തൃശൂർ: തൃശൂർ ജില്ലയിലെ ചിമ്മിനി ഡാം നാല് പതിറ്റാണ്ടിനുശേഷവും പണി പൂർത്തിയാകാതെ ഇന്നും കിടക്കുകയാണ്. ഓരോ പത്തു മീറ്റർ ഉയരത്തിലും ഡാമിന് ബലം കൂട്ടാനായും അതോടൊപ്പം തന്നെ ചോർച്ച തടയാനുമായി നടത്തുന്ന ഗ്രൌട്ടിങ് സാങ്കേതികത ഇപ്പോഴും തുടരുകയാണ്. ഓരോ പത്തുമീറ്റർ ഉയരത്തിലും ഡാമിന്റെ മുകൾ വശത്തുനിന്ന് താഴേയ്ക്ക് ഡ്രിൽ ചെയ്തുകൊണ്ട് അതിൽ കോണ്ക്രീറ്റ് നിറയ്ക്കുന്ന സാങ്കേതിക വിദ്യയാണ് ഗ്രൌട്ടിങ്. കേവലം 52.28 മീറ്റർ ഉയരമുള്ള ഈ ഡാമിന്റെ ഗ്രൌട്ടിങ് കഴിഞ്ഞ 43 വർഷമായും തീർന്നിട്ടില്ല എന്നത് ആരെയും അതിശയിപ്പിക്കുന്നു. ഇതിന്റെ പേരിൽ തന്നെയാണ് ഈ ഡാമിൽ ഏറ്റവും കൂടുതൽ അഴിമതി നടന്നിട്ടുള്ളതെന്നും ആരോപണമുണ്ട്.

1975-ൽ ശ്രീ ജഗ് ജീവൻ റാം തറക്കല്ലിട്ട ഈ ഡാം 1980-ൽ പൂർത്തീകരിക്കാനയിരുന്നു പ്ലാൻ എങ്കിലും, ഏകദേശം കാൽ നൂറ്റാണ്ടിനുശേഷമാണ് ഈ ഡാം ഭാഗികമായി കമ്മീഷൻ ചെയ്തത്. ഡാമിന്റെ നിർമ്മാണം മുതൽ നാളിതുവരെയും കരാറുകാർ അരങ്ങേറ്റിയ അഴിമതിക്കഥകൾ ഇനിയും ഒഴിഞ്ഞിട്ടില്ല. 6.33 കോടിയിൽ നിന്നാരംഭിച്ച ഈ പദ്ധതി പൂർത്തീകരിക്കുമ്പോൾ ഏകദേശം 200 കോടിയിൽ എത്തിനിൽക്കുന്ന ദുരന്തകാഴ്‌ച്ചയാണ് നാം കാണുന്നത്. നാല് പതിറ്റാണ്ട് കഴിയുമ്പോഴും കൃത്യമായ കണക്കുകൾ ഇന്നും എവിടെയും ലഭ്യമല്ല. ഇതേക്കുറിച്ചുള്ള അന്വേഷണങ്ങളും വിവാദങ്ങളും ഇപ്പോഴും പുരോഗമിക്കുകയാണ്. ഡാമിൽ വെള്ളം ശേഖരിക്കാമെന്നല്ലാതെ ഒരു ഡാമിനുവേണ്ടുന്ന മറ്റു അവശ്യ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നുംതന്നെ ഇപ്പോഴും നടക്കുന്നില്ല. ഡാമും പരിസര പ്രദേശങ്ങളും അനാസ്ഥയുടെ ദുരന്ത പ്രദേശങ്ങളായി കിടക്കുന്നു. കോടിക്കണക്കിന്നു രൂപയുടെ യന്ത്രങ്ങളും യന്ത്ര സാമഗ്രികളുമാണ് ഇവിടെ തുരുമ്പെടുത്ത് നശിക്കുന്നത്.

കോടികൾ തട്ടിച്ചെടുക്കാൻ വേണ്ടി മാത്രം പണ്ടെങ്ങോ കള്ളക്കരാറുകാർ പണികഴിപ്പിച്ച എത്രയെത്ര ഗതികിട്ടാത്ത കെട്ടിടങ്ങളാണ് ഇവിടെ കോണ്ക്രീറ്റ് ശവപ്പറമ്പുകളെ ഓർമ്മിപ്പിച്ചുകൊണ്ട് കിടക്കുന്നത്. ഈ കള്ളക്കരാറുകാർ ഇവിടെനിന്ന് തട്ടിയെടുത്ത അഴിമതിപ്പണം കൊണ്ട് തീർത്ത റിസോർട്ടുകളും ഹോട്ടലുകളും മൂന്നാർ തുടങ്ങിയ സുഖവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇന്നാട്ടുകാർ പറയുന്നു. ഇതെക്കുറിച്ചൊക്കെ നടന്ന അന്വേഷണ കമ്മീഷനുകളും റിപ്പോർട്ടുകളും ഈ ശവപ്പറമ്പുകളിൽ തന്നെ അടക്കം ചെയ്തിരിക്കണം. പിടിപ്പുകേടുകളുടെ പിന്നാമ്പുറ കഥകൾ അന്വേഷിച്ചാൽ നാം എത്തിച്ചേരുക ജലസേചന വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും വനം വകുപ്പിന്റെയും സ്വാർഥതയുടെ ശീത സമര-പോരാട്ട അങ്കത്തട്ടുകളിലായിരിക്കും. ഡാം പണികഴിപ്പിച്ചത് പൊതുമരാമത്താണെങ്കിലും വെള്ളത്തിന്മേലുള്ള അവകാശം ജലസേചന വകുപ്പിനാണെന്നും അതെ സമയം ഡാം വനഭൂമിയിലായതുകൊണ്ട് വനം വകുപ്പിന് അവകാശപ്പെട്ടതാണെന്നുമുള്ള തർക്കശാസ്ത്രപരമായ മുടന്തൻ ന്യായങ്ങളിൽ ഈ ഡാം വീർപ്പുമുട്ടുകയാണ് ഇന്നും.

മുകുന്ദപുരം താലൂക്കിലുള്ള ആമ്പല്ലൂരിൽ നിന്ന് 28 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന എച്ചിപ്പാറയിലാണ് ചിമ്മിനി ഡാമും വന്യജീവി സംരക്ഷണ കേന്ദ്രവും സ്ഥിതിചെയ്യുന്നത്. ഏറെ ജൈവ വൈവിദ്ധ്യമുള്ള ഈ ഭൂപ്രദേശത്തുനിന്നു കുടിയൊഴിക്കപ്പെട്ട ആദിവാസികളുടെ ആവലാതികളും ദുരിതങ്ങളും ഇന്നും ഒഴിഞ്ഞിട്ടില്ല. അവരുടെ പുനരധിവാസ നിബന്ധനകളും ഇന്നും പാലിക്കപ്പെട്ടിട്ടില്ല. അവരുടെ കണ്ണീരും ഈ ഡാമിൽ ഇന്നും ഇറ്റിറ്റു വീഴുന്നു. ഈ വനമേഖലയിലെ റബ്ബർ തോട്ടം തൊഴിലാളികളും അസ്വസ്ഥരാണ്. സർക്കാർ നടപ്പാക്കിയ മിനിമം വേതനം നാളിതുവരെയായി ഇവിടുത്തെ തോട്ടം മുതലാളിമാർ നടപ്പാക്കിയിട്ടില്ല. മാറിമാറി വന്ന സർക്കാരുകളും മിനിമം വേതനം നടപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ല. സമരങ്ങളും സമ്മേളനങ്ങളും സമവായങ്ങളും തുടരുമ്പോഴും ഇവിടുത്തെ തോട്ടം തൊഴിലാളികളും ഈ ഡാമിലേക്ക് അവരുടെ കണ്ണീരും മുതൽക്കൂട്ടുന്നു. കരുവന്നൂർ പുഴയുടെ പോഷകനദിയായ ചിമ്മിനി കാടുകളിലെ മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന ചിമ്മിനിപ്പുഴയുടെ കുറുകെ 1996-ൽ ഭാഗികമായി പൂർത്തിയാക്കിയതാണ് ചിമ്മിനി കാർഷിക ജലസേചന വൈദ്യുത പദ്ധതി. തൃശ്ശൂർ ജിലയിലെ ഏറ്റവും വലിയ അണക്കെട്ട് കൂടിയാണ് ചിമ്മിനി അണക്കെട്ട്.

കഴിഞ്ഞ അഞ്ചുവർഷത്തെ ഈ ഡാമിലെ ജലനിരപ്പിന്റെ കണക്ക് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ജലനിരപ്പ് 2015-ൽ രേഖപ്പെടുത്തിയ 115.13 എം.എം.ക്യുബ് ആയിരുന്നു. ഏറ്റവുമൊടുവിൽ 2018-ൽ രേഖപ്പെടുത്തിയത് 58.74 എം.എം.ക്യുബ് ആണ്. വൃഷ്ടിപ്രദേശങ്ങളിൽ മനുഷ്യവാസം ഇല്ലാത്തതിനാൽ മനുഷ്യ നിർമ്മിത മാലിന്യങ്ങൾ ഒന്നും വന്നടിയാത്ത ശുദ്ധ ജല സ്രോതസ്സാണ് ചിമ്മിനി എന്നതും എടുത്തുപറയതക്കതാണ്. ഡാമിനു വലതു വശത്തായി സ്ഥാപിച്ചിട്ടുള്ള കെ.എസ്.ഇ.ബി.യുടെ ഹൈഡ്രോ ഇലക്ട്രിക് പ്രോജെക്റ്റ് 2015 മുതൽ 2.5 മെഗാവാട്ട് ടർബൈൻ ഉപയോഗിച്ച് ചെറിയ തോതിൽ വൈദ്യുതി ഇവിടെ ഉത്പാദിപ്പിച്ചുവരുന്നു . ഏകദേശം പതിമൂവ്വായിരം ഹെക്ടർ കൃഷി ഭൂമികളിലേക്ക് ജലസേചനം നടത്തുമ്പോൾ തന്നെ ഒരേസമയം വൈദ്യുതി കൂടി ഉൽപ്പാദിപ്പിക്കുന്ന ഈ പദ്ധതിയുടെ വാർഷിക ഉൽപ്പാദനം 6.7 എംയു ആണെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. മൊത്തം 21.56 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിച്ചത്.

അപൂർവ്വ സസ്യ-ജീവജാലങ്ങളുടെ കലവറയായ ചിമ്മിനി വനമേഖലയുടെ കിഴക്ക് പറമ്പിക്കുളവും, തെക്ക്-കിഴക്ക് ചാലക്കുടി വനപ്രദേശങ്ങളും നെല്ലിയാമ്പതിയും, വടക്ക്-പടിഞ്ഞാറ് പാലക്കാടൻ വനഭൂമികളും പീച്ചി-വാഴാനി കാടുകളും സ്ഥിതിചെയ്യുന്നു. ഏകദേശം 200 വർഷം മുന്പ് തീർത്തും നിബിഡമായ ഒരു വനഭൂമിയായിരുന്നു എന്നാണ് ചരിത്ര സാക്ഷ്യം. പിന്നീട് 514.84 മീറ്റർ നീളത്തിലുള്ള ചിമ്മിനി ഡാം പണിയുന്നതോടെ ചിമ്മിനി വന മേഖലയുടെ ഒരു വലിയ ഭാഗം തന്നെ വെട്ടി നശിപ്പിക്കുകയായിരുന്നു. കനത്ത പരിസ്ഥിതി ആഘാതം ഏറ്റുവാങ്ങേണ്ടിവന്ന ഡാമിനോടനുബന്ധിച്ചുള്ള ഈ മേഖല ഇപ്പോൾ ചിമ്മിനി വന്യജീവി സംരക്ഷണകേന്ദ്രം എന്നും അറിയപ്പെടുന്നു

പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി മലകളുടെ പടിഞ്ഞാറേ ചരിവിൽ സ്ഥിതിചെയ്യുന്ന ഈ വന്യജീവി സംരക്ഷണ കേന്ദ്രം 1984-ൽ പ്രഖ്യാപിതമായതാണ്. ഈ കേന്ദ്രത്തിന് 100 ച.കി.മീ വിസ്തീർണ്ണമുണ്ട്. ഉഷ്ണമേഖലാ നിത്യ ഹരിത നിബിഢവനങ്ങളായിരുന്ന ഇവിടം ഇന്ന് മനുഷ്യാസൂത്രിതമായ വനനശീകരണം മൂലം നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. എങ്കിലും ഇന്നും ധാരാളം സസ്യജാലങ്ങളുടെ സങ്കേതമാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം. ഇന്ത്യൻ ഉപദ്വീപിലെ എല്ലാ പ്രധാന തരം സസ്യങ്ങളും ഇവിടെ നമുക്ക് കാണാം. മനുഷ്യ സംസർഗ്ഗം മൂലം സസ്യങ്ങളുടെയും വന്യജീവികളുടെയും എണ്ണം കുറഞ്ഞുവരുന്നതായി സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. വിവിധയിനം കുരങ്ങുകൾ, പുലി, കടുവ, കാട്ടുപോത്ത്, മാൻ, ആന എന്നിവയെയും മറ്റ് ചെറിയ വന്യജീവികളെയും ഇവിടെ കാണാം. സാഹസിക മലകയറ്റക്കാർക്ക് മലകയറുവാനുള്ള കാട്ടുപാതകൾ ഇവിടെ ഉണ്ട്.

ഇതൊക്കെ പറയുമ്പോഴും ഇവിടെ വരുന്ന വിനോദ സഞ്ചാരികൾക്ക് അസൗകര്യങ്ങളുടെയും അനാദരവിന്റെയും മാത്രം കഥകളാണ് പറയാനുള്ളത്. സഞ്ചാരികൾക്ക് വിശ്രമിക്കാൻ വിശ്രമ കേന്ദ്രങ്ങളില്ല. എന്നോ ലക്ഷങ്ങൾ മുടക്കി കാടിന്നുള്ളിൽ പണികഴിപ്പിച്ച ഇൻസ്‌പെക്ഷൻ ബംഗ്ലാവ് പ്രവർത്തന രഹിതമല്ല. ഇപ്പോൾ ഇവിടെ ഏതാനും ഏറുമാടങ്ങൾ മാത്രമാണ് ഉള്ളതെന്ന് പറയപ്പെടുന്നു. ഉദ്യാനങ്ങളില്ല. ചാരുബഞ്ചുകളില്ല. താമസസൗകര്യങ്ങളുമില്ല. മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒന്നുംതന്നെ ഇല്ല. ഡാമിന്റെ പരിസരങ്ങളിൽ മൂക്കുപൊത്തിവേണം വിനോദസഞ്ചാരികൾക്ക് കടന്നുപോകാൻ.

അതേസമയം കോടികൾ പൂത്തിരിപോലെ കത്തിച്ചുകൊണ്ട് ഇവിടെ ഇപ്പോഴും അനാവശ്യ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുത് കാണാം. അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും നാറുന്ന സംഭരണി കൂടിയാണ് ഈ ജലസംഭരണിയെന്ന് ഇവിടെ പണിയെടുക്കുന്ന ജോലിക്കാരും കരാറുകാരും രഹസ്യമായി സമ്മതിക്കുന്നുണ്ട്. പരസ്യമായി അതൊക്കെ സമ്മതിച്ചാൽ പിന്നെ എല്ലാവരുടേയും കഞ്ഞികുടി മുട്ടും. അതാണത്രേ ചിമ്മിണി ഡാമിന്റെ ചരിത്രം. എന്നിരുന്നാലും തൃശൂർ ജില്ലയിലെ കൃഷിഭൂമികൾക്ക് കുളിരും ജില്ലക്ക് ആവശ്യമായ വൈദ്യുതിയും ചെറിയ തോതിലെങ്കിലും ലഭ്യമാകുന്നുണ്ടെന്ന ആനുകൂല്യത്തിൽ നമുക്ക് അതെല്ലാം തൽക്കാലത്തേക്ക് പൊറുക്കാമെന്നെയുള്ളൂ. ഈ ആനുകൂല്യത്തിന്റെ മറവിൽ തന്നെയാന്ന് ചിമ്മിണി അഴിമതിയിൽ പ്രകാശിക്കുന്നത്.