ന്യൂഡൽഹി : ചൈനയുടെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഇന്ത്യ.1962ലെ ഇന്ത്യ-ചൈന യുദ്ധചരിത്രം ഓർമിപ്പിക്കാനാണ് ചൈനയുടെ ശ്രമമെങ്കിൽ ഒരു കാര്യം അങ്ങോട്ടു പറയാം. 1962ലെ ഇന്ത്യയും 2017ലെ ഇന്ത്യയും തമ്മിൽ ഒട്ടേറെ വ്യത്യാസമുണ്ട്.പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് ചൈനയുടെ കഴിഞ്ഞ ദിവസത്തെ വിരട്ടലിന് അതേനാണയത്തിൽ മറുപടിയുമായെത്തിയത്. ഇന്ത്യ ടുഡേ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ചൈനയുടെ പ്രകോപനപരമായ പരാമർശത്തോടുള്ള ജയ്റ്റ്‌ലിയുടെ പ്രതികരണം.

ഇന്ത്യ ചരിത്രത്തിൽ നിന്നു പാഠമുൾക്കൊള്ളണമെന്ന മുന്നറിയിപ്പുമായി ചൈനീസ് സേനാ വക്താവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിക്കിം അതിർത്തിയിൽ ഇന്ത്യ നടത്തിയ അതിർത്തി ലംഘനം പരിഹരിക്കാതെ ക്രിയാത്മക ചർച്ചയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്. 1962ലെ യുദ്ധം പരോക്ഷമായി പരാമർശിക്കുന്നതായിരുന്നു ചരിത്രത്തെ കുറിച്ചുള്ള ചൈനയുടെ ഓർമപ്പെടുത്തൽ.

സിക്കിം മേഖലയിലെ ഡോങ്ലാങ്ങിൽ ഇന്ത്യൻ സൈനികർ അതിർത്തി മറികടന്നതായി ആരോപിച്ച ചൈന, ഇന്ത്യൻ സേനാമേധാവിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ചൈന, പാക്കിസ്ഥാൻ എന്നിവയെയും ഇന്ത്യയ്ക്കുള്ളിലെ വിഘടനവാദ ഭീഷണികളെയും ചേർത്ത് ഇന്ത്യ 'രണ്ടര യുദ്ധ'ത്തിനു സജ്ജമാണെന്നു നേരത്തേ കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് പ്രസ്താവിച്ചിരുന്നു. ഇന്ത്യൻ ജനറൽ നിരുത്തരവാദ പ്രസ്താവനകൾ ഒഴിവാക്കി യുദ്ധത്തെക്കുറിച്ചുള്ള സംസാരം നിർത്താൻ ചൈനീസ് സേനാ വക്താവ് കേണൽ വു ക്വാൻ ആവശ്യപ്പെട്ടു.

അതേ സമയം ഭൂട്ടാന്റെ അധീനതയിലുള്ള പ്രദേശത്ത് ചൈന കടന്നുകയറിയതായി ഭൂട്ടാൻ സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും, അതിർത്തിയിലെ റോഡു നിർമ്മാണത്തെ പരാമർശിച്ച് ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഭൂട്ടാൻ സർക്കാരിന്റെ പ്രസ്താവന പുറത്തുവന്നിട്ടുള്ള സാഹചര്യത്തിൽ കാര്യങ്ങൾ വ്യക്തമാണ്. ഇന്ത്യൻ അതിർത്തിയോടു ചേർന്നുള്ള ഭൂട്ടാന്റെ പ്രദേശങ്ങൾക്കു സുരക്ഷയൊരുക്കാൻ ഇന്ത്യയും ഭൂട്ടാൻ സർക്കാരും തമ്മിൽ ധാരണയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂട്ടാൻ സർക്കാർ നേരിട്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിക്കഴിഞ്ഞു. മേഖലയിലെ തൽസ്ഥിതിക്ക് ചൈന വിഘാതം സൃഷ്ടിക്കുകയാണ്. ഇക്കാര്യം ഭൂട്ടാൻ തന്നെ സ്ഥിരീകരിച്ച സ്ഥിതിക്ക് കൂടുതൽ വിശദീകരണങ്ങൾ ആവശ്യമില്ല. മറ്റു രാജ്യങ്ങളുടെ അധീനതയിലുള്ള ഭൂമി കയ്യേറുകയാണ് ചൈന ചെയ്യുന്നത്. ഇത് തികച്ചും തെറ്റായ നടപടിയാണ് ജയ്റ്റ്‌ലി പറഞ്ഞു

അതിർത്തിയോടു ചേർന്നു ചൈന നടത്തിയ റോഡ് നിർമ്മാണം ഇന്ത്യൻ സൈനികർ ഈ മാസമാദ്യം തടഞ്ഞിരുന്നു. നാഥുല ചുരം വഴിയുള്ള മാനസരോവർ തീർത്ഥാടന പാത ചൈന അടച്ചിട്ടാണ് ചൈന സംഭവത്തോടു പ്രതികരിച്ചത്. 47 അംഗ തീർത്ഥാടന സംഘത്തെ തിരിച്ചയക്കുകയും രണ്ടു താൽക്കാലിക ഇന്ത്യൻ സൈനിക ബങ്കറുകൾക്കു കേടുപാടുകളും വരുത്തുകയും ചെയ്തു.

അതിനിടെ സിക്കിം അതിർത്തിയിൽ ചൈനയുടെ നീക്കത്തിൽ ഇന്ത്യക്ക് ഏറെ ഉത്ക്കണ്ഠയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. അതിർത്തിയിലെ ചൈനയുടെ റോഡ്നിർമ്മാണം ചട്ടവിരുദ്ധമാണെന്നും ഇക്കാര്യത്തിൽ ഇന്ത്യക്ക് വലിയ ആശങ്കയും അതൃപ്തിയുമുണ്ടെന്ന് മന്ത്രാലയം ചൈനീസ് സർക്കാരിനെ അറിയിച്ചു.റോഡ് നിർമ്മാണം ഇന്ത്യയുടെ സുരക്ഷക്ക് ഗുരതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ചൈന-ഭൂട്ടാൻ അതിർത്തി തർക്കം നിലനിൽക്കുന്ന ഡോങ്ലാങ് മേഖലയിലാണ് ചൈനീസ് സൈന്യം റോഡ് നിർമ്മിക്കുന്നത്. ഇന്ത്യ, ഭൂട്ടാൻ, ടിബറ്റ് ട്രൈജംഗ്ഷനിൽ വരുന്ന പ്രദേശമാണിത്. നിലവിൽ ഇത് ചൈനയുടെ നിയന്ത്രണത്തിലാണ്. തങ്ങളുടെ പ്രദേശത്ത് റോഡ് നിർമ്മിക്കാനുള്ള ശ്രമത്തിനെതിരെ ഭൂട്ടാനും ചൈനീസ് സർക്കാരിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.ദോഗ് ലാമിൽതർക്കം രൂക്ഷമായതോടെ സിക്കിം അതിർത്തിയിലേക്ക് ഇന്ത്യ കൂടുതൽ സൈനികരെ അയച്ചിട്ടുണ്ട്.