ന്യൂഡൽഹി: ഇന്ത്യ അതിക്രമിച്ചു കയറിയെന്ന ആരോപണമുന്നയിച്ചതിനു പിന്നാലെ തർക്കഭൂമി തങ്ങളുടേതെന്ന് അവകാശപ്പെട്ടുള്ള ഭൂപടം ചൈന പുറത്തിറക്കി. ഇന്ത്യയും ഭൂട്ടാനും ചൈനയും തമ്മിൽ അതിർത്തി പങ്കിടുന്ന പ്രദേശം ചൈനയുടെതെന്ന അവകാശപ്പെട്ടുള്ളതാണ് പുറത്തുവിട്ടിരിക്കുന്ന ഭൂപടം.

ഡോങ്‌ലാങ് അതിർത്തി ഇന്ത്യൻ സൈന്യം അതിക്രമിച്ചു കയറി എന്ന് ആരോപിക്കുന്ന ഭൂപടമാണ് ചൈന പുറത്ത് വിട്ടത്. എന്നാൽ ഇന്ത്യയും ഭൂട്ടാനും ഭൂട്ടാന്റെ അധികാര പരിധിയിൽ വരുന്ന സ്ഥലമായാണ് ഈ പ്രദേശത്തെ കാണുന്നത്. തർക്ക പ്രദേശം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിച്ചു കൊണ്ടുള്ള ഭൂപടം വെള്ളിയാഴ്‌ച്ചയാണ് ചൈന പുറത്ത് വിട്ടത്.

ചൈനയും ഭൂട്ടാനും രേഖപ്പെടുത്തിയ അതിർത്തിയിൽ നിന്ന് മാറിയാണ് കൈയേറി അതിർത്തി നിർണ്ണയിച്ചിരിക്കുന്നത്. ഡോങ്‌ലാങ് മേഖലയിലേക്ക് കടന്ന് ചൈന റോഡ് നിർമ്മിക്കുന്നത് നിർത്തണമെന്ന് ഭൂട്ടാൻ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഭൂട്ടാനുവേണ്ടിയാണ് ഡോങ്‌ലാങ് മേഖലയിലെ റോഡുപണി ഇന്ത്യ എതിർത്തതെന്നും ചൈന ആരോപിച്ചിരുന്നു. ചൈനയുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യമാണ് ഭൂട്ടാൻ.

അതേസമയം റോഡ് പണിയുന്നത് നിയമാനുസൃതമായാണെന്ന് ചൈന ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. ഇന്ത്യയുടെയോ ഭൂട്ടാന്റെയോ ഭൂമിയിലല്ല, ചൈനയുടെ ഭാഗമായ സ്ഥലത്താണ് റോഡ് പണിയുന്നതെന്നും ആവർത്തിച്ചു. ഇതിൽ ഇടപെടാൻ ഒരുരാജ്യത്തിനും അവകാശമില്ലെന്നും ചൈനീസ് വിദേശകാര്യവക്താവ് ലു കാങ് പറഞ്ഞിരുന്നു.

മൂന്നുരാജ്യങ്ങൾക്കുമിടയ്ക്ക് 'കോഴിക്കഴുത്ത്' എന്ന് വിളിക്കപ്പെടുന്ന ഭാഗത്താണ് ഡോങ്‌ലാങ്. ഇന്ത്യ-ചൈന അതിർത്തിയിലെ സിക്കിം ഭാഗത്തെക്കുറിച്ചുള്ള തർക്കം പരിഹരിച്ചതാണ്. ഇക്കാരണത്താലാണ് നാഥു ലാ ചുരം കൈലാസയാത്രയ്ക്കായി തുറന്നുകൊടുത്തതെന്നും ലു കാങ് പറഞ്ഞു.