ബെയ്ജിങ്: കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ പിന്താങ്ങുമെന്ന മാദ്ധ്യമവാർത്തകൾ ചൈന തള്ളി. കശ്മീരടക്കമുള്ള പ്രശ്‌നങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും ചർച്ചചെയ്ത് പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചൈന വ്യക്തമാക്കി. വിദേശാക്രമണം ഉണ്ടായാൽ പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ തിരിച്ചടി ഭയന്നാണ് ഇന്ത്യ ഉറി ആക്രമണത്തിന് തിരിച്ചടി നൽകാത്തതെന്ന വിലയിരുത്തലുമെത്തി. ഇതിനിടെയാണ് ചൈന ഔദ്യോോഗികമായി ഇക്കാര്യത്തിൽ നിലപാട് വിശദീകരിക്കുന്നത്.

ഏതെങ്കിലും വിദേശരാജ്യം പാക്കിസ്ഥാനെ ആക്രമിക്കാൻ തുനിഞ്ഞാൽ സഹായിക്കുമെന്ന് ചൈനയുടെ പാക് കൗൺസിൽ ജനറൽ യു ബോറാൻ ലാഹോറിൽ പറഞ്ഞതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. എന്നാൽ, യു ബോറാൻ ഇങ്ങനെ പറഞ്ഞതായി അറിവില്ലെന്ന് ചൈനാ വിദേശകാര്യ മന്ത്രാലയ വക്താവായ ഗെങ് ഷുവാങ് പ്രതികരിച്ചു. കശ്മീർ വിഷയത്തിൽ ചൈനയുടെ നയം വ്യക്തമാണ് ഷുവാങ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ടിരുന്നു. അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യക്ക് പരസ്യ പിന്തുണ നൽകി. ബലൂചിസ്ഥാന് വിഷയവും യുഎൻ ഗൗരവത്തോടെ പരിഗണിക്കുന്നു. കാശ്മീരിലെ പാക് അവകാശ വാദങ്ങൾ യുഎൻ തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചൈന തങ്ങളുടെ നിലപാട് വിശദീകരിക്കുന്നത്. ഇത് പാക്കിസ്ഥാന് തീർത്തും തിരിച്ചടിയുമാണ്.

കശ്മീർ തർക്കത്തിൽ പാക് നിലപാടിനൊപ്പമാണ് തങ്ങളെന്ന് ചൈന വ്യക്തമാക്കിയതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാക്കിസ്ഥാനെ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങൾക്ക് തിരിച്ചടിയാണിതെന്നും വിലയിരുത്തലുണ്ടായി. ലാഹോറിലെ ചൈനീസ് കൗൺസൽ ജനറൽ യു ബോറൻ പറഞ്ഞതായി പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ ഉണ്ടായിരുന്നത്. കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനോടൊപ്പം നിന്ന് പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കും. കശ്മീരിലെ നിരായുധരായ ജനതയ്ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ നീതികരിക്കാനാകുന്നതല്ലെന്നും കശ്മീർ ജനത ആഗ്രഹിക്കുന്ന തരത്തിലുള്ള തർക്ക പരിഹാരം ആണ് ഉണ്ടാകേണ്ടതെന്നും ചൈന വ്യക്തമാക്കിയതായിരുന്നു പാക് അവകാശ വാദം.

ഇതിനിടെയാണ് വിഷയത്തിൽ, ഇന്ത്യയും പാക്കിസ്ഥാനും ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും ചൈന നിർദ്ദേശിക്കുന്നത്. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സുഹൃത്ത് എന്ന നിലയിൽ കാശ്മീർ പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളേയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും. തെക്കൻ ഏഷ്യൻ മേഖലയിലെ സ്ഥിരതയ്ക്കും സമാധാനത്തിനും വികസനത്തിനുമായി ചർച്ചകൾ തുടരേണ്ടത് ആവശ്യവുമാണ്. ഇക്കാര്യത്തിൽ ചൈനയുടെ നിലപാട് വ്യക്തമാണ് ഷുവാംഗ് പറഞ്ഞു. യു.എൻ പൊതുസഭയുടെ യോഗത്തിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും ചൈനീസ് പ്രധാനമന്ത്രി ലി കെ ക്വിയാംഗും തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും പിന്തുണയ്ക്കുമെന്ന റിപ്പോർട്ടുകളെ സ്ഥിരീകരിക്കാൻ അന്നും ചൈന തയ്യാറായിരുന്നില്ല.

യുഎൻ പൊതുസഭയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കർശന താക്കീത് നൽകിയിരുന്നു. തീഷ്ണമായ വാക്കുകളിലൂടെ പാക് ഭീകരത തുറന്നുകാണിച്ച സുഷമ പാക്കിസ്ഥാൻ കശ്മീർ സ്വപ്‌നം കാണേണ്ടെന്നും വ്യക്തമാക്കി. 'ഭീകര പ്രവർത്തനത്തിലൂടെ കശ്മീർ സ്വന്തമാകുമെന്ന സ്വപ്‌നം അവസാനിപ്പിച്ചോളൂ. കശ്മീർ എക്കാലവും ഭാരതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കും'. മന്ത്രി ആവർത്തിച്ചു. 'ഭീകരത പ്രോത്സാഹിപ്പിക്കുന്നവരും അയൽരാജ്യങ്ങൾക്കെതിരെ ഉപയോഗിക്കുന്നവരും മറുപടി പറയേണ്ടി വരും. മറ്റുള്ളവർക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിക്കുന്നവർ ബലൂചിസ്ഥാനിൽ ഉൾപ്പെടെ സ്വന്തം രാജ്യത്ത് എന്താണ് ചെയ്യുന്നത്'-സുഷമ്മ ചോദിച്ചിരുന്നു.

ഇന്ത്യയുടെ കസ്റ്റഡിയിലുള്ള പാക് ഭീകരനായ അലി ശബ്ദിക്കുന്ന തെളിവാണ്. ആരാണ് ഭീകരരെ സംരക്ഷിക്കുന്നതെന്ന് ലോകത്തിനറിയാം. ആരാണ് ധനസഹായവും ആയുധവും നൽകുന്നതെന്നും. ഇതേ ചോദ്യം അഫ്ഗാനിസ്ഥാനും ഇവിടെ ഉന്നയിക്കുകയുണ്ടായി. ഭീകരർക്ക് ആയുധഫാക്ടറികളോ ബാങ്കുകളോ ഇല്ല. പിന്നെ എങ്ങനെയാണ് അവർക്ക് ആയുധങ്ങളും പണവും ലഭിക്കുന്നത്. ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും സുഷമ്മ ആവശ്യപ്പെട്ടു. ഈ ആഹ്വാനത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ വലിയ പിന്തുണ കിട്ടി. ഈ സാഹചര്യത്തിലാണ് പാക് വിഷയത്തിൽ ചൈന നിലപാട് മയപ്പെടുത്തുന്നത്.

യുഎൻ സമ്മേളനത്തിൽ ലോക രാഷ്ട്രങ്ങൾ മുഴുവൻ പാക്കിസ്ഥാന് എതിരായതോടെ നിലപാട് മയപ്പെടുത്താൻ ചൈന നിർബന്ധിതരായി എന്നാണ് സൂചന. അന്താരാഷ്ട്ര സമൂഹം മുഴുവൻ പാക് വിരുദ്ധ നിലപാട് സ്വീകരിച്ചതോടെ പിന്തുണ നീട്ടി വെയ്ക്കാനാണ് ചൈനയുടെ തീരുമാനം. കാശ്മീർ പ്രശ്‌നത്തിൽ ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന വാദത്തോടെ എത്തിയ പാക്കിസ്ഥാൻ യുഎന്നിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. കാശ്മീർ പ്രശ്‌നം ഉന്നയിച്ച് യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിന് നവാസ് ഷെരീഫ് നൽകിയ കത്ത് യുഎൻ പരിഗണിച്ചില്ല. പൊതുസഭയിൽ നടത്തിയ പ്രസംഗങ്ങളിൽ പല അന്താരാഷ്ട്ര പ്രശ്‌നങ്ങളും ഉന്നയിച്ചെങ്കിലും കാശ്മീർ പ്രശ്‌നത്തിൽ നിശബ്ദത പാലിച്ചതും പാക്കിസ്ഥാന് വൻ തിരിച്ചടിയായി.

ഉറിയിൽ തീവ്രവാദ ആക്രമണം നടത്തിയതോടെ ലോക രാഷ്ട്രങ്ങൾ പാക്കിസ്ഥാനെതിരായുള്ള നിലപാട് കടുപ്പിച്ചു. ലോക രാഷ്ട്രങ്ങൾക്കിടയിൽ പാകിസഥാനെ ഒറ്റപ്പെടുത്തുക എന്ന ഇന്ത്യയുടെ ലക്ഷ്യവും വിജയം കണ്ടു. തീവ്രവാദികളെ പാക് തീറ്റിപ്പോറ്റുകയാണ് എന്ന് അഫ്ഗാനിസ്ഥാൻ പരസ്യമായി പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം എന്ന് അമേരിക്കയും ആവശ്യപ്പെട്ടു. ഇതിനു പുറമേ പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള നടപടികളിലാണ് അമേരിക്ക. ഉറി ഭീകരാക്രമണത്തോടെയാണ് പാക്കിസ്ഥാനെതിരെ മറ്റ് രാഷ്ട്രങ്ങൾ പരസ്യമായി രംഗത്തെത്തിയത്.