- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡു കാരണം ചൈനയിലെ മെഡിക്കൽ പഠനം കമ്പ്യൂട്ടറിലൂടെ; ഓൺലൈൻ ക്ലാസ് മാത്രമായുള്ള കോഴ്സ് അംഗീകരിക്കില്ലെന്ന കേന്ദ്ര സർക്കുലർ വെട്ടിലാക്കുന്നത് മലയാളികൾ അടക്കമുള്ളവരുടെ ഡോക്ടർ മോഹത്തെ; 15 ലക്ഷത്തിന് എംബിബിഎസ് നേടാനുള്ള വഴി അടയുമോ?
ന്യൂഡൽഹി: ചൈനയിലെ എംബിബിഎസുകാരെ പ്രതിസന്ധിയിലാക്കി കേന്ദ്ര സർക്കാർ തീരുമാനം. ചൈനയിലടക്കം നടത്തുന്ന എം.ബി.ബി.എസ് ഓൺ ലൈൻ കോഴ്‌സുകൾക്ക് ഇന്ത്യയിൽ അംഗീകാരമില്ലെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ അറിയിച്ചതോടെയാണ് പ്രതിസന്ധിയുണ്ടാകുന്നത്. ഇത് മലയാളികളുൾപ്പെടെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിലായി. കാൽ ലക്ഷത്തോളം ഇന്ത്യക്കാർ ചൈനയിൽ എം.ബി.ബി.എസ് കോഴ്‌സ് ചെയ്യുന്നുണ്ട്. ഇതിൽ മൂവായിരത്തിലേറെയും മലയാളികളാണ്.
ഓൺലൈൻ ക്ലാസ് മാത്രമായുള്ള കോഴ്‌സ് അംഗീകരിക്കില്ലെന്നാണ് കേന്ദ്രസർക്കാർ സർക്കുലർ. ഇതോടെ ഇപ്പോൾ അവിടെ എംബിബിഎസ് പഠിക്കുന്നവർ പ്രതിസന്ധിയിലായി. കോവിഡ് സാഹചര്യത്തിലാണ് ചൈന വിദേശ വിദ്യാർത്ഥികളെ നാട്ടിലേക്ക് തിരിച്ചയച്ച് രണ്ടു വർഷമായി എം.ബി.ബി.എസ് പഠനം ഓൺ ലൈനിലാക്കിയത്. ചൈനയിലെ ചില സർവകലാശാലകൾ പ്രവേശനത്തിന് നോട്ടീസ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ, മെഡിക്കൽ കമ്മിഷൻ സെക്രട്ടറി ഡോ.സന്ധ്യ ഭുല്ലാർ അംഗീകാരമില്ലെന്ന് സർക്കുലർ ഇറക്കുകയായിരുന്നു.
മലയാളി അടുത്തകാലത്തായി വ്യാപകമായി ചൈനയിലേക്ക് പോകുന്നത് മെഡിസിൻ പഠിക്കുന്നതിനുവേണ്ടിയാണ്. ഉക്രൈയിനിലും കിർഗിസ്ഥാനിലും റഷ്യയിലുമൊക്കെയായി 50 ലക്ഷം രൂപയിലധികം എംബിബിഎസിന് ഫീസിനത്തിൽ മാത്രം വേണ്ടിവരുമ്പോൾ ചൈനയിൽ ഇത് തുലോം കുറവാണ്. ഇന്ത്യയിൽ എംബിബിഎസ് പഠിക്കാൻ, പ്രത്യേകിച്ച് സെൽഫ് ഫിനാൻസിങ് കോഴ്സ് ആണെങ്കിൽ 70 ലക്ഷം രൂപയ്ക്കു മുകളിൽ ചെലവാകും. ചിലപ്പോൾ ഒരു കോടിയോ 1.10 കോടി വരെയും ആയേക്കാം.
എന്നാൽ ചൈനയിൽ പഠിച്ചാൽ 15 - 40 ലക്ഷം രൂപയിൽ താഴെയേ ചെലവാകുകയുള്ളു. അഞ്ച് വർഷം പഠിക്കുന്നതിനാണ് ഇത്രയും കുറഞ്ഞ ഫീസ്. ഈ തുക അഞ്ച് വർഷം കൊണ്ട് അടച്ചു തീർത്താൽ മതി. അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും യുകെയിലെയും മെഡിസിൻ സ്ഥാപനങ്ങളെ വെച്ചു നോക്കുമ്പോൾ ചൈനയിൽ വിദ്യാർത്ഥികൾക്ക് ചെലവിൽ വലിയ ഇളവാണുള്ളത്. ഈ സാഹചര്യത്തെ അനുകൂലമാക്കി ഡോക്ടറാകാൻ ശ്രമിക്കുന്നവരാണ് ഇപ്പോൾ പ്രതിസന്ധിയിലാകുന്നത്. ചൈനയിലേക്ക് മെഡിക്കൽ പഠനം ഒരുക്കിക്കൊടുക്കുന്നതിനായി വലിയൊരു സംഘം ഏജന്റുമാരും കേരളത്തിൽ ഉണ്ട്. എന്നാൽ ഓൺലൈൻ പഠനത്തിനുള്ള നിരോധനം ഇവർക്ക് പ്രതിസന്ധിയാണ്.
കോവിഡു കാരണം കോടികൾ ഒഴുകുന്ന കേരളത്തിലെ ചൈനീസ് വിദ്യാഭ്യാസ ലോബി ഇതോടെ തകർന്നിരിക്കയാണ്. ചൈനീസ് മെഡിക്കൽ ബിരുദത്തിന് ഇന്ത്യയിൽ അംഗീകാരമില്ല എന്നതാണ് വസ്തുത. നിങ്ങൾ വീണ്ടും ഇന്ത്യയിൽ പരീക്ഷ എഴുതണം. എന്നാലും ഈ പരീക്ഷ എഴുതി ഡോക്ടറാകാമെന്ന പ്രതീക്ഷയിലാണ് ചൈനയിലേക്ക് പഠനത്തിന് ആളുകൾ എത്തുന്നത്. ചെലവ് കുറവായതിനാൽ വിദ്യാഭ്യാസത്തിന് കൂടുതൽ വിദ്യാർത്ഥികളെത്തുന്ന രാജ്യമാണ് ചൈന. ഇതിൽ 80 ശതമാനവും എംബിബിഎസിന് എത്തുന്നവരാണ്. ഏജൻസികൾ വഴിയാണ് ഇവർ എത്തുന്നത്.
കോവിഡാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ചൈനയിലെ എംബിബിഎസ് കോഴ്‌സിന് കോഴ്‌സിൽ പുതുതായി ചേരുന്നവർക്കും ചൈനയിലേക്കുള്ള യാത്ര സാദ്ധ്യമല്ലാത്തതിനാൽ ഓൺലൈൻ പഠനം നടത്തേണ്ടിവരും. ചൈന 2020 നവംബർ മുതൽ വിസകൾ മരവിപ്പിച്ചിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ എം.ബി.ബി.എസ് പഠിക്കാനാണ് (അഞ്ച് വർഷത്തേക്ക് പരമാവധി 20 ലക്ഷം) മലയാളികൾ ഉൾപ്പെടെ ചൈനയിലെത്തുന്നത്.
ചൈനയിലെ 45 മെഡിക്കൽ സർവകലാശാലകളിലാണ് മൂവായിരത്തിലേറെ മലയാളികളുടെ പഠനം. മൂന്നാം വർഷം മുതൽ ക്ലിനിക്കൽ ക്ലാസുകൾ ആരംഭിക്കും. രണ്ട് വർഷമായി ക്ലിനിക്കൽ ക്ലാസുകളില്ല. ചൈനയിൽ ക്ലിനിക്കൽ ക്ലാസുകളിൽ പങ്കെടുത്ത് പ്രാക്ടിക്കൽ പരീക്ഷ വിജയിച്ചാലേ എം.ബി.ബി.എസ് പാസാകൂ. ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ നാഷണൽ മെഡിക്കൽ കമ്മിഷന്റെ യോഗ്യതാ പരീക്ഷയും വിജയിക്കണം. ഒരു വർഷ ഹൗസ് സർജൻസിയും ഇവിടെ പൂർത്തിയാക്കണം.
്ഇന്ത്യയിൽ പ്രാക്ടിക്കലിന് സൗകര്യമാവശ്യപ്പെട്ട് ചൈനയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി മെഡിക്കൽ കൗൺസിലിനും കേന്ദ്ര സർക്കാരിനും നോട്ടീസയച്ചിട്ടുണ്ട്. ചൈനയിലേക്ക് മടങ്ങാൻ വിസ ലഭിക്കാതെ കുടുങ്ങിയ നിങ്‌ബോ സർവകലാശാലയിലെ 147 വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്. ഓൺലൈൻ പഠനം അംഗീകരിക്കുക, ചൈനയുമായി ചർച്ച നടത്തി യാത്രാതടസം നീക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
മറുനാടന് മലയാളി ബ്യൂറോ