ത്താൻകോട്ടിലെ വ്യോമതാവളത്തിൽ പാക് ഭീകരർ നടത്തിയ ആക്രമണം ഇന്ത്യ-പാക് സമാധാന ചർച്ചകൾക്ക് വെല്ലുവിളിയായിരിക്കെ, പാക് അധിനിവേശ കാശ്മീരിൽ ഇന്ത്യയുടെ എതിർപ്പ് മറികടന്ന് അണക്കെട്ട് നിർമ്മാണവുമായി ചൈനയും പാക്കിസ്ഥാനും മുന്നോട്ട്. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് പാക് അധിനിവേശ കാശ്മീരിലെ അണക്കെട്ട് നിർമ്മാണവുമായി മുന്നോട്ടുപോകുന്നത്.

ചൈന ത്രീ ഗോർജസ് കോർപറേഷൻ എന്ന ഹൈഡ്രോ പവർ കമ്പനിയാണ് അണക്കെട്ട് നിർമ്മാണത്തിന്റെ ചുമതലയേറ്റെടുത്തിരിക്കുന്നത്. യാങ്‌സി നദിക്ക് കുറുകെയുള്ള ലോകത്തെ ഏറ്റവും വലിയ അണക്കെട്ടായ ത്രീ ഗോർജസ് ഡാം ഈ കമ്പനിയാണ് നിർമ്മിച്ചിരിക്കുന്നത്. പാക് അധിനിവേശ കാശ്മീരിലെ കൊഹാല ഹൈഡ്രോപവർ പദ്ധതിയുടെ നിർമ്മാണത്തിനാണ് കമ്പനി കരാറിലൊപ്പിട്ടിരിക്കുന്നത്.

1100 മെഗാവാട്ട് ശേഷിയുള്ള അണക്കെട്ട് ജുലേം നദിയിലാണ് നിർമ്മിക്കുന്നത്. 2.4 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മുസ്സഫറാബാദിലായിരിക്കും പണിയുക. ത്രീ ഗോർജസ് കമ്പനി അവരുടെ വെബ്‌സൈറ്റിലാണ് പദ്ധതിയുടെയും കരാറിന്റെയും വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

30 വർഷത്തെ കരാറിലാണ് പാക്കിസ്ഥാനും ചൈനയും ഏർപ്പെട്ടിരിക്കുന്നത്. പാക് അധിനിവേശ കാശ്മീരിലെ നിർമ്മാണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള ചൈനയുടെ തീരുമാനത്തെയാണ് ഇത് കാണിക്കുന്നത്. തർക്കപ്രദേശത്ത് ഇന്ത്യയുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് ഈ കരാർ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലെ സുപ്രധാന പദ്ധതിയായാണ് കൊഹാല ഡാമിനെ ഇരുരാജ്യങ്ങളും വിശേഷിപ്പിക്കുന്നത്.

ദക്ഷിണ ചൈനാക്കടലിൽ ഇന്ത്യയും വിയറ്റ്‌നാമും ചേർന്ന് സംയുക്ത പദ്ധതികൾ നടത്താനുള്ള നീക്കത്തെ ചൈന എതിർത്തിരുന്നു. അതേ നിലയക്ക് പാക് അധിനിവേശ കാശ്മീരിലെ പദ്ധതികളെ ഇന്ത്യയും ചെറുക്കുകയാണ്. എന്നാൽ, ഇതിന് കാശ്മീർ പ്രശ്‌നവുമായി ബന്ധമില്ലെന്നും പൂർണമായും സാമ്പത്തിക ഇടപാട് മാത്രമാണ് ഇതെന്നും ചൈന പറയുന്നു.