പുതിയ യുദ്ധതന്ത്രമായ ആളില്ലാ വിമാനങ്ങളിൽ, ലോകത്തെ മറ്റ് വൻശക്തികളെ ഞെട്ടിച്ചിരിക്കുകയാണ് ചൈന. സിഎച്ച്-5 എന്ന ലോകത്തെ ഏറ്റവും നവീനമായ ഡ്രോണാണ് ചൈനീസ് സൈന്യത്തിന്റെ ഏറ്റവും പുതിയ കൈമുതൽ. ചൈനയിലെ ഷുഹായിയിൽ നടന്ന അന്താരാഷ്ട്ര വ്യോമ പ്രദർശനത്തിലാണ് ലോകത്തെ ഏറ്റവും ശക്തമായ ആളില്ലാ വിമാനമെന്ന പെരുമയോടെ സിഎച്ച്-5 അവതരിപ്പിച്ചത്.

മറ്റേതൊരു ഡ്രോണിനെക്കാളും ദൂരത്തിൽ പറക്കാൻ ശേഷിയുള്ളതാണ് സിഎച്ച്-5. തുടർച്ചയായി രണ്ടുദിവസം പറക്കാൻ ശേഷിയുള്ള ഈ ഡ്രോണിന്റെ പരിധി 20,000 കിലോമീറ്ററാണ്. യുദ്ധമുഖത്ത് റഡാറുകളെ വെട്ടിച്ച് പറക്കാനും ബോംബാക്രമണം നടത്താനും ഇതിന് ശേഷിയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.

ആയുധ വിൽപനയിലും സിഎച്ച്-5 മറ്റ് പ്രമുഖ രാജ്യങ്ങളെ പിന്തള്ളുമെന്നാണ് സൂചന. ഇതിനകം തന്നെ ഒട്ടേറെ രാജ്യങ്ങൾ സിഎച്ച്-5 വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായി വിമാനത്തിന്റെ ചീഫ് ഡിസൈനർ ഷി വെൻ പറഞ്ഞു. അന്താരാഷ്ട്ര വ്യോമ പ്രദർശനത്തിൽ ചൈന അവതരിപ്പിക്കുന്ന രണ്ടാമത്തെ വിസ്മയമാണ് സിഎച്ച്-5.

കഴിഞ്ഞദിവസം 67 അടി നീളമുള്ള സൂപ്പർ സ്‌പൈ വിമാനത്തെയും ഇതേ വേദിയിൽ ചൈന അവതരിപ്പിച്ചിരുന്നു. മണിക്കൂറിൽ 1600 കിലോമീറ്ററിലേറെ വേഗത്തിൽ പറക്കാൻ കഴിവുള്ള ചാരവിമാനമാണിത്. രണ്ട് ജെറ്റ് എൻജിനുകളുടെ സഹായത്തോടെ പറക്കുന്ന ജെ-20 എന്ന വിമാനം 2018 ഓടെ പൂർത്തിയാവും. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വ്യോമസേന വിഭാഗമാണ് ഈ വിമാനം അവതരിപ്പിച്ചത്. അമേരിക്കയുടെ യുഎസ് എഫ്-22 വിമാനത്തിനുള്ള ചൈനീസ് മറുപടിയായാണ് ജെ-20 വിമാനത്തെ ഈ മേഖലയിലുള്ളവർ വിലയിരുത്തുന്നത്.