ബെയ്ജിങ്: തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ രാഷ്ട്രപതിഭവനിലേക്കു ക്ഷണിച്ചതിലും അദ്ദേഹവുമായി രാഷ്ട്രപതി പ്രണബ് മുഖർജി കൂടിക്കാഴ്ച നടത്തിയതിലും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ചൈന. പത്തിന് രാഷ്ട്രപതി ഭവനിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ദലൈലാമ ക്ഷണിക്കപ്പെട്ടത്.

ഉഭയകക്ഷിബന്ധം മോശമാകാതിരിക്കാൻ ചൈനയുടെ പ്രധാന താത്പര്യങ്ങൾ മാനിക്കാൻ ഇന്ത്യ തയാറാകണമെന്ന് അവരുടെ വിദേശകാര്യവകുപ്പ് വക്താവ് ഗെംഗ് ഷുവാംഗ് പ്രതികരിച്ചു. ചൈനയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ഇന്ത്യ ദലൈലാമയെ പരിപാടിയിൽ പങ്കെടുപ്പിച്ചതെന്നും രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചതെന്നും വക്താവ് കുറ്റപ്പെടുത്തി.

നൊബേൽ പുരസ്‌കാരജേതാവ് കൈലാഷ് സത്യാർത്ഥി നേതൃത്വം നല്കുന്ന ചിൽഡ്രൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുട്ടികളുടെ ഉച്ചകോടിയിലാണ് ദലൈലാമ പങ്കെടുത്തത്.

തിബറ്റ് തങ്ങളുടെ അഭിവാജ്യഘടകമായി അവകാശപ്പെടുന്ന ചൈന, ദലൈലാമയെ വിഘടനവാദി നേതാവായാണു പരിഗണിക്കുന്നത്. പ്രവാസത്തിൽ കഴിയുന്ന ദലൈലാമ തിബറ്റിനെ ചൈനയിൽനിന്നു വേർപെടുത്താൻ മതത്തെ ഉപയോഗിച്ച് വിഘടനവാദം നടത്തുകയാണെന്ന് ചൈനീസ് വക്താവ് ആരോപിച്ചു.