- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌നേഹ വിപ്ലവത്തിലേക്ക്' വഴിമാറാൻ ഒരുങ്ങി ചൈന; പുനർചിന്തനത്തിന് വഴിവെച്ചത് കല്യാണവും കുട്ടികളുടെ ജനനവും കുറഞ്ഞത്; പ്രതിസന്ധി തുടങ്ങിയത് ഒറ്റക്കുട്ടി നയം കർശനമായി നടപ്പാക്കിയതോടെ; പുതിയ നയം 'കല്യാണം കഴിച്ച് സ്‌നേഹിക്കൂ, ജനനസംഖ്യ കൂട്ടൂ'
ബെയ്ജിങ് : വിവാഹത്തിന്റെയും കുട്ടികളുടെയും നിയന്ത്രണം അഭിമാനമായിരുന്നു ചൈനക്കാർക്ക്. പക്ഷെ ഇത്തരം ജീവിതം വിരസമായതോടെ കുട്ടികളുടെ കളിചിരികളില്ലാത്ത അവസ്ഥയോട് വിടപറയാൻ ഒരുങ്ങുകയാണ് ചൈന. പഴയ വിപ്ലവപാതയിൽനിന്ന് 'സ്‌നേഹ വിപ്ലവത്തിലേക്ക്' വഴിമാറാനുള്ള ഒരുക്കത്തിലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി എന്നാണ് റിപ്പോർട്ടുകൾ.രാജ്യത്തു കല്യാണവും കുട്ടികളുടെ ജനനവും തുലോം കുറഞ്ഞതാണ് ഈ പുനർചിന്തനത്തിന് കാരണം.
ഒറ്റക്കുട്ടി നയം കർശനമായി നടപ്പാക്കിയതോടെയാണ് ചൈനയിൽ വിവാഹനിരക്ക് കുത്തനെയിടിഞ്ഞത്. ഇതോടെ ജനനനിരക്കും. ഇങ്ങനെ പോയാൽ രാജ്യത്തിനു സാമ്പത്തിക, സാമൂഹിക പ്രത്യാഘാതം ഉണ്ടാകുമെന്ന തിരിച്ചറിവിൽ 'കല്യാണം കഴിച്ച് സ്‌നേഹിക്കൂ, ജനനസംഖ്യ കൂട്ടൂ' എന്ന നയം സ്വീകരിച്ചിരിക്കുകയാണു ചൈനയെന്നാണു റിപ്പോർട്ട്. യുവജനങ്ങളെ വിവാഹത്തിനു പ്രേരിപ്പിക്കുക മാത്രമല്ല, ദമ്പതികൾ ഒരുമിച്ചു കഴിയണമെന്നും നിർബന്ധിക്കുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ കമ്യൂണിസ്റ്റ് യൂത്ത് ലീഗ് ആണ് ക്യാംപെയ്‌നിനു നേതൃത്വം കൊടുക്കുന്നത്.ഒറ്റത്തടിയായി നിൽക്കുന്നവർക്കു പങ്കാളികളെ കണ്ടെത്താൻ സമൂഹ ഡേറ്റിങ് ഇവന്റുകൾ സംഘടിപ്പിക്കുകയാണു കമ്യൂണിസ്റ്റ് യൂത്ത് ലീഗ്.
രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനായി 1979ലാണ് ഒറ്റക്കുട്ടി നയം നിർബന്ധപൂർവം ചൈന കൊണ്ടുവന്നത്. ഇതോടെ വിവാഹങ്ങളും കുറഞ്ഞു. സിവിൽ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് 1000 പേരിൽ 6.6 ആളുകൾ മാത്രമാണ് വിവാഹിതരാകുന്നത്. തുടർച്ചയായ ആറാം വർഷമാണു വിവാഹനിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്. 2013നെ അപേക്ഷിച്ച് 33 ശതമാനം കുറവാണിത്; 14 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്നതുമാണിത്.
2013ൽ 23.8 ദശലക്ഷം പേരാണു വിവാഹിതരായിരുന്നത്, 2019ൽ ഈ കണക്ക് 13.9 ദശലക്ഷത്തിലേക്കു കൂപ്പുകുത്തി. പതിറ്റാണ്ടുകളോളം തുടർന്ന ഒറ്റക്കുട്ടിനയം 2016ൽ അവസാനിപ്പിച്ചിട്ടും കല്യാണക്കാര്യത്തിൽ ചൈനക്കാർക്കു വലിയ താൽപര്യമില്ലെന്നാണ് ഇതു കാണിക്കുന്നത്. പാരമ്പര്യമായി ആൺകുട്ടികൾക്കാണു ചൈനയിലെ കുടുംബങ്ങൾ പരിഗണന നൽകുന്നത്. ഈ നിലപാടിനെത്തുടർന്ന് ആൺകുട്ടികൾ പെരുകി. ഇപ്പോൾ 30 ദശലക്ഷം പുരുഷന്മാർ പങ്കാളികളെ കിട്ടാതെ വിഷമിക്കുകയാണെന്നും കണക്കുകൾ പറയുന്നു. കല്യാണവും കുട്ടികളുണ്ടാകുന്നതും കുടുംബകാര്യമല്ലെന്നും രാജ്യവ്യവഹാരമാണെന്നും ഉദ്‌ഘോഷിക്കുകയാണ് ഔദ്യോഗിക മാധ്യമം.