- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി എങ്ങനെ അമേരിക്ക ചൈനയെ പേടിക്കാതിരിക്കും? യുഎസിനെ പിന്തള്ളി ചൈന ലോകത്തെ ഏറ്റവും വലിയ ധനിക രാജ്യം; 20 വർഷത്തിനിടെ ചൈനയ്ക്ക് 113 ട്രില്യൺ ഡോളറിന്റെ മൂല്യവർദ്ധന; അമേരിക്കയ്ക്ക് തിരിച്ചടിയായത് ഉയർന്ന വസ്തുവില എന്ന് മക് കിൻസിയുടെ റിപ്പോർട്ട്
ന്യൂഡൽഹി: വെറുതെയല്ല അമേരിക്ക ചൈനയെ പേടിക്കുന്നത്. യുഎസിനെ പിന്തള്ളി ഏറ്റവും വലിയ ധനിക രാജ്യം എന്ന നേട്ടം സ്വന്തമാക്കിയികിക്കുകയാണ് ചൈന. മക് കിൻസി ആൻഡ് കമ്പനിയുടെ ഗവേഷണ വിഭാഗമാണ് പുതിയ കണക്കുകളുടെ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
വെറുതെ പറയുകയല്ല. 10 രാജ്യങ്ങളുടെ ദേശീയ ബാലൻസ് ഷീറ്റുകൾ പരിശോധിച്ച് പഠിച്ച ശേഷമാണ് കൺസൾട്ടന്റ് കമ്പനിയുടെ വിലയിരുത്തൽ. ഈ 10 രാജ്യങ്ങളും ലോക് സമ്പത്തിന്റെ 60 ശതമാനത്തിലേറെ കൈവശം വയ്ക്കുന്നവരാണെന്നും ഓർക്കണം.
ഒരു 20 വർഷത്തെ കണക്കെടുത്താൽ ലോകരാജ്യങ്ങളുടെ ആകെ ആസ്തിയിൽ ഗണ്യമായ വർദ്ധ ഉണ്ടായി. 2000 ത്തിൽ 156 ട്രില്യൺ ഡോളർ ആയിരുന്നെങ്കിൽ, 2020 ൽ അത് 514 ട്രില്യൺ ഡോളറായി ഉയർന്നു. ഇതിൽ മൂന്നിലൊന്ന് വർദ്ധനയും ചൈനയ്ക്കാണെന്ന് മക് കിൻസി ആൻഡ് കമ്പനി പറയുന്നു.
ചൈനയുടെ കുതിപ്പ്
2000 ത്തിൽ വെറും 7 ട്രില്യൺ ഡോളർ. 2020 ൽ അത് 120 ട്രില്യൺ ഡോളറായി കുതിച്ചു. 20 വർഷത്തിനിടെ 113 ട്രില്യൺ ഡോളറിന്റെ മൂല്യവർദ്ധന ഉണ്ടായതോടെയാണ് ചൈന അമേരിക്കയെ പിന്നിലാക്കിയത്. ഈ കാലയളവിലെ അമേരിക്കയുടെ സമ്പദ്‌ശേഷി വർദ്ധനയോ? ആകെ ആസ്തി ഇരട്ടിയിലേറെ ഉയർന്ന് 90 ട്രില്യൺ ഡോളറായി. എന്നാൽ, ചൈനയെ യുഎസിന് പിന്നിലാക്കാൻ കഴിയാതെ ഇരുന്നതിന് കാരണം അവിടുത്തെ വസ്തുവിലയിലെ വർദ്ധനയാണ്.
ചൈനയിലായാലും യുഎസിലായാലും സമ്പത്തിന്റെ മൂന്നിൽ രണ്ടും കൈവശം വയ്ക്കുന്നത് 10 ശതമാനത്തോളം വരുന്ന ധനികർ തന്നെ എന്നും മക് കിൻസി പറയുന്നു.
ആഗോള ആസ്തിയുടെ 68 ശതമാനവും റിയൽ എസ്‌റ്റേറ്റിലാണ് ഉള്ളത്. അവശേഷിക്കുന്നത് അടിസ്ഥാന സൗകര്യം, യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയിലാണ്. ബൗദ്ധിക സ്വത്തവകാശം, പേറ്റന്റുകൾ എന്നിവയും ആഗോള ആസ്തിയുടെ ചെറിയ പങ്കു വഹിക്കുന്നു. ബാധ്യതകൾ ഉള്ള സാമ്പത്തിക ആസ്തികൾ ആഗോള ആസ്തി മൂല്യനിർണയത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
ആശങ്കകൾ
കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ ഉണ്ടായ മൊത്തം ആസ്തിയുടെ കുതിച്ചുചാട്ടം, ആഗോള മൊത്തം ആഭ്യന്തര ഉത്പാദനത്തേക്കാൾ കുടുതലാണ്. ഇതിന് കാരണം കുതിച്ചുയരുന്ന വസ്തുവില തന്നെയാണെന്ന് മക് കിൻസി പറയുന്നു. വളരെയധികം പേർക്ക് ഉയർന്ന വസ്തുവില കാരണം വീടുകൾ വാങ്ങുക അസാധ്യമായിരിക്കുന്നു. ഇത് ആളുകളെ കൂടുതൽ കടത്തിലാക്കുന്നു. വീട് വാങ്ങാൻ വേണ്ടി ലോണെടുക്കുന്ന സാഹചര്യം 2008 ലെ അമേരിക്കയിലെ ഹൗസിങ് ബബിൾ പ്രതിസന്ധി പോലെയാകുമോ എന്നും ആശങ്ക ഉയരുന്നു.
ചൈനയിൽ, ഉയർന്ന വസ്തുവില കാരണം വിൽപ്പന നന്നേ കുറഞ്ഞിരിക്കുന്നു. പല പ്രോപ്പർട്ടി ഡവലപ്പേഴ്‌സും പരാജയപ്പെടുന്നു. ഈ പശ്ചാത്തലത്തില് കൂടുതൽ ഉത്പാദനക്ഷമമായ നിക്ഷേപങ്ങളിലേക്ക് ആഗോള ആസ്തി തിരിച്ചുവിടേണ്ട ആവശ്യകതയാണ് മകകിൻസി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
മറുനാടന് മലയാളി ബ്യൂറോ