ബെയ്ജിങ്:സിക്കിം അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈനയുടെ ടാങ്ക് പരീക്ഷണം.ഇന്ത്യൻ അതിർത്തിക്ക് സമീപം ടിബറ്റിലാണ് ചൈന യുദ്ധ ടാങ്കിന്റെ പരീക്ഷണം നടത്തിയത്.

ഇന്ത്യൻ അതിർത്തിക്ക് സമീപം ടിബറ്റിൽ ഭാരം കുറഞ്ഞ യുദ്ധ ടാങ്കിന്റെ പരീക്ഷണം നടത്തിയെന്ന് ചൈനീസ് സൈന്യം അറിയിച്ചു. 35 ടൺ ഭാരമുള്ള ടാങ്ക് വിവിധ തരത്തിലുള്ള നീക്കങ്ങളും മേഖലയിൽ നടത്തി.അതേസമയം പുതിയ നീക്കം ഇന്ത്യയെയോ മറ്റേതെങ്കിലും രാജ്യത്തെയോ ലക്ഷ്യം വച്ചല്ലെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.

അതേ സമയം ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചുവെന്നും ഇവർ പിന്മാറിയാൽ മാത്രമേ ചർച്ചയ്ക്കുള്ളൂവെന്നുവെന്ന നിലപാട് ചൈന ആവർത്തിച്ചു.സൈന്യം പിന്മാറിയാൽ മാത്രമേ ഫലപ്രദമായ രീതിയിൽ ചർച്ച നടക്കൂവെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. നയതന്ത്രതലത്തിൽ വിഷയം ചർച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ നിന്നു കൈലാസ് മാനസസരോവറിലേക്കുള്ള തീർത്ഥാടകരെ നാഥുല ചുരത്തിൽ ചൈന തടഞ്ഞതോടെയാണ് അതിർത്തിയിലെ പ്രശ്‌നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകൾക്ക് ചൈനീസ് സൈനികർ കേടുവരുത്തിയെന്നും ഇരുസൈനികരും അതിർത്തിയിൽ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തിരുന്നു.

എന്നാൽ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇരുരാജ്യങ്ങളും അതിർത്തിയിൽ സേനാ വിന്യാസം ശക്തമാക്കുന്നതായും വിവരമുണ്ട്.അതിനിടെ സിക്കിം അതിർത്തിയിലെ ചൈനയുടെ റോഡ് നിർമ്മാണത്തിനെതിരെ ഭൂട്ടാനും രംഗത്തെത്തി.