ബെയ്ജിങ്: ഇന്ത്യയിലെ ഏറ്റവും കരുത്തനായ പ്രധാനമന്ത്രിമാരുടെ കൂട്ടത്തിൽ തന്നെയാണ് ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്ര നരേന്ദ്ര മോദിയുടെ സ്ഥാനം. നിലപാടുകൾ സ്വീകരിക്കുകയും അതിൽ ശക്തമായി ഉറച്ചു നിൽക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് മോദി. അതുകൊണ്ട് തന്നെ കാർക്കശ്യക്കാരനായ മോദി തന്റെ നിലപാടുകൾക്ക് വേണ്ടി എപ്പോഴും നിലകൊള്ളുന്നതിൽ ആശങ്കപ്പെടുന്നത് അയൽരാജ്യമായ ചൈനയാണ്. നിയമസഭാ തെരഞ്ഞടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയും മോദിയും കൂടതൽ കരുത്തരായി. ഈ കരുത്ത് ചൈനീസ് താൽപ്പര്യങ്ങളെ ഹനിക്കുന്ന വിധത്തിലേക്ക് കാര്യങ്ങളെ എത്തിക്കുമോ എന്നതാണ് ചൈനക്കുള്ള ആശങ്ക. അതുകൊണ്ട് തന്നെ യുപിയിലും ഉത്തരാഖണ്ടിനും ബിജെപി നേടിയ വിജയം അത്രയ്ക്ക് സുഖകരമല്ലെന്നാണ് ചൈനയുടെ വിലയിരുത്തൽ. ഈ മുന്നറിയിപ്പുമായി രംഗത്തുവന്നത് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസാണ്.

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ചരിത്രവിജയം നേടിയതോടെ ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും നരേന്ദ്ര മോദി കൂടുതൽ കരുത്തനായെന്ന് 'ഗ്ലോബൽ ടൈംസ്' പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു. അന്തർദേശിയ തലത്തിൽ മോദി ഇതോടെ കൂടുതൽ കരുത്തുള്ള നേതാവായി മാറിക്കഴിഞ്ഞു. ലോക രാജ്യങ്ങളെല്ലാം മോദിയെ കരുത്തനെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ വിജയത്തോടെ മോദി ഒരിക്കൽ കൂടി വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് ചൈനീസ് വിലയിരുത്തൽ. അധികാരമേറ്റ ഉടനെ തന്നെ ചൈനയോട് സൗഹൃദം പുലർത്തിയ മോദി പിന്നീട് കാർക്കശ്യം നിറഞ്ഞ നിലപാടാണ് കൈക്കൊണ്ടിരുന്നത്. ഇതിന് പ്രധാനകാരണം ചൈനയ്ക്ക് പാക്കിസ്ഥാനോടുള്ള സമീപനമായിരുന്നു. അമേരിക്കയുമായി കൂടുതൽ അടുത്തതും ഇന്ത്യൻ സൈനിക വിമാനത്താവളങ്ങൾ അമേരിക്കയ്ക്ക് തുറന്നു കൊടുക്കാനുള്ള തീരുമാനങ്ങളെയെല്ലാം ചൈന സംശയത്തോടെയാണ് കണ്ടത്.

ഇത് കൂടാതെ തന്നെ ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾക്ക് എതിരായും മോദി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പു വിജയം നൽകുന്ന കരുത്തിൽ നിലപാട് വീണ്ടും കടുപ്പിച്ചേക്കാമെന്ന ആശങ്കയാണ് ഗ്ലോബൽ ടൈംസ് ഇപ്പോൾ പങ്കുവെക്കുന്നത്. അതേസമയം, കർക്കശ സ്വഭാവമുള്ളവർക്ക് തീരുമാനങ്ങളെടുക്കുന്നതിൽ അസാധാരണമായ ശക്തിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പ്രശ്‌നത്തെ ലഘൂകരിക്കാനും 'ഗ്ലോബൽ ടൈംസ്' ശ്രമിക്കുന്നുണ്ട്. കരാറുകളിലേർപ്പെടുന്നതിന് ചർച്ചകൾ നടത്തുമ്പോൾ, തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഇത്തരക്കാർക്കുള്ള കഴിവ് ഏറെ പ്രയോജനപ്രദമാണെന്നാണ് ലേഖനത്തിലെ 'കണ്ടെത്തൽ'.

ചൈന ഭരിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമാണ്, വിദേശകാര്യ വിഭാഗത്തിൽ ശ്രദ്ധ ചെലുത്തുന്ന ഗ്ലോബൽ ടൈംസ്. ബിജെപിയുടെ ചരിത്ര വിജയത്തോടെ രാജ്യാന്തര തലത്തിലെ തർക്കവിഷയങ്ങളിൽ ഇന്ത്യയുമായി സമവായത്തിലെത്തുന്നത് മറ്റു രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതൽ സങ്കീർണമാകുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. 2019ലെ തിരഞ്ഞെടുപ്പിലും ബിജെപി തന്നെ വിജയിക്കുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തു തുടരുമെന്നുമാണ് പൊതുവായുള്ള വിലയിരുത്തലെന്നും ലേഖനം വ്യക്തമാക്കുന്നു.

രാജ്യാന്തര തലത്തിൽ ആരെയും ഇന്ത്യയുടെ പ്രാധാന്യം ശരിക്കും വർദ്ദിച്ചതോടെ പല വിഷയങ്ങളിലും ശക്തമായി തന്നെ ഇന്ത്യ വിരലുയർത്തിയിരുന്നു. വിവാദ വിഷയങ്ങളിൽ ഇന്ത്യ വ്യക്തമായ നിലപാടുകൾ സ്വീകരിച്ചു തുടങ്ങിയതും സ്വന്തം താൽപര്യങ്ങൾക്കായി മറ്റു രാജ്യങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്തി തുടങ്ങിതും മോദി അധികാരത്തിലെത്തിയതിനു ശേഷമാണ്. അടുത്ത തിരഞ്ഞെടുപ്പിലും മോദി വിജയിച്ചാൽ, ഇന്ത്യയുടെ കർക്കശ നിലപാട് കൂടുതൽ കഠിനമാവുകയേ ഉള്ളൂ. ഇന്ത്യയും മറ്റു രാജ്യങ്ങളുമായുള്ള തർക്കവിഷയങ്ങളിൽ സമവായത്തിലെത്താനുള്ള സാധ്യതയും ഇതോടെ ചുരുങ്ങുകയാണെന്ന് ഗ്ലോബൽ ടൈംസിലെ ലേഖനത്തിൽ പറയുന്നു.

ഇന്തോ-ചൈന അതിർത്തിയിലെ സൈനികർക്കൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ദീപാവലി ആഘോഷിക്കാനുള്ള മോദിയുടെ തീരുമാനം, ഈ നിലപാടു മാറ്റത്തിന്റെ പ്രകടമായ ഉദാഹണമാണെന്നും ഗ്ലോബൽ ടൈംസ് സമർഥിക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കങ്ങൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. അതിനിടെ അതിർത്തിയിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് ചൈനയ്ക്കുള്ള വ്യക്തമായ സന്ദേശമാണ് മോദി നൽകുന്നത്.

ചൈനയും റഷ്യയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിന് ഇന്ത്യയുടെ ചില നിലപാടുകൾ തടസമാണെന്നും ലേഖനത്തിലുണ്ട്. ഷാങ്ഹായ് സഹകരണ സമിതിയിലെ അംഗമെന്ന നിലയിലും ഇത് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. അതേസമയം, ഈ പ്രതിസന്ധി മറികടക്കുന്നതിന് വളരെ തന്ത്രപരമായ സമീപനമാണ് മോദി സ്വീകരിക്കുന്നത്. യുഎസും ജപ്പാനുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള നടപടികൾ ഈ നീക്കത്തിന്റെ ഭാഗമാണ്. ഏഷ്യാപസിഫിക് മേഖലയിലും ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട തർക്കങ്ങളിലും യുഎസ് നിലപാടിനെ പിന്തുണച്ച് അവരുടെ വിശ്വാസം നേടിയെടുക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും ലേഖനം സമർഥിക്കുന്നു.

ജപ്പാനുമായും അമേരിക്കയുമായും പ്രതിരോധ സഹകരണത്തിന് തയ്യാറായതും ദക്ഷിണ ചൈനാ കടലിലെ യുഎസ് നിലപാടിനെ പിന്തുണച്ചതും ഉൾപ്പെടെയുള്ള ഇന്ത്യയുടെ ചൈനീസ് വിരുദ്ധ നിലപാടുകൾ ഗ്ലോബൽ ടൈംസ് എടുത്തുപറയുന്നുണ്ട്. എന്നാൽ, ഈ വിജയത്തോടെ പാക്കിസ്ഥാനോടുള്ള സമീപനത്തിൽ അടക്കം മോദി നിലപാട് കടുപ്പിക്കുമെന്ന ആശങ്ക ചൈനീസ് മാധ്യമത്തിന്റെ വാക്കുകളിലുണ്ട്.