ന്യൂഡൽഹി: സിക്കിം അതിർത്തിത്തർക്കത്തിൽ ഇന്ത്യയെ വെല്ലുവിളിച്ച് വീണ്ടും ചൈന. ദോക് മേഖലയിൽ നിന്ന് ഇനിയും സേനയെ പിൻവലിക്കാൻ ഇന്ത്യ തയാറായില്ലെങ്കിൽ യുദ്ധമെന്ന മാർഗം ഞങ്ങൾക്ക് സ്വീകരിക്കേണ്ടി വരുമെന്ന് ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്‌ളോബൽ ടൈംസ്.നയതന്ത്ര തലത്തിൽ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ കഴിയില്ലെന്നും ഗ്ലോബൽ ടൈംസിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

ഇതു സംബന്ധിച്ച് വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവനയെയും ചൈനീസ് മാധ്യമം നിമർശിച്ചു.ട്രൈ ജംക്ഷൻ പോയിന്റിലെ ചൈനയുടെ റോഡു നിർമ്മാണം രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്നതിനാലാണ് ഇന്ത്യ സേനയെ വിന്യസിച്ചതെന്നാണ് സുഷമ സ്വരാജ് പാർലമെന്റിൽ പറഞ്ഞത്. ഇരുരാജ്യങ്ങളുടെയും സേനകൾ മേഖലയിൽനിന്നു പിന്മാറിയാൽ ചർച്ച നടത്താമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ പാർലമെന്റ് അംഗങ്ങളോട് സുഷമ കള്ളം പറയുക ആണെന്നാണ് ഗ്ലോബൽ ടൈംസിന്റെ വിമർശനം. ഇന്ത്യയാണ് ചൈനയുടെ പ്രദേശത്തേക്കു കടന്നുകയറ്റം നടത്തിയത്. അവരുടെ ഈ നീക്കം ലോകരാജ്യങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ സൈനിക ബലം ചൈനയുടേതിൽനിന്നു വളരെ പിന്നിലാണ്. പ്രശ്‌നം സൈനിക തലത്തിലേക്ക് നീങ്ങിയാൽ ഇന്ത്യ പരാജയപ്പെടുമെന്നും ഉറപ്പാണ് ഗ്ലോബൽ ടൈംസ് കുറിക്കുന്നു.

തുടർച്ചയായി നിലപാടു മാറ്റുന്നത് ഇന്ത്യ ആശങ്കയിലാണെന്നതിനു തെളിവാണ്. ഇന്ത്യ ഇപ്പോഴും ഏറ്റുമുട്ടലിന്റെ തലത്തിലാണ് കാര്യങ്ങൾ വിലയിരുത്തുന്നത്. സംഘർഷം മറ്റിടങ്ങളിലേക്കു വ്യാപിക്കുന്നതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കാൻ അവർ തയാറാകണം. എന്നാൽ സമാധാനമാണ് ചൈന ആവശ്യപ്പെടുന്നത്. ഞങ്ങളുടെ സ്ഥലം വിട്ടുനൽകിക്കൊണ്ടുള്ള ഒരു സമാധാനവും ഞങ്ങൾക്ക് ആവശ്യമില്ല. 1.4 ബില്യൺ വരുന്ന ചൈനീസ് ജനതയും ഇതൊരിക്കലും ആഗ്രഹിക്കുന്നില്ല മുഖപ്രസംഗത്തിൽ പറയുന്നു.

ജൂൺ 16ന് ദോക് ലായിൽ ചൈനീസ് സേന നടത്തുന്ന റോഡ് നിർമ്മാണം ഇന്ത്യൻ സേന തടഞ്ഞതോടെയാണ് ഇവിടെ തർക്കം ഉടലെടുത്തത്. അന്നുമുതൽ ഇരുസേനകളും നേർക്കുനേർ നിൽക്കുന്ന സംഘർഷ സ്ഥിതിയാണ്. തന്ത്രപ്രധാനമായ ദോക് ലാ മേഖലയിൽ റോഡ് നിർമ്മിക്കുന്നത് ഇന്ത്യയെ ലക്ഷ്യമിട്ടാണെന്നാണു വാദം. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാൽ, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു പൂർണമായി വിഛേദിക്കാൻ വരെ അവർക്കു സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്നാണു റോഡുനിർമ്മാണം തടയാൻ ഇന്ത്യൻ സേന തീരുമാനിച്ചത്.