ബെയ്ജിങ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാൻഗോങ്-1 ഭൂമിയിൽ പതിച്ചു. ദക്ഷിണ പെസഫിക് മേഖലയിലാണ് നിലയം പതിച്ചത്. ഭൂമിയിലേക്ക് എത്തുമ്പോൾ തന്നെ നിലയത്തിന്റെ ഭൂരിഭാഗവം കത്തിപോയിരുന്നു. ദക്ഷിണ പെസഫിക്കിലെ തഹീതിക്ക് സമീപമാണ് തിങ്കളാഴ്ച രാവിലെ നിലയം പതിച്ചത്. 17,000 മൈൽ വേഗതയിലായിരുന്നു ഇത് ഭൂമിയിലേക്ക് വീണത്. ഇതോടെ ആശങ്കയും തീരുകയാണ്. ബസിന്റെ വലുപ്പമുള്ള നിലയം അന്തരീക്ഷത്തിൽ വച്ച് തീപിടിച്ചു. തീഗോളമായാണ് ഇത് കടലിൽ പതിച്ചത്.

ദക്ഷിണ പസിഫിക് സമുദ്രത്തിലെ ഒരു ദ്വീപാണ് തഹീതി. ഫ്രഞ്ച് പോളിനേഷ്യയുടെ ഭാഗമായ വിൻഡ്വേഡ് ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപാണ് തഹീതി. 56 കിലോമീറ്ററോളം നീളമുള്ള തഹീതിയുടെ വിസ്തീർണം: 1,042 ചതുരശ്രകിലോമീറ്ററാണ്. ഇതിന്റെ തീരത്താണ് നിലയം പതിച്ചത്. മനോഹരമായ ഭൂപ്രകൃതിയും പ്രസന്നമായ കാലാവസ്ഥയും കൊണ്ട് ശ്രദ്ധേയമാണ് തഹീതി. ഭൂമിശാസ്ത്രപരമായി സമുദ്രത്തിൽ നിന്ന് എഴുന്നു നില്ക്കുന്ന രണ്ട് അഗ്‌നിപർവതാഗ്രങ്ങളാണ് യഥാർഥത്തിൽ തഹീതി. ഒരു കരയിടുക്കിനാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ട അവസ്ഥയിലുള്ള ഈ അഗ്‌നിപർവതങ്ങളിൽ പ്രധാനമായും രണ്ട് ഭൂപ്രദേശങ്ങൾ ഉൾപ്പെടുന്നു. ഇതിനടുത്ത കടലിൽ നിയം പതിച്ചതുകൊണ്ട് വലിയൊരു ദുരന്തം ഒഴിയുകയും ചെയ്തു. വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതകൾ ഉള്ളതിനാൽ ഇതിനെ ഭൂമിയിലെ സ്വർഗ്ഗമായും വിലയിരുത്തുന്നു.

2016 സെപ്റ്റംബർ 14നാണു തങ്ങളുടെ ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം ചൈന ഔദ്യോഗികമായി സമ്മതിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയിൽ (ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാൻഗോങ്1. 'സ്വർഗീയ സമാനമായ കൊട്ടാരം' എന്നാണു പേരിനർഥം. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനായിരുന്നു നിലയം ഉണ്ടാക്കിയത്. ഈ നിലയത്തിന്റെ നിയന്ത്രണം ചൈനയ്ക്ക് നഷ്ടമായത് ആശങ്കയുണ്ടാക്കി. ഞായറാഴ്ച ഉച്ചതിരഞ്ഞു പേടകം ഭൂമിക്ക് 179 കിലോമീറ്റർ ഉയരത്തിൽ എത്തിയിരുന്നു. നിലയം എവിടെ, എപ്പോൾ പതിക്കുമെന്നു പക്ഷേ കൃത്യമായ വിവരം ആർക്കുമുണ്ടായിരുന്നില്ല. ഈ ആശങ്കയാണ് ഇല്ലാതാകുന്നത്.

അമേരിക്ക, ചൈന, ആഫ്രിക്ക, ദക്ഷിണ യൂറോപ്പ്, ഓസ്ട്രേലിയ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ വീണേക്കുമെന്നായിരുന്നു ആശങ്ക. റഷ്യ, കാനഡ, വടക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ വീഴാനിടയുണ്ടെന്നു പ്രവചനവുമെത്തി. ഇതെല്ലാം ആശങ്ക കൂട്ടിയിരുന്നു. ജനവാസ കേന്ദ്രത്തിൽ പതിച്ചാൽ എന്ത് സംഭവിക്കുമെന്നും ചർച്ചകൾ ഉയർന്നു. ഇടിച്ചിറങ്ങാൻ പോകുന്ന ചൈനീസ് ബഹിരാകാശ നിലയത്തിനൊപ്പം അപകടകരമായ രാസവസ്തുക്കൾ ഭൂമിയിലെത്തുമെന്ന വിലയിരുത്തലുമെത്തി. ഭൂമിയിലേക്ക് വീഴുന്നതിനും മണിക്കൂറുകൾ മുൻപു മാത്രമാാണ് ടിയാൻഗോങ് നിലയത്തിന്റെ പതനത്തിൽ സൂചനകൾ ലഭിച്ചത്.

നിലയത്തിനൊപ്പം അപകടകരമായ രാസവസ്തുക്കളും ഭൂമിയിലെത്തുമെന്ന് മുന്നറിയിപ്പുണ്ട്. ഹൈഡ്രസൈൻ എന്ന് പേരുള്ള അപകടകാരിയായ രാസവസ്തുവാണ് ടിയാങോങ് 1നൊപ്പം ഭൂമിയിലേക്ക് എത്തിയതെന്നാണ് വിലയിരുത്തൽ. ഇതിൽ പല ഭാഗങ്ങളിലും ഹൈഡ്രസിൻ അടങ്ങിയിരുക്കുമെന്നതാണ് ഭീതിക്കു പിന്നിൽ. എന്തെങ്കിലും തരത്തിലുള്ള ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങളെ കണ്ടെത്തിയാൽ തന്നെ അവ ഒരിക്കലും തൊട്ട് നോക്കുകയോ പരിശോധിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. നിറമില്ലാത്ത എണ്ണപോലെ വഴുവഴുപ്പുള്ള ദ്രാവകരൂപത്തിലാണ് ഹൈഡ്രസിൻ കാണപ്പെടുക. വ്യവസായങ്ങളിലും കൃഷി, സൈനിക മേഖലകളിലും റോക്കറ്റ് ഇന്ധനങ്ങളിൽ വരെ ഹൈഡ്രസിൻ ഉപയോഗിക്കുന്നുണ്ട്.

ഹൈഡ്രസിനുമായി അടുത്ത് പെരുമാറിയാൽ കണ്ണിനും മൂക്കിനും തൊണ്ടക്കുമെല്ലാം അസ്വസ്ഥത അനുഭവപ്പെടാം. തളർച്ചയും തലവേദനയും ഛർദ്ദിയും തുടങ്ങി ബോധം നഷ്ടമായി കോമയിലാകാനുള്ള സാധ്യത പോലുമുണ്ട്. നിരന്തരം ഈ ഹൈഡ്രസിനുമായി ബന്ധപ്പെടുന്നവർക്ക് അർബുദം ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്. ബഹിരാകാശത്തു സ്ഥാപിച്ച ടിയാൻഗോങ് പരീക്ഷണ മൊഡ്യൂളുമായി ഷെൻഷൂ 8 എന്ന ബഹിരാകാശ വാഹനം 2011ൽ വിജയകരമായി ബന്ധിപ്പിക്കാനും ചൈനയ്ക്കു കഴിഞ്ഞിരുന്നു. ഇതോടെ അവരുടെ പ്രതീക്ഷ കൂടിയിരുന്നു. 2012ൽ ഷെൻഷൂ 10വിൽ ബഹിരാകാശ യാത്രികരും ടിയാൻഗോങ്ങിലെത്തി.

പല വർഷങ്ങളെടുക്കുന്ന ഒട്ടേറെ വിക്ഷേപണങ്ങളിലൂടെയാണു ലോകരാഷ്ട്രങ്ങളുടെ സഖ്യം രാജ്യാന്തര ബഹിരാകാശ നിലയം എന്ന ഭീമാകാരമായ സ്പേസ് ലാബ് യാഥാർഥ്യമാക്കിയത്. ഈ വിജയം ഒറ്റയ്ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. 2018ൽ വിക്ഷേപണങ്ങൾ ആരംഭിച്ചു 2022ൽ നിലയം പ്രവർത്തനസജ്ജമാക്കാനും ചൈന പദ്ധതിയിട്ടു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എല്ലാ സ്വപ്നങ്ങളും തകർന്നു. ടിയാൻഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമായെന്ന് രാജ്യം സമ്മതിച്ചു. ഈ നിലയമാണ് ശാന്തസമുദ്രത്തിൽ വീണത്.