ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇറക്കി ചൈനയുടെ പ്രകോപനം. ടിബറ്റൻ അതിർത്തിയിൽ ചൈനീസ് യുദ്ധവിമാനം ഇറങ്ങിയതോടെ ഇന്ത്യ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. കുറേക്കാലമായി ടിബറ്റൻ- അരുണാചൽ അതിർത്തികളിൽ ഇന്ത്യയും ചൈനയും വലിയ സൈനിക നീക്കങ്ങൾ നടത്തിവരികയാണ്. ഇതിനിടെയാണ് അതിർത്തിയിൽ ചൈന 11 യുദ്ധ വിമാനങ്ങളും 22 ഹെലികോപ്റ്ററുകളും ഇറക്കിയതായ വിവരങ്ങൾ പുറത്തുവരുന്നത്. അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

നാല് ചൈനീസ് മിലിട്ടറി എയർക്രാഫ്റ്റുകൾ തിബറ്റൻ മേഖലയിൽ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ മാസം 21ന് ചൈനയുടെ ഔദ്യോഗിക മിലിട്ടറി വെബ്‌സൈറ്റ് തന്നെ പുറത്തുവിട്ടത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കൂടുതൽ വിമാനങ്ങൾ ഈ മേഖലയിൽ എത്തിയതായി വിവരം പുറത്തുവരുന്നതും ചർച്ചയാവുന്നതും. എന്നാൽ ഇതുവരെ ഇരു രാജ്യങ്ങളും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മാസം ഗ്‌ളോബൽ ടൈംസിൽ വന്ന റിപ്പോർട്ടിൽ ചൈനീസ് മിലിട്ടറി വെബ്‌സൈറ്റ് ഇത്തരത്തിൽ ടിബറ്റൻ മേഖലയിൽ ചൈനീസ് വിമാനങ്ങളുടെ പരിശീലനം സംബന്ധിച്ച റിപ്പോർട്ട് വന്നിരുന്നു. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ജെ-10, ജെ-11 വിമാനങ്ങൾ ഇറങ്ങിയതായാണ് വിവരം.

ഹിമാലയൻ മലനിരകളിലെ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ-ടിബറ്റ്-ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശത്ത് ഏറെക്കാലമായി സംഘർഷാവസ്ഥയാണ്. ചൈന ഡോങ്‌ലാങ് എന്നഉം ഭൂട്ടാൻ ഡോകോലാ എന്നും ആണ് ഈ പ്രദേശത്തെ വിളിക്കുന്നത്. ഇന്ത്യ ഡോക്ലാം എന്നും ഇവിടെ ചൈന നിരന്തരം അസ്വാഭാവിക സൈനിക ഇടപെടലുകൾ നടത്താറുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിമാന വിന്യാസമെന്നാണ് വിലയിരുത്തൽ. അറുപത് വർഷത്തിലേറെക്കാലമായി നിലനിൽക്കുന്ന പ്രശ്‌നമാണിത്.

ചൈനീസ് നടപടി വലിയ വിമർശനത്തിന് കാരണമാകുകയും ചെയ്തിരുന്നു. ടിബറ്റൻ മേഖലയിൽ പരമാധികാരം ഉറപ്പിക്കാനുള്ള ചൈനയുടെ പുതിയ നീക്കമെന്ന നിലയിൽ വിമാനങ്ങൾ ഇറക്കിയതിനെതിരെ ഇന്ത്യ പ്രതിരോധവുമായി വരുമെന്ന വിലയിരുത്തലുകളും വരുന്നു. ടിബറ്റിലെ കൈലാസ് - മാനസ സരോവർ ദർശനത്തിന് നാഥുല പാസ് കഴിഞ്ഞവർഷം ജൂണിൽ ചൈന അടച്ചിരുന്നു. ഇന്ത്യൻ അതിർത്തി സംസ്ഥാനമായ സിക്കിമിന്റെ തലസ്ഥാനമായ ടാങ്‌ടോക്കിൽ നിന്ന് 54 കിലോമീറ്റർ മാത്രം അകലെയാണ് നാഥുല.

ഇവിടെ നിന്ന് ഏതാണ്ട് മുപ്പത് കിലോമീറ്റർ മാറിയാണ് ഇന്ത്യയും ഭൂട്ടാനും തിബറ്റും ചേരുന്ന ത്രിരാഷ്ട്ര അതിർത്തി മേഖലയായ ഡോക്ലാം. ഇവിടം കേന്ദ്രീകരിച്ച് സൈനികശേഷി കൂട്ടുകയും കൂടുതൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ചൈന എത്തിച്ചുവെന്ന വിവരം ആണ് ഇപ്പോൾ പുറത്തുവരുന്നത്. ഡോക്ലാം മേഖളയിൽ ചൈനയും ഭൂട്ടാനും ഒരുപോലെ അവകാശം ഉ്‌നയിക്കുന്ന പ്രദേശത്ത് ചൈന റോഡ് നിർമ്മാണം നടത്തിയതോടെയാണ് അടുത്തിടെ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കിയത്.

ചൈനീസ് പട്ടാളം റോഡ് നിർമ്മാണത്തിന് എത്തിയതോടെ ഭൂ്ട്ടാൻ ഇന്ത്യയുടെ സഹായം തേടി. ഇന്ത്യ വിഷയത്തിൽ ഇടപെട്ടു. എന്നാൽ തങ്ങളുടെ അധികാര പരിധിയിലുള്ള കാര്യമാണിതെന്ന് ചൈന പ്രതികരിച്ചു. ഇന്ത്യ ഇക്കാര്യത്തിൽ കൂടുതൽ ഇടപെടേണ്ടെന്ന നിലപാടും ചൈന സ്വീകരിച്ചു.

ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുകയും ചെയ്തു. ഇവിടെ ചൈന റോഡ് നിർമ്മിക്കുന്നത് ഇന്ത്യക്കും ഭീഷണിയാണെന്ന വാദം ഉയർത്തിയാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കൻ മേഖലയിലേക്ക് ചൈനീസ് പട്ടാളത്തിന് എളുപ്പം കയന്നുകയറാമെന്ന സ്ഥിതി വരും എന്നതുതന്നെ ഇന്ത്യ ഇതിനെ എതിർക്കുന്നതിന് കാരണം.

ഇതോടെ അന്ന് സൈനിക നടപടിയിലേക്ക് നീങ്ങി പ്രശ്‌നം വഷളാക്കാതെ പട്ടാളക്കാർ നിരന്നുനിന്ന് മനുഷ്യമതിൽ തീർത്താണ് ചൈനയെ ഇന്ത്യ തടഞ്ഞത്. സൈനികർതമ്മിൽ ഉന്തുംതള്ളിലേക്ക് കാര്യങ്ങളെത്തി. ആഗോളതലത്തിൽ വിഷയം ചർച്ചയായി. ഇതോടെ ചൈന പിന്മാറി. പിന്നാലെ ഇന്ത്യയും. ഇതിന് ശേഷം ഇപ്പോൾ വീണ്ടും വലിയതോതിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തിച്ചതോടെ അറുപതുകളിലെ ഇന്ത്യാ-ചൈന യുദ്ധസമാന സാഹചര്യം സൃഷ്ടിക്കപ്പെടുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

മുമ്പ് പ്രകോപനം ചൈനയുടെ ഭാഗത്തുനിന്ന് ഉയർത്തിയപ്പോൾ 62ലെ ഇന്ത്യയല്ല ഇപ്പോഴെന്ന് അരുൺ ജെയറ്റ്‌ലി പ്രതികരിച്ചതും ചർച്ചയായിരുന്നു. അന്നത്തെ ചൈനയല്ല ഇന്നെന്ന് ഇന്ത്യയും ഓർക്കണമെന്നും അന്ന് പരാജയം നേരിട്ടത് ഇന്ത്യക്കാണെന്നും ഓർമ്മപ്പെടുത്തിയായിരുന്നു ചൈനയുടെ പ്രതികരണം.ചൈനയും -ഭൂട്ടാനുമായുള്ള കരാറിന്റെ ലംഘനമാണ് ചൈന റോഡ് നിർമ്മാണത്തിലൂടെ നടത്തുന്നതെന്ന നിലപാട് ഭൂട്ടാൻ സ്വീകരിക്കുന്നത് ഇന്ത്യക്ക് സഹായകമാണുതാനും.