ന്യൂഡൽഹി: ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീ ന്യൂഡൽഹിയിലെത്തി. ലഡാക്ക് അതിർത്തിയിലെ ഇന്ത്യ- ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഒരു ഉന്നത നയതന്ത്രപ്രതിനിധി ഇന്ത്യയിൽ എത്തുന്നത്.

ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക് എത്തുന്നതായി യാതൊരു സൂചനയും കേന്ദ്രസർക്കാർ പുറത്തുവിട്ടിരുന്നില്ല. വാങ് യീ ഡൽഹിയിൽ വിമാനമിറങ്ങിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷമാണ് ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരണം നൽകിയത്. അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞാണ് വാങ് യീ നേരെ ഡൽഹിയിൽ എത്തിയത് എന്നാണ് വിവരം.

കാശ്മീർ വിഷയത്തിൽ പാക് അനുകൂല പ്രസ്താവന നടത്തിയതിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയത്. കാശ്മീർ വിഷയത്തിൽ കഴിഞ്ഞ ദിവസം വാങ് യീ നടത്തിയ പരാമർശം വിവാദമായിരുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ (ഒഐസി) യോഗത്തിലാണ് അദ്ദേഹം കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ പിന്തുണച്ചത്.

പാക്കിസ്ഥാൻ കശ്മീർ വിഷയം യോഗത്തിൽ ഉന്നയിച്ചപ്പോൾ, 'കാശ്മീരിനെക്കുറിച്ച് നിരവധി ഇസ്ലാമിക സുഹൃത്തുക്കളുടെ വാക്കുകൾ തങ്ങൾ ഇന്ന് വീണ്ടും കേട്ടുവെന്നും ഈ വിഷയത്തിൽ ചൈനയ്ക്കും ഇതേ പ്രതീക്ഷയാണുള്ളതെ'ന്നുമായിരുന്നു വാങ് ചീയുടെ പരാമർശം. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഈ പ്രസ്താവനയിൽ ഇന്ത്യ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ഒഐസിയുടെ ഉദ്ഘാടന ചടങ്ങിൽ നടത്തിയ പ്രസംഗത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യക്കെതിരെ നടത്തിയ പരാമർശം അനാവശ്യമാണെന്നും ഞങ്ങൾ അത് തള്ളിക്കളയുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു. ജമ്മു കശ്മീർ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബാഗ്ചി ട്വീറ്റ് ചെയ്തിരുന്നു.

ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇതിൽ അഭിപ്രായം പറയാൻ അവകാശമില്ല. ആ രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ഇന്ത്യയും വിട്ടുനിൽക്കുന്നുവെന്നത് അവർ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാൻ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ സന്ദർശനത്തിന് ശേഷമാണ് വാംഗ് യീ ഇന്ത്യയിലെത്തുന്നത്. ഇസ്ലാമിക ഭീകരതയുടെ ഏഷ്യൻ മേഖലയിലെ പ്രധാന കേന്ദ്രങ്ങളായ രണ്ടു രാജ്യങ്ങളേയും കയ്യിലാക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്കിടെയാണ് ഇന്ത്യാ സന്ദർശനം. താലിബാനേയും പാക് ഭീകരരേയും ഫലപ്രദമായി പ്രതിരോധിച്ച് നിൽക്കുന്ന ഇന്ത്യയുടെ നിലപാട് ചൈന ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.

വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ലഡാക്കിലെ സംഘർഷം നടന്ന 2020ന് ശേഷം ചൈനയുടെ ഏറ്റവും ഉന്നതനായ മന്ത്രി ഇന്ത്യ ആദ്യമായി സന്ദർശിക്കുന്നു എന്നത് ഏറെ പ്രാധാന്യത്തോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. കമാന്റർ തല ചർച്ചകൾ 15 എണ്ണം പൂർത്തിയാക്കിയിട്ടും ലഡാക്കിലേയും പാംഗോംഗ്സോയിലേയും സൈനിക പിന്മാറ്റത്തിലെ അപാകതകൾ ഇന്ത്യ മുന്നോട്ട് വയ്ക്കും.

മോദി സർക്കാരിന്റെ തുടക്കകാലത്ത് വളരെ ഊഷ്മളമായിരുന്ന ഇന്ത്യ - ചൈന ബന്ധം അതിർത്തി തർക്കത്തെ തുടർന്ന് പിന്നീട് വഷളായിരുന്നു. ഗൽവാനിലെ ഏറ്റുമുട്ടലിൽ നിരവധി സൈനികർ കൊല്ലപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായി. സൈനിക തലത്തിൽ ആവർത്തിച്ചുള്ള ചർച്ചകൾ സംഘർഷത്തിന്റെ തീവ്രത കുറച്ചെങ്കിലും 2020-ന് മുൻപുള്ള നയതന്ത്രബന്ധത്തിലേക്ക് ഇരുരാജ്യങ്ങളും ഇനിയും എത്തിയിട്ടില്ല.

എന്നാൽ ഇതേ കാലയളവിൽ മോസ്‌കോയിലും ദുഷാൻബെയിലും വച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കർ വാങ് യീയെ കാണുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. 2020 സെപ്റ്റംബറിൽ, ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഒരു ഉച്ചക്കോടിയുടെ ഭാഗമായി ഇരുനേതാക്കളും മോസ്‌കോയിൽ വിപുലമായ ചർച്ചകൾ നടത്തി, ഈ സമയത്ത് കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കം പരിഹരിക്കുന്നതിന് ധാരണയിലെത്തുകയും ചെയ്തിരുന്നു.