ബെയ്ജിങ്: ലോക പൊലീസിന്റെ ചുമതലയിൽ നിന്നും മാറി അമേരിക്കയുടെ ആഭ്യന്തര കാര്യങ്ങളിലേക്ക് കൂടുതൽ കേന്ദ്രീകരിക്കുന്നതാകും തന്റെ നയമെന്ന് പുതിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപം ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ ലോകത്തെ നിയന്ത്രിക്കുന്ന ശക്തിയാകാൻ ചൈനയും റഷ്യയും തമ്മിലാണ് ശീതയുദ്ധം മുറുകുന്നത്. അമേരിക്കയെ വിരട്ടി അകത്തി നിർത്തുന്ന ശൈലിയും ചൈന തുടർന്നു പോരുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതാണ് ചൈനയുടെ പുതിയ അണുപരീക്ഷണത്തിൽ നിന്നും വ്യക്തമാകുന്നത്.

പത്ത് അണ്വായുധങ്ങൾ വഹിക്കാവുന്ന മിസൈലുമായി ചൈനയുടെ കരുത്തുകാട്ടൽ ലോകത്തെ ഞെട്ടിച്ചിരിക്കയാണ്. ഡോങ്‌ഫെങ്- 5 സി മിസൈലിന്റെ പരീക്ഷണ വിക്ഷേപണം കഴിഞ്ഞതായി യുഎസ് വെബ്‌സൈറ്റ് വാഷിങ്ടൻ ഫ്രീ ബീക്കൺ റിപ്പോർട്ട് ചെയ്തു. ഷാൻസി പ്രവിശ്യയിലെ തായുവാൻ വിക്ഷേപണകേന്ദ്രത്തിൽനിന്നു പടിഞ്ഞാറൻ ചൈനയിലെ മരുഭൂമിയിലേക്കാണു മിസൈൽ പരീക്ഷിച്ചത്. ലോകത്ത് ആണവ ശേഖരത്തിനായുള്ള യുദ്ധം അനുദിനം വർദ്ധിക്കുന്നു എന്നതിന്റെ തെളിവാണ് ഏറ്റവും ഒടുവിലായ ചൈന നടത്തിയ ഈ പരീക്ഷണം.

ചൈനയുടെ ശേഖരത്തിൽ 250 ആണവപോർമുനകളുണ്ടെന്നാണ് വർഷങ്ങളായി യുഎസ് കണക്കുകൂട്ടൽ. എന്നാൽ, പുതിയ പരീക്ഷണത്തോടെ, എണ്ണം 250ൽ ഒതുങ്ങിയേക്കില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പഴയ ഡിഎഫ് 5 മിസൈലുകളിൽ പുതിയ പോർമുനകൾ ചേർക്കുന്ന നീക്കം പുരോഗമിക്കുന്നതായി യുഎസ് ഇന്റലിജൻസിന് ഒരു വർഷം മുൻപേ വിവരം ലഭിച്ചിരുന്നു. പന്ത്രണ്ട് ആണവപോർമുനകൾ വരെ വഹിക്കാൻ ശേഷിയുള്ളതും 14,000 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ളതുമായ ഡോങ്‌ഫെങ് 41 മിസൈൽ റഷ്യൻ അതിർത്തിയോടു ചേർന്ന് ചൈന വിന്യസിച്ചതിന്റെ ചിത്രങ്ങൾ ചില ചൈനീസ് വെബ്‌സൈറ്റുകളിൽ വന്നുതുടങ്ങിയിട്ടുണ്ട്.

വമ്പൻ മിസൈലുമായി ചൈനയുടെ പരീക്ഷണത്തെപ്പറ്റി യുഎസ് ഇന്റലിജൻസ് അറിഞ്ഞിട്ടുണ്ടെന്ന് വാഷിങ്ടൻ ഫ്രീ ബീക്കൺ റിപ്പോർട്ടിലുണ്ട്. ഡോണൾഡ് ട്രംപ് പ്രസിഡന്റായതോടെ യുഎസ് വിദേശനയത്തിലുണ്ടായേക്കാവുന്ന മാറ്റവും സംഘർഷ സാധ്യതയും കണക്കിലെടുത്താണു ചൈന ആണവക്കരുത്ത് കൂട്ടുന്നതെന്നാണു സൂചന. ജപ്പാൻ കടലിടുക്കിലുള്ള ദ്വീപിനെ ചൊല്ലി അമേരിക്കയുമായി ചൈന നല്ല ബന്ധത്തിലല്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ചൈനയുടെ മിസൈൽ പരീക്ഷണം.

നേരത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി5 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ദീർഘദൂര മിസൈൽ പരീക്ഷണം തുടർന്നാൽ പാക്കിസ്ഥാനെ സഹായിക്കുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിന് ഇക്കാര്യത്തിൽ എതിർപ്പില്ലെങ്കിൽ ഇന്ത്യക്ക് ഇത് തുടരാം. എന്നാൽ പാക്കിസ്ഥാന്റെ ആണവ വാഹക മിസൈലുകളുടെ ദൂരപരിധിയും വർധിക്കുമെന്ന് ഗ്ലോബൽ ടൈംസിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. അയ്യായിരത്തിലേറെ കിലോമീറ്റർ ദൂരപരിധിയുള്ള അഗ്‌നി5ന് ചൈനയുടെ വടക്കന്മേഖലയെ പോലും ആക്രമിക്കാനുള്ള ശേഷിയുണ്ട്. ഒന്നരടൺ ആണവ പോർമുന വഹിക്കാനുള്ള ശേഷിയും അഗ്‌നി5നുണ്ട്.