ബെയ്ജിങ്: ഇന്ത്യയെ വീണ്ടും ആശങ്കയിലാഴ്‌ത്തി ടിബറ്റിലൂടെ നേപ്പാൾ അതിർത്തിയിലേക്ക് തന്ത്രപ്രധാനമായ ഹൈവേ ചൈന തുറന്നു. സാധാരണ ആവശ്യങ്ങൾക്കും,പ്രതിരോധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഹൈവേ നിർമ്മാണം.ദക്ഷിണേഷ്യയിൽ ചുവടുറപ്പിക്കാനുള്ള നീക്കങ്ങൾക്ക് ചൈനയെ പുതിയ പാത സഹായിക്കുമെന്നാണ് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

്ടിബറ്റ് സ്വയംഭരണ പ്രദേശത്തുള്ള ഷിഗസ്സെ സിറ്റി മുതൽ ഷിഗസ്സെ വിമാനത്താവളം വരെയുള്ള 40.4 കിലോമീറ്റർ ഹൈവേയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുള്ളത്. ഈ പാതയെ നേപ്പാൾ അതിർത്തിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ചൈനയുടെ തന്ത്രപ്രധാനമായ വിമാനത്താവളങ്ങളിലൊന്നാണ് ഷിഗസ്സെയിലുള്ളത്. വിമാനത്താവളത്തിലേക്കുള്ള ഷിഗസ്സെ സിറ്റിയിൽ നിന്നുള്ള യാത്രാ സമയം ഒരുമണിക്കൂറിൽ നിന്ന് അര മണിക്കൂറായി കുറയ്ക്കാൻ സഹായിക്കുന്നതാണ് പുതിയ പാത. ദക്ഷിണേഷ്യയിലേക്കുള്ള തന്ത്രപ്രധാന പാതയെന്നാണ് പുതിയ ഹൈവേയെ ചൈനീസ് സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് വിശേഷിപ്പിച്ചത്.

നേപ്പാളിലേക്ക് റെയിൽവേ പാത നിർമ്മിക്കുന്നതിന് മുന്നോടിയായുള്ള നീക്കമെന്നാണ് ഈ ഹൈവേയെ വിശേഷിപ്പിക്കുന്നത്.
ഷിഗസ്സെ ലാസാ റെയിൽ പാതയ്ക്ക് സമാന്തരമായാണ് പുതിയ റോഡ് നിർമ്മിച്ചിരിക്കുന്നത്. ഈ റോഡിനെ ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്കുള്ള പാതയായ ജി-318 മായി ബന്ധിപ്പിക്കും. റെയിൽ പാത നിർമ്മാണം പൂർത്തിയാകുന്നതോടെ ലാസയിൽ നിന്ന് നേപ്പാൾ വരെ ട്രെയിൻ യാത്ര സാധ്യമാകുകയും ചെയ്യും. അതേസമയം ചൈനയെ സംബന്ധിച്ച് സൈനികപരമായ പ്രാധാന്യവും ജി 318 ഹൈവേയ്ക്കുണ്ട്.

ഈ ഹൈവേയുടെ ഒരുഭാഗം അവസാനിക്കുന്നത് ഇന്ത്യയിലെ അരുണാചൽ പ്രദേശിന് സമീപമുള്ള ടിബറ്റൻ നഗരമായ നിങ്ചിയിലാണ്. നേപ്പാൾ പ്രധാനമന്ത്രിയായി കെ.പി. ശർമ ഒലി അധികാരത്തിലിരുന്ന സമയത്താണ് ചൈനയുമായി റെയിൽ റോഡ് നിർമ്മാണത്തിന് കരാറിലേർപ്പെടുന്നത്. ഇന്ത്യൻ വംശജരായ മധേശികൾ ഇന്ത്യയിൽ നിന്നുള്ള ചരക്കുകൾ നേപ്പാളിലേക്ക് വരുന്ന പാത ഉപരോധിച്ച് നേപ്പാളിനെ പ്രതിസന്ധിയിലാക്കിയ സമയത്താണ് ആ കരാർ ഒപ്പുവെച്ചത്. കരാർ പ്രകാരമുള്ള റെയിൽ -റോഡ് ഗതാഗത സംവിധാനങ്ങൾ യാഥാർഥ്യമാകുന്നതോടെ ഇന്ധനം, ഭക്ഷണം, അവശ്യ സേവനങ്ങൾ എന്നിവയ്ക്കായി ഇന്ത്യയെ കൂടുതലായി ആശ്രയിക്കുന്ന അവസ്ഥ നേപ്പാളിന് ഒഴിവാക്കാം.