തോടൊപ്പം നിൽക്കാനുള്ള പ്രതിബദ്ധത ഇടതുപക്ഷത്തിനുണ്ട്. എന്തെല്ലാം വിമർശനങ്ങളുണ്ടെങ്കിലും ആ അർത്ഥത്തിൽ തന്നെയാണ് വനിതാമതിലിനെ കാണേണ്ടത്. സംവാദത്തിൽ ഹരികൃഷ്ണൻ കെ പി, ലീന സുരേഷ് , ശബ്‌ന സിദ്ധീഖ് , സുരേഷ് ലാൽ, വിപിൻ, ശമീം, സഫ്വ ആനപ്ര, സീബ അനിരുദ്ധൻ, അബ്ദുൽ റസാഖ് മുണ്ടേരി, അഷറഫ് പൊന്നാനി, ബീന, സുരേഷ് കൂവോട്, സിദ്ധീഖ് ആനപ്ര, നൗഷാദ് കോർമത്ത് എന്നിവർ പങ്കെടുത്തു.

സംവാദത്തിനു മുന്നോടിയായി നടന്ന 'എന്റെ വായന' പരിപാടിക്ക് ചാൾസ് ഡിക്കൻസിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് നജ്മ നൗഷാദ് തുടക്കം കുറിച്ചു. ടി ആർ സുബ്രഹ്മണ്യൻ ഓർഹാൻ പമൂക്കിന്റെ മ്യൂസിയം ഓഫ് ഇന്നസെൻസ് എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ചു. അമൃത സുരേഷ് ജെഫ്രി ആർചറുടെ നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ് എന്ന നോവൽ പരിചയപ്പെടുത്തി. ലൂയി അൽത്തൂസറിന്റെ ലെനിൻ ആൻഡ് ഫിലോസഫി ആൻഡ് അദർ എസ്സെയ്‌സ് എന്ന പഠനത്തിന്റെ വായന അഖിൽ ഫൈസൽ പങ്കുവെച്ചു. കെ തായാട്ടിന്റെ ശൂർപ്പണഖ എന്ന നാടകത്തിന്റെ വായനാനുഭവമാണ് ബീന പങ്കുവെച്ചത്. എം ഫൈസൽ മോഡറേറ്ററായിരുന്നു.