ഭൂട്ടാനിലെ ദോഖ്‌ലാമിൽനിന്ന് ചൈന പിന്മാറിയത് താൽക്കാലികമായ നീക്കം മാത്രമായിരുന്നോ? സിക്കിം-ഭൂട്ടാൻ-ടിബറ്റ് ട്രൈജങ്ഷനിൽ റോഡ് നിർമ്മിച്ചതും ഇന്ത്യൻ സേന അതിനെ ശക്തമായി എതിർത്തതും രണ്ടുമാസത്തിലേറെ നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ ചൈന പിന്മാറിയതും വീണ്ടും തിരിച്ചടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നോ എന്ന സംശയം ഇപ്പോൾ വീണ്ടും ശക്തമായി. ദോഖ്‌ലാമിൽവീണ്ടും ഇടപെട്ടതിലൂടെ ഇന്ത്യൻ സേനയെ ചൈന വഞ്ചിക്കുകയായിരുന്നുവെന്ന് ബോധ്യമായി.

ദോഖ്‌ലാമിലെ ഇന്ത്യൻ സൈന്യത്തിന്റെ പോസ്റ്റിനുചുറ്റും റോഡ് നിർമ്മിക്കാനാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 1.3 കിലോമീറ്റർ നീളത്തിൽ റോഡും നാലുകിലോമീറ്റർ അകലെ കമ്യൂണിക്കേഷൻ ട്രെഞ്ചും നിർമ്മിച്ച് ചൈന വീണ്ടും മേഖലയിൽ സംഘർഷം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. പുതിയ റോഡിലൂടെ ചൈനീസ് സേനയ്ക്ക് തെക്കൻ ദോഖ്‌ലാമിലെ ജംഫേരി റിഡ്ജിലേക്ക് എളുപ്പമെത്താനാവും.

കഴിഞ്ഞവർഷം 73 ദിവസം നീണ്ട സംഘർഷത്തിനൊടുവിലാണ് ദോഖ്‌ലാമിൽനിന്ന് ചൈനീസ് സൈന്യം പിന്മാറിയത്. പുതിയ ഇടപെടലിനെക്കുറിച്ച് ഇന്ത്യൻ സൈന്യം ഇതേവരെ പ്രതികരിച്ചിട്ടില്ലെങ്കിലും സിലിഗുഡി കോറിഡോറിലേക്കുള്ള എളുപ്പവഴിയായ ജംഫേരി റിഡജിലെ ചൈനീസ് ഇടപെടലിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് റിപ്പോർട്ടുകൾ. ചൈനയും ഭൂട്ടാനും അവകാശവാദമുന്നയിക്കുന്ന മേഖലയാണ് ദോഖ്‌ലാം.

ദോഖ്‌ലാമിൽ ചൈനീസ് സേന പട്രോളിങ് നടത്തുന്നതിനെ ഇന്ത്യ ഒരുകാലത്തും എതിർത്തിരുന്നില്ല.എന്നാൽ, ജംഫേരി റിഡജിലേക്ക് റോഡ് നിർമ്മിക്കുക വഴി ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞ ജൂണിൽ ചൈനീസ് സൈന്യം ശ്രമിച്ചതോടെയാണ് ഇന്ത്യ പ്രതികരിച്ചത്. ദോഖ്‌ലാ പോസ്റ്റിലെ ഇന്ത്യൻ സേന രംഗത്തിറങ്ങുകയും ചൈനീസ് സേനയുടെ നിർമ്മാണ സാമഗ്രികൾ പിടിച്ചെടുക്കുകയും ചെയ്തു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനുകാരണമായി. 73 ദിവസമാണ് സേനകൾ മുഖാമുഖം നിന്നത്.

നയതന്ത്ര ചർച്ചയിലൂട ഓഗസ്റ്റ് 28-ന് സംഘർഷത്തിന് അയവുവന്നെങ്കിലും, ചൈനീസ് സൈന്യം പൂർണമായും മേഖലയിൽനിന്ന് പിന്മാറിയിരുന്നില്ല. വടക്കൻ ദോഖ്‌ലാമിൽ ശൈത്യകാലത്തുടനീളം 1600-ഓളം സൈനികരെ ചൈന വിന്യസിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ശൈത്യകാലത്ത് ഇവിടെ സൈനിക സാന്നിധ്യം ചൈന ഉറപ്പാക്കുന്നത്. മേഖലയിൽ ചൈന വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ അടുത്തിടെ പാർലമെന്റിൽ പ്രസ്താവന നടത്തിയിരുന്നു.