ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിനു കുറുകെ ചൈന നിർമ്മിക്കുന്ന പാലം അനധികൃതമാണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ. 1962 മുതൽ ചൈന അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭാഗങ്ങളിൽ കൂടിയാണ് പാലം നിർമ്മിക്കുന്നതെന്ന് സർക്കാർ രേഖാമൂലമാണ് പാർലമെന്റിനെ അറിയിച്ചത്. ഈ അനധികൃത കൈവശപ്പെടുത്തലിനെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല.

ജമ്മു കശ്മീരിലേയും ലഡാക്കിലേയും തർക്കമേഖലകൾ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും മറ്റ് രാജ്യങ്ങൾ ബഹുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർ പറഞ്ഞു.

എട്ട് മീറ്റർ വീതിയുള്ളതാണ് പാലം. 2020ൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടിയ നോർത്ത് ബാങ്ക് ഓഫ് പാംഗോങ്ങിലെ ചൈനീസ് സൈനിക ബേസിന് തൊട്ടു തെക്കുഭാഗത്തായാണ് ഇതുള്ളത്. സംഘർഷത്തിനു പിന്നാലെ, 2020 മുതൽ കിഴക്കൻ ലഡാക്കിൽ അരലക്ഷത്തിലേറെ സൈനികരെ ഇരുരാജ്യങ്ങളും വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ താൽക്കാലിക ശാന്തതയെ ഇല്ലാതാക്കുന്നതാണു ചൈനയുടെ പാലമെന്നു സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ചൈന പണിയുന്ന അരക്കിലോമീറ്റർ നീളമുള്ള പാലം 400 മീറ്ററിലേറെ തീർന്നു. പണി പൂർത്തിയാകുന്നതോടെ കിഴക്കൻ ലഡാക്കിലെ സംഘർഷബാധിതപ്രദേശത്ത് ചൈനയ്ക്ക് സൈനികമായി മേൽക്കൈ ലഭിക്കും. 2020-ൽ ഇന്ത്യയുമായി സംഘർഷമുണ്ടായപ്പോൾ ചൈനപ്പട്ടാളത്തിന്റെ ആശുപത്രികളും പാർപ്പിടങ്ങളും ഇവിടെയായിരുന്നു.പാംഗോങ്ങിന്റെ വടക്കേക്കരയിലുള്ള പട്ടാളത്തിന് റുടോങ്ങിലെത്താൻ തടാകംചുറ്റി ഇപ്പോൾ ഏതാണ്ട് 200 കിലോമീറ്ററോളം വാഹനത്തിൽ സഞ്ചരിക്കണം. പാലവും റോഡുമെത്തുന്നതോടെ ഈ ദൂരം 50 കിലോമീറ്ററായി കുറയും.

ചൈന കൈവശപ്പെടുത്തിയ പ്രദേശത്താണ് പാലം പണിയുന്നതെങ്കിലും ഇത് നിയമവിരുദ്ധ നടപടിയായാണ് ഇന്ത്യ കാണുന്നത്. ചൈനയുമായുള്ള അതിർത്തിയായ യഥാർഥ നിയന്ത്രണരേഖയെന്ന് ഇന്ത്യ അവകാശപ്പെടുന്ന സ്ഥലത്താണ് പാലം. പാംഗോങ് തടാകത്തിന്റെ ഏറ്റവും വീതികുറഞ്ഞ ഭാഗമാണിത്.

60 വർഷംമുമ്പ് ചൈന അനധികൃതമായി കൈവശപ്പെടുത്തിയ പ്രദേശത്താണ് പാലം പണിയുന്നതെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു. ഇത്തരം അനധികൃത കുടിയേറ്റത്തെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും 14-ാം റൗണ്ട് സൈനിക ചർച്ചകൾ അടുത്തിടെ നടത്തിയിരുന്നു. ഇന്ത്യയുടെയും ചൈനയുടെയും മുതിർന്ന കമാൻഡർമാർ തമ്മിലുള്ള ചർച്ച ജനുവരി 12ന് ആണ് അവസാനമായി നടന്നത്. യഥാർഥ നിയന്ത്രണരേഖയിൽ സമാധാനം പുനഃസ്ഥാപിച്ച് ശേഷിക്കുന്ന പ്രശ്‌നങ്ങൾ എത്രയുംവേഗം പരിഹരിക്കുന്നതിന് ഇരുപക്ഷവും പ്രവർത്തിക്കുമെന്നു ചർച്ചയിൽ ഇരുവിഭാഗവും ഉറപ്പ് നൽകിയിരുന്നു.