ന്യൂഡൽഹി: ചൈനീസ് പൗരന്മാരെ ഐ എസ് ഭീകരർ കൊലപ്പെടുത്തിയ വിഷയത്തിൽ പാക്കിസ്ഥാൻ-ചൈന ബന്ധം വഷളാകുന്നു. ചൈനക്കാർക്കുള്ള ബിസിനസ്, ജോലി വീസകളിൽ കടുത്ത നിയന്ത്രണവുമായി പാക്കിസ്ഥാൻ. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പുറപ്പെടുവിച്ചതായി പാക്ക് മാധ്യമം ഡോൺ റിപ്പോർട്ട് ചെയ്തു.

ബലൂചിസ്ഥാനിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ ചൈനീസ് ഭാഷാധ്യാപകരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു വീസ നിയന്ത്രണം.ഇനി ചൈനീസ് പൗരന്മാർക്ക് ബിസിനസ് വിസ കിട്ടണമെങ്കിൽ പാക് ചേബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ നിന്നുള്ള കത്ത് ഹാജരാക്കണമെന്നാണ് പുതിയ നിയമം.

ദീർഘകാല വീസ പുതുക്കലിനു നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ബിസിനസ് വീസകളുടെ കാലാവധി നീട്ടുന്നതിനുള്ള ചുമതല ഇസ്‌ലാമാബാദിലെ പാക്ക് ഇമിഗ്രേഷൻ ആസ്ഥാനത്തേക്കു മാറ്റി. ചൈനക്കാർക്കു വീസ അനുവദിക്കുന്നതിനുമുൻപു വിശദമായ അന്വേഷണം നടത്തണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.

കൊല്ലപ്പെട്ട രണ്ടു ചൈനക്കാരും സുവിശേഷം പ്രചരിപ്പിക്കാനെത്തിയവരാണെന്ന് പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. ഇരുവരും ബിസിനസ് വീസയിലാണു ചൈനയിൽ എത്തിയത്. ബിസിനസ് വീസയിലെത്തിയ ചൈനീസ് പൗരന്മാർ വീസ നടപടികളും നിയമങ്ങളും തെറ്റിച്ചെന്നും പാക്കിസ്ഥാൻ ആരോപണനുന്നയിച്ചിരുന്നു.

ചൈനക്കാരായ ഭാഷാധ്യാപകരുടെ കൊലപാതകം പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധത്തിൽ കൽച്ചയുണ്ടാക്കിയിരുന്നു.ഇതിന്റെ പ്രതിഫലനമെന്നവണ്ണം കസഖ്സ്ഥാനിലെ അസ്താനയിൽ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിനിടെ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫുമായി കൂടിക്കാഴ്ച നടത്താതെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് അകന്നു നിന്നത് ഏറെ ചർച്ചയായിരുന്നു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരെ കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ചൈനീസ് പ്രസിഡന്റ് പാക് പ്രധാനമന്ത്രിയെ അവഗിണിച്ചത്.

പിന്നീട് ചൈനയിലെ ചില മാധ്യമങ്ങളും പാക്കിസ്ഥാനെതിരെ രംഗത്തു വന്നിരുന്നു.ചൈന പാക്കിസ്ഥാനിൽ നടത്തുന്ന വികസനപ്രവർത്തനങ്ങൾക്ക് മേഖലയിലെ ഭീകരവാദം ഭീഷണിയാണെന്നായിരുന്നു വിമർശനം.തുടർന്ന് പാക്കിസ്ഥാനിലേക്ക് ചൈന സൈന്യത്തെ അയയ്ക്കണമെന്നുള്ള ആവശ്യം ചൈനയിലെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.