ബെയ്ജിങ്: പ്രതിരോധമേഖലയിൽ വൻ കുതിപ്പു നടത്തുന്ന ചൈന അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ നവീകരിച്ച പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ശത്രുവിന്റെ കണ്ണിൽപ്പെടാതിരിക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യയുള്ള വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കൽ വെള്ളിയാഴ്ചയായിരുന്നു. ചൈനീസ് മാദ്ധ്യമങ്ങൾ ഇന്നാണ് വാർത്ത പുറത്തുവിട്ടത്. ആയുധവിപണിയിൽ കുത്തക പുലർത്തുന്ന അമേരിക്കയ്ക്കും പാശ്ചാത്യരാജ്യങ്ങൾക്കുമുള്ള മറുപടിയാണ് ചൈന തദ്ദേശീയമായി വികസിപ്പിച്ച ഈ യുദ്ധവിമാനം.

ചൈനീസ് എൻജിനീയർമാർ രൂപകത്പന ചെയ്തു നിർമ്മിച്ച ജെ-31 എന്ന യുദ്ധവിമാത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ എഫ്‌സി-31(ഗൈർഫാൽക്കൺ) ആണ് വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. ഇരട്ട എൻജിനാണ് വിമാനത്തിനു ശക്തി നല്കുന്നത്. അമേരിക്ക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അഞ്ചാംതലമുറ യുദ്ധവിമാനമായ എഫ്-35 നു ചൈന നല്കുന്ന മറുപടിയാണിത്.

ജെ-31 2012 ലാണ് ആദ്യമായി പറന്നത്. ഇതു പരിഷ്‌കരിച്ചാണ് എഫ്‌സി-31 രൂപകത്പന ചെയ്തിരിക്കുന്നത്. ശത്രുവിന്റെ റഡാറുകളിൽനിന്ന് മറഞ്ഞുനിൽക്കുന്ന സ്റ്റെൽത്ത് സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടുത്തിയാണ് ജെ-31 ഡിസൈൻ ചെയ്തിരിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളും മെച്ചപ്പെടുത്തിയതിനു പുറമേ ആയുധം വഹിക്കാനുള്ള ശേഷിയും കൂട്ടിയിട്ടുണ്ട്.

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈനയുടെ ഉടമസ്ഥതയിലുള്ള ഷെംഗ്യാംഗ് എയർക്രാഫ്ട് കോർപ്പറേഷനാണ് യുദ്ധവിമാനം നിർമ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ആയുധവിപണി ലക്ഷ്യമിട്ടുകൂടിയാണ് ഈ യുദ്ധവിമാനം വികസിപ്പിച്ചിരിക്കുന്നത്. 700 ലക്ഷം അമേരിക്കൻ ഡോളറായിരിക്കും ഒന്നിന്റെ വില. യൂറോപ്യൻരാജ്യങ്ങൾ ചേർന്നു നിർമ്മിക്കുന്ന നാലാംതലമുറ യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിന്റെ വില ഇതിന്റെ ഇരട്ടിയാണ്(1400 ലക്ഷം ഡോളർ).

സാമ്പത്തികമേഖലയിൽ ഒന്നാം സ്ഥാനത്തേക്കു കുതിക്കുന്ന ചൈന ആയുധനിർമ്മാണത്തിലും ഏറെ മുന്നിലാണ്. പൈലറ്റില്ലാ വിമാനമായ ഡ്രോണുകൾ, യുദ്ധവിമാനങ്ങളെ വെടിവിച്ചിരുന്ന സംവിധാനങ്ങൾ തുടങ്ങിയവ വികസിപ്പിക്കുന്നതിൽ ചൈന പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.

അതേസമയം, മറ്റു രാജ്യങ്ങളുടെ ഡിസൈനുകൾ കോപ്പിയടിച്ചാണ് ചൈന അയുധനിർമ്മാണത്തിൽ മുന്നേറുന്നതെന്ന് ആരോപണമുണ്ട്. ഇപ്പോൾ പരീക്ഷിച്ചു വിജയിച്ച എഫ്‌സി-31 അമേരിക്കയുടെ എഫ്-35ന്റെ കോപ്പിയാണെന്ന് പറയപ്പെടുന്നു. ഇതിനു മുന്ന് ചൈന വികസിപ്പിച്ച മറ്റു യുദ്ധവിമാനങ്ങൾ റഷ്യൻ യുദ്ധവിമാനങ്ങളുടെ പകർപ്പാണെന്നും ആരോപിക്കപ്പെട്ടിരുന്നു.

ഇത് ചൈനയുടെ അഞ്ചാംതലമുറയിൽപ്പെട്ട രണ്ടാം യുദ്ധവിമാനമാണ്. ജെ-20 എന്ന മറ്റൊരു യുദ്ധവിമാനം നവംബറിൽ ആദ്യപറക്കൽ പറന്നിരുന്നു.