ബെയ്ജിങ്: 'ചൈനയുടെ വ്യാളിയും ഇന്ത്യയുടെ ആനയും പോരാടുകയല്ല, ഒരുമിച്ചു നൃത്തം ചെയ്യുകയാണു വേണ്ടത്' പറയുന്നത് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. 'ഇന്ത്യയും ചൈനയും ഒന്നിച്ചാൽ ഒന്നും ഒന്നും രണ്ട് അല്ല, 11 ആണ്. രാഷ്ട്രീയമായ വിശ്വാസമുണ്ടെങ്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ തടയാൻ ഹിമാലയത്തിനു പോലുമാകില്ല.'-ഇത് കേട്ട് ഞെട്ടിയത് ചൈനീസ് മാധ്യമ പ്രവർത്തകരാണ്. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടുലുകളാണ് ചൈനയെ ഇന്ത്യയോട് അടുപ്പിക്കുന്നത്. ചൈനീസ് പാർലമെന്റായ നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ സമ്മേളനത്തിനിടെ നടത്തിയ പത്രസമ്മേളനത്തിലാണു ചൈനീസ് വിദേശകാര്യമന്ത്രി പുതിയ സൂചനകൾ നൽകിയത്.

'ഇന്ത്യയും ചൈനയും പരസ്പരം സംശയം വച്ചുപുലർത്താതെ, അഭിപ്രായഭിന്നതകൾ പറഞ്ഞു തീർത്തു ബന്ധം മെച്ചപ്പെടുത്തണം' എന്നു ചോദ്യത്തിനു മറുപടിയായി വാങ് യി പറഞ്ഞു. ചൈനയിൽ നിർണായക രാഷ്ട്രീയമാറ്റങ്ങൾ വരാനിരിക്കുന്നതിനു തൊട്ടുമുൻപാണു വിദേശകാര്യമന്ത്രി രണ്ടര മണിക്കൂർ നീണ്ട പത്രസമ്മേളനം നടത്തിയത്. സുഷമാ സ്വരാജുമായി ഊഷ്മളമായ ബന്ധമാണ് ചൈനീസ് വിദേശകാര്യമന്ത്രിക്കുള്ളത്. ഈ സൗഹൃദമാണ് ചൈനയെ വീണ്ടും ഇന്ത്യയോട് അടുക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. ഏഷ്യൻ വൻകരയിൽ പുതിയ സൗഹൃദ കരുത്തായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.

ദോക് ലായിൽ അടക്കം ചൈന നടത്തുന്ന കയ്യേറ്റങ്ങളെക്കുറിച്ച് ഇന്ത്യയിലുള്ള ആശങ്കകളെ സൂചിപ്പിച്ചുകൊണ്ടുള്ള ചോദ്യത്തിനു വാങ്ങിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ഞങ്ങളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുക മാത്രമാണു ചെയ്യുന്നത്. ഇതേസമയം, ഇന്ത്യയുമായുള്ള ബന്ധങ്ങൾ നിലനിർത്താൻ പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുന്നു. ഭാവിബന്ധങ്ങൾക്ക് തന്ത്രപരമായ കാഴ്ചപ്പാട് ഇരുരാജ്യങ്ങളിലെയും നേതാക്കൾ രൂപപ്പെടുത്തിയിട്ടുണ്ട്.' ഇരുരാജ്യങ്ങളും ജനങ്ങളും അവിശ്വാസം വച്ചുപുലർത്താതെ ഒരുമിച്ചു നിൽക്കണം എന്നതിൽ പ്രത്യേകം ഊന്നൽ നൽകിയ വാങ്, ഇതേസമയം, ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവർ ഒരുമിച്ചു ചേർന്നുള്ള ഇന്ത്യപസഫിക് സഖ്യതന്ത്രത്തെ തള്ളിപ്പറഞ്ഞു.

ചൈനയുടെ സ്വപ്നമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്കു പുതിയ സഖ്യം ഭീഷണിയാകുമോ എന്ന ചോദ്യത്തിന്, 'കടലിലെ പത പോലെയാണ് അതൊക്കെ' എന്നായിരുന്നു മറുപടി. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുമായി ഗതാഗതവും സഹകരണവും ഉറപ്പാക്കാനുള്ള ഷി ചിൻപിങ്ങിന്റെ പ്രിയ പദ്ധതിയാണു ബെൽറ്റ് ആൻഡ് റോഡ് പദ്ധതി. ഇന്ത്യ എതിർക്കുന്ന 'ചൈന പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി ഇതിന്റെ ഭാഗമാണ്.

പ്രസിഡന്റ് ഷി ചിൻപിങ്ങിന് കാലപരിധിയില്ലാതെ പ്രസിഡന്റ് സ്ഥാനത്തിരിക്കാൻ അവസരം നൽകുന്നതടക്കമുള്ള നിയമപരിഷ്‌കാരങ്ങളാണു ചൈനയിൽ വരുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രപദവിയായ സ്റ്റേറ്റ് കൗൺസിലർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാളാണു വാങ് യി എന്നതുകൊണ്ടു കൂടി അദ്ദേഹത്തിന്റെ നിലപാടുകൾക്കു സവിശേഷ പ്രാധാന്യമുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറിയ വാങ് ഇത്തവണ ചോദ്യങ്ങൾ സ്വീകരിക്കാൻ തയാറാവുകയായിരുന്നു.