ബെയ്ജിങ്: ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് സിൻജിയാങ് പ്രവിശ്യ. ഇവിടെ കുഞ്ഞുങ്ങൾക്ക് ഇസ്‌ളാമിക പേരുകൾ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയ ചൈനയുടെ നടപടി വലിയ ചർച്ചയായിരിക്കുകയാണ്. നവജാത ശിശുക്കൾക്ക് സദ്ദാം, ജിഹാദ് തുടങ്ങി നിരവധി മുസ്‌ലിം പേരുകൾ നൽകുന്നതിനാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

ലോക വ്യാപകമായി മുസ്‌ലിം മതക്കാർക്കിടയിൽ പ്രചാരത്തിലുള്ള പേരുകൾക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (എച്ച്ആർഡബ്ല്യൂ) ആരോപിക്കുന്നു. ഭീകരവാദത്തിന്റെ പേരിൽ മതങ്ങൾക്കു മൂക്കുകയറിടാനുള്ള ചൈനീസ് സർക്കാരിന്റെ പുതിയ നീക്കമാണ് ഇതെന്ന് ചർച്ചകൾ സജീവമായിക്കിഴിഞ്ഞു. ഇത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ആക്ഷേപം ഉയരുന്നത്.

ഇസ്‌ലാം, ഖുറാൻ, മക്ക, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന തുടങ്ങിയ പേരുകൾക്കാണ് നിരോധനം. ഇത്തരം പേരുകൾ ഉള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കപ്പെടുമെന്നും ചൈനിസ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ അംഗത്വമുൾപ്പെടെ സർക്കാർ ആനൂകൂല്യങ്ങളൊന്നും ഈ പേരുകളിലുള്ള കുട്ടികൾക്ക് ലഭിക്കില്ല.

സ്വതന്ത്ര രാജ്യം വേണമെന്ന് ആവശ്യപ്പെട്ട് ചൈനയിൽ സ്ഥിരം പ്രക്ഷോഭം നടക്കുന്ന സ്ഥലമാണ് മുസ്‌ലിം ഭൂരിപക്ഷ മേഖലയായ സിൻജിയാങ് പ്രവിശ്യ. ഇവിടെ വർധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കു തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കുട്ടികൾക്ക് മുസ്‌ലിം പേരുകൾ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം.

സിൻജിയാങ് പ്രവിശ്യയിൽ സ്വതന്ത്രരാജ്യത്തിനായി പ്രക്ഷോഭം നടത്തുന്ന ഈസ്റ്റ് ടർക്കിസ്ഥാൻ ഇസ്ലാമിക് മൂവ്മെന്റിന്റെ പ്രവർത്തകർ വ്യാപകമായി സിറിയിലേക്കു കടന്ന് ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളോടൊപ്പം ചേരുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.

2011 മാർച്ചിൽ സിറിയയിൽ ആഭ്യന്തര യുദ്ധം ആരംഭിച്ചതുമുതൽ ഒട്ടേറെ ചൈനക്കാർ ഇവിടേക്ക് എത്തുന്നതായാണ് കണക്ക്. ഈസ്റ്റ് ടർക്കിസ്ഥാൻ ഇസ്ലാമിക് മൂവ്മെന്റ്, ഐഎസ്, അൽ ഖായിദ എന്നിവർക്കൊപ്പം ചേർന്ന് സിറിയൻ ഭരണകൂടത്തിനെതിരെ പോരാടുകയാണ് ഇവർ െചയ്യുന്നത്. സിറിയയിൽ യുദ്ധം ചെയ്യാനായി പോകുന്നവർ പിന്നീട് നാട്ടിൽ മടങ്ങിയെത്തി സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും, ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നുമാണ് ചൈനീസ് അധികൃതരുടെ ഭയം.