ന്യൂഡൽഹി: ഇന്ത്യയുടെ ഒരു സംസ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തിയാൽ അതിലെന്തിനാണ് ചൈന രോഷം കൊള്ളുന്നത്? അരുണാചൽ പ്രദേശ് ഇന്ത്യൻ സംസ്ഥാനമായിട്ടും അവിടെ ഇന്ത്യൻ പ്രധാന മന്ത്രി സന്ദർശനം നടത്തുന്നതിനെ ചൈന എതിർക്കുന്ന വ്യവസ്ഥയാണ് ആർക്കും മനസ്സിലാവാത്തത്.

ചൈനയുടെ എതിർപ്പു തള്ളി മോദി വ്യാഴാഴ്ച അരുണാചൽ സന്ദർശിച്ചിരുന്നു. പ്രധാന മന്ത്രിയുടെ സന്ദർശനത്തെ എതിർത്ത ചൈനയ്ക്ക് തക്ക മറുപടിയുമായാണ് ഇന്ത്യ രംഗത്ത് എത്തിയത്. അരുണാചൽ ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ജനപ്രതിനിധികൾക്കും ജനങ്ങൾക്കുമാണ് അവിടെ പോകാൻ അവകാശമെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ അരുണാചൽ ടിബറ്റിന്റെ ഭാഗമാണെന്ന വാദത്തിൽ കടിച്ചു തൂങ്ങുകയാണ് ചൈന. അരുണാചൽ ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കാനും ഇവർ തയ്യാറല്ല. മോദിയുടെ അരുണാചൽ സന്ദർശനത്തെ എതിർത്ത ചൈന ഇന്ത്യൻ നേതാക്കളുടെ സന്ദർശനം അതിർത്തിയിലെ പ്രശ്‌നം രൂക്ഷമാക്കുകയേ ഉള്ളൂ എന്നാണ് അഭിപ്രായപ്പെട്ടത്. ഇവിടേക്കുള്ള ഇന്ത്യൻ നേതാക്കളുടെ സന്ദർശനത്തെ എന്നും എതിർക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞിരുന്നു.

അരുണാചലിൽ ഇന്ത്യൻ ഭരണാധികാരികളുടെ സന്ദർശനങ്ങളെ ചൈന എതിർക്കുന്നതു പതിവാണ്. നവംബറിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമനും ഡിസംബറിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദും സന്ദർശിച്ചപ്പോൾ രൂക്ഷപ്രതികരണവുമായി ചൈന രംഗത്തുവന്നിരുന്നു. 3,488 കിലോമീറ്റർ വരുന്ന മേഖലയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നത്.