രേന്ദ്ര മോദിയുടെ വരവോടെയാണ് ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടത്. ബരാക് ഒബാമയുമായി ഊഷ്മളബന്ധം കാത്തുസൂക്ഷിച്ച മോദി, ഡൊണാൾഡ് ട്രംപുമായും അതേ അടുപ്പം പുലർത്തുന്നു. എന്നാൽ, ഇതിനിടെ പാക്കിസ്ഥാൻ അമേരിക്കയിൽനിന്ന് പൂർണമായും അകലുകയും ചെയ്തു. ഇന്ത്യയോടുള്ള ശത്രുത അവരെ അടുപ്പിച്ചത് തക്കം പാർത്തിരുന്ന ചൈനയിലേക്കും. സൈനിക-സാമ്പത്തിക സഹകരണത്തിൽ പുതിയ തലങ്ങളിലേക്ക് മുന്നേറുകയാണ് പാക്-ചൈനീസ് ബന്ധം.

ഈ മുന്നേറ്റത്തിന്റെ ഏറ്റവും പ്രകടമായ തെളിവായിരുന്നു ഇയാഴ്ചയാദ്യം പാക്കിസ്ഥാൻ ദിനത്തോടനുബന്ധിച്ച് നടന്ന പരേഡിൽ ചൈനീസ് സേന പങ്കെടുത്തത്. ഏഷ്യ-പസഫിക് മേഖലയിൽ അധീശത്വം സ്ഥാപിക്കാനുള്ള ചൈനീസ് തന്ത്രത്തിന്റെ ഭാഗമാണ് ഈ സഹകരണമെന്ന് ചിലർ വ്യാഖ്യാനിക്കുമ്പോൾ, രണ്ട് അയൽരാജ്യങ്ങളുടെയും ലക്ഷ്യം മേഖലയിൽ വളർന്നുവരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയെ സമ്മർദത്തിലാഴ്‌ത്തുകയാണെന്നും നീരീക്ഷിക്കപ്പെടുന്നു.

പാക്കിസ്ഥാൻ അതിന്റെ ദീർഘദൂര മിസൈലുകളും യുദ്ധവിമാനങ്ങളും മറ്റും പ്രദർശിപ്പിച്ച പരേഡിൽ 90 ചൈനീസ് സൈനികരാണ് പങ്കെടുത്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ അളവുകോലാണ് പരേഡിലെ സാന്നിധ്യമെന്നാണ് വിലയിരുത്തൽ. ആദ്യമായാണ് ചൈനീസ് സേന പാക്കിസ്ഥാനിൽ പരേഡിൽ പങ്കെടുക്കുന്നത്. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇത് സ്വാഭാവികം മാത്രമാണെന്ന് ഉന്നത കേന്ദ്രങ്ങൾ അവകാശപ്പെടു്‌നനു.

ചൈനയും പാക്കിസ്ഥാനുമായുള്ള ബന്ധത്തിന്റെ ഊട്ടിയുറപ്പിക്കലാണ് പരേഡിലൂടെ നടന്നതെന്നാണ് വേൾഡ് ഇക്കോണമി ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് എന്ന റഷ്യൻ സ്ഥാപനത്തിലെ പീറ്റർ ടോപ്പിക്കനോവിന്റെ അഭിപ്രായം. ചൈന ഒപ്പമുണ്ടെന്ന് ഇന്ത്യയെ അറിയിക്കുക കൂടിയാണ് ഇതിലൂടെ പാക്കിസ്ഥാൻ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി. എന്നാൽ, പാക്കിസ്ഥാനുമായുള്ള സൗഹൃദം മാത്രമല്ല ചൈനയുടെ ലക്ഷ്യമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

ഏഷ്യ-പസഫിക് മേഖലയിൽ അമേരിക്കൻ ഇടപെടലുകൾ ദുർബലമാക്കാനും ചൈനീസ് സാന്നിധ്യം ശക്തമാക്കാനുമാണ് ചൈന ലക്ഷ്യമിടുന്നത്. ഒപ്പം അയൽക്കാരെ ഒപ്പം നിർത്തി ഇന്ത്യയെ ശ്വാസം മുട്ടിക്കാനും ശ്രീലങ്കയിലും നേപ്പാളിലും ചൈന നടത്തുന്ന ഇടപെടലുകൾ അതിന് തെളിവാണ്. പാക്കിസ്ഥാനിൽ സൈനിക താവളം ഉണ്ടാക്കാനുള്ള ശ്രമം ചൈന തുടങ്ങിയതായും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്.