- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വാതന്ത്രത്തിനുള്ള ഏത് ശ്രമവും യുദ്ധത്തിനുള്ള ആഹ്വാനമെന്ന് തായ്വാനോട് ചൈന; മുന്നറിയിപ്പ് ജോ ബെയ്ഡൻ തായ്വാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ; യുദ്ധത്തിലേക്കു വഴി തുറക്കുന്ന പ്രകോപനം നല്ലതല്ലെന്നു ബൈഡനും; സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നു
ബെയ്ജിങ്: തയ്വാനെതിരെ ശക്തമായ മുന്നറിയിപ്പുമായി ചൈന രംഗത്ത്. സ്വാതന്ത്ര്യത്തിനായുള്ള ഏതു ശ്രമവും യുദ്ധത്തിനുള്ള ആഹ്വാനമാണെന്നു ബൈയ്ജിങ് തയ്വാന് നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി.തയ്വാനുമായുള്ള ബന്ധം ശക്തമായി തുടരുമെന്നു പുതുതായി ചുമതലയേറ്റ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ചൈനയുടെ പ്രകോപനപരമായ ഈ മുന്നറിയിപ്പ്.ഇനിയും ശ്രമം തുടർന്നാൽ യുദ്ധമാകും മറുപടിയെന്നും ബെയ്ജിങ് പ്രതികരിച്ചു. എന്നാൽ ചൈനീസ് നീക്കത്തെ നിർഭാഗ്യകരമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. യുദ്ധത്തിലേക്കു വഴി തുറക്കുന്ന യാതൊരു തരത്തിലുള്ള പ്രകോപനവും നല്ലതല്ലെന്നും ബൈഡൻ പ്രതികരിച്ചു.ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം കൂടുതൽ വഷളായി.
തയ്വാൻ തങ്ങളുടെ അവിഭാജ്യഘടകമാണെന്നാണ് ചൈനയുടെ അവകാശവാദം. ആവശ്യമെങ്കിൽ തയ്വാൻ പിടിച്ചെടുക്കാൻ സൈനിക നടപടി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഷീ ചിൻ പിങ് നിഷേധിച്ചിട്ടുമില്ല. ദ്വീപിനു സമീപം സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ പറന്നിരുന്നു. സ്വതന്ത്ര രാജ്യം എന്ന ചിന്ത ഒരു തരത്തിലും അംഗീകരിക്കില്ലെന്നും തയ്വാൻ വൻ വിലയൊടുക്കേണ്ടി വരുമെന്നും ചൈനീസ് വക്താവ് പ്രതികരിച്ചു.
യുഎസും തയ്വാനും കൈകോർക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ചൈനയുടെ നിലപാട്. ദ്വീപിൽ അമേരിക്കയുടെ സാന്നിധ്യം വർധിക്കുന്നതും അവരെ അസ്വസ്ഥരാക്കുന്നുണ്ട്. അമേരിക്കയാണ് എല്ലാ ഘട്ടത്തിലും തയ്വാനെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത്. സൈനിക ശക്തി ആധുനികവൽക്കരിക്കാനുള്ള സഹായമാണ് അവർ ലഭ്യമാക്കുന്നത്.
1949ലെ ആഭ്യന്തര യുദ്ധത്തിനു ശേഷം തയ്വാൻ സ്വതന്ത്ര രാജ്യമാണെങ്കിലും ചൈന അംഗീകരിക്കുന്നില്ല. ചൈനീസ് തായ്പേയ് എന്നാണ് അവർ തയ്വാനെ വിശേഷിപ്പിക്കുന്നത്. 2016ൽ തയ്വാൻ പ്രസിഡന്റായി സായ് ഇങ് വെൻ അധികാരമേറ്റതു മുതൽ, ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കാൻ തയ്വാൻ തയാറായിട്ടില്ല. കടുത്ത സമ്മർദമാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. തയ്വാൻ കടലിടുക്കിൽ വ്യോമസേനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനവും ചൈനയെ ചൊടിപ്പിച്ചിരുന്നു.
അതേസമയം, ഡൊണൾഡ് ട്രംപ് അധികാരത്തിലെത്തിയതിനുശേഷം ചൈനയുടെ എതിർപ്പ് അവഗണിച്ച് തയ്വാനുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. സൈനികശക്തി മെച്ചപ്പെടുത്തി ചൈനയെ നേരിടാനാണ് അമേരിക്ക തയ്വാനു നൽകിയിരുന്ന ഉപദേശം. ജോ ബൈഡനും തയ്വാനെ അനുകൂലിച്ച് രംഗത്തെത്തിയതോടെയാണ് ചൈന നിലപാട് കടുപ്പിച്ചത്.
മറുനാടന് ഡെസ്ക്