- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോണെടുക്കാൻ മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നവർ ജാഗ്രതൈ! നിങ്ങൾ ചെന്നുപെടുന്നത് വമ്പൻ കെണിയിലായിരിക്കും; അതിവേഗ വായ്പാ ആപ്പുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് ചൈനീസ് ബന്ധം; മോഷ്ടിച്ച ഡാറ്റ ഉപയോഗിച്ചു വായ്പ്പ നൽകിയ സ്ഥാപനങ്ങൾ ഉയർത്തുന്ന ബലാത്സംഗ ഭീഷണി വരെ; പിന്നിൽ വൻ ചൈനീസ് റാക്കറ്റ്
മുംബൈ: എന്തിനും ഏതിനും ടെക്നോളജി ഉപയോഗിക്കുന്ന കാലമാണ് ഇന്ന്. ഒരു പേഴ്സണൽ ലോൺ കിട്ടണമെങ്കിൽ പോലും യാതൊരു ബുദ്ധിമുട്ടുമില്ലാതെ വിരൽതുമ്പിൽ ലഭിക്കുന്ന കാലം. ഇങ്ങനെ ലോണുകൾ തരപ്പെടുത്താനായി പലവിധത്തലുള്ള കമ്പനികൾ നമുക്കു ചുറ്റുമുണ്ട്. ഈ കമ്പനികൾ മൊബൈൽ അപ്ലിക്കേഷന് രൂപം നൽകിയും ലോൺ നല്കാൻ സന്നദ്ധമായി രംഗത്തുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ലോൺ സമ്പ്രദായം നിലനിൽക്കുന്നു. എന്നാൽ, മൊബൈൽ ആപ്പുകൾ ഉപയോഗിച്ചു അതിവേഗ വായ്പ്പകൾ തരപ്പെടുത്തുന്നവർ ശരിക്കും സൂക്ഷിക്കേണ്ട സമയമായി എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. രാജ്യത്ത് വ്യാപകമായ അതിവേഗ വായ്പാ മൊബൈൽ ആപ്പുകൾക്കു പിന്നിൽ ചൈനീസ് കമ്പനികളെന്ന് വിവിധ സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ആപ്പുകൾ ഉപയോഗിച്ചുനൽകുന്ന വായ്പകളിൽ തിരിച്ചടവു മുടങ്ങിയാൽ മനുഷ്യത്വരഹിതമായ രീതികളിലൂടെയാണ് തുക തിരിച്ചുപിടിക്കുന്നത്. അതിഭീകരമായ വിധത്തിൽ ആളുകളെ ടോർച്ചർ ചെയ്യുന്ന ശൈലിയാണ് ഇവരുടേത്. അടുത്തിടെ തെലുങ്കാനയിൽ ഇത്തരക്കാർ അറസ്റ്റിലായതോടെയാണ് ഇതിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങൾ പുറത്തുവന്നത്. ലോണെടുത്തയാളെ ആത്മഹത്യയിലേക്ക് പോലും തള്ളിവിടുന്ന വിധത്തിലാണ് ഇവരുടെ നീക്കങ്ങൾ.
ഇതിനായി ഉപഭോക്താക്കളുടെ മൊബൈലിലെ വിവരങ്ങൾ അനുവാദമില്ലാതെ ഇവർ ചോർത്തിയെടുക്കും. ഇത്തരം ആപ്പുകളുടെ സെർവറുകൾ ചൈനയിലാണെന്നും ചോർത്തിയെടുക്കുന്ന വിവരങ്ങൾ നിയന്ത്രിക്കുന്നത് ചൈനയിൽനിന്നാണെന്നും വ്യക്തമായിട്ടുണ്ട്. ഇതിന് ശാസ്ത്രീയ തെളിവുകൾ ലഭിച്ചതായും അന്വേഷണ ഏജൻസികൾ പറഞ്ഞു.
ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രമാക്കി നടന്ന അന്വേഷണത്തിലാണ് വായ്പാ ആപ്പുകളിൽ ചൈനീസ് ബന്ധം കണ്ടെത്തിയിരിക്കുന്നത്. ബെംഗളൂരുവിൽ നാലു കമ്പനികളിൽ കഴിഞ്ഞയാഴ്ച റെയ്ഡ് നടന്നിരുന്നു. ഇതിൽ മൂന്നിന്റെയും ഡയറക്ടർമാർ ചൈനയിൽനിന്നാണ്. ഹാക്ക് ചെയ്ത മൊബൈൽ ഫോൺ വിവരങ്ങൾ കൈകാര്യംചെയ്യുന്നത് ചൈനയിൽനിന്നാണെന്നും സൈബർ ക്രൈം സിഐ.ഡി. എസ്പി. എം.ഡി. ശരത് പറഞ്ഞു. ഇതിൽത്തന്നെ രണ്ടു സ്ഥാപനങ്ങളുടെ ഡയറക്ടർ യാൻപെങ് ക്യു എന്ന ചൈനീസ് പൗരനാണ്. സൈബരാബാദ് പൊലീസ് നടത്തിയ അന്വേഷണത്തിൽ അവിടെ പ്രവർത്തിച്ചിരുന്ന ക്യൂബേവോ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനത്തിനു പിന്നിലും ചൈനീസ് ബന്ധം കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് ഒരു ചൈനക്കാരനെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ 158 ആപ്പുകൾ പ്ലേസ്റ്റോറിൽനിന്ന് ഒഴിവാക്കാൻ തെലങ്കാന പൊലീസ് ഗൂഗിളിന് നിർദ്ദേശം നൽകി. ഗുഡ്ഗാവിൽ രജിസ്റ്റർചെയ്ത സ്കൈലൈൻ ഇന്നൊവേഷൻസ് ടെക്നോളജീസിനു കീഴിലാണ് ക്യൂബേവോ ടെക്നോളജിയുടെ പ്രവർത്തനം. സ്കൈലൈന്റെ ഡയറക്ടർ സിഷിയ ഴാങ് എന്ന ചൈനക്കാരനാണ്. ഈ കമ്പനിക്കുകീഴിൽ മാത്രം 11 ആപ്ലിക്കേഷനുകളാണുള്ളത്.
ഏതാനും വർഷങ്ങളായി അതിവേഗ വായ്പാ ആപ്പുകൾ വലിയതോതിൽ പ്രചാരത്തിലുണ്ട്. ഇപ്പോൾ ഇവയുടെ എണ്ണം ദിനംതോറും കൂടിവരുന്നു. റിസർവ് ബാങ്കിൽ രജിസ്റ്റർചെയ്ത ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന ആപ്പുകൾ നിയന്ത്രിക്കാൻ എളുപ്പമാണ്. എന്നാൽ, ആർ.ബി.ഐ. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന കമ്പനികളാണ് തട്ടിപ്പിനു പിന്നിൽ. ഇവയെ നിയന്ത്രിക്കുക ആർ.ബി.ഐ.ക്കും വലിയ തലവേദനയായിട്ടുണ്ട്. ഇത്തരം ആപ്പുകളെ കരുതിയിരിക്കാൻ ആർ.ബി.ഐ. കഴിഞ്ഞദിവസം മുന്നറിയിപ്പു നൽകിയിരുന്നു.
ഒരു ചൈനീസ് പൗരൻ ഉൾപ്പെടെ നാലുപേർ വായ്പ്പാ തട്ടിപ്പിൽ അറസ്റ്റിലായിരുന്നു. സൈബറാബാദ് സൈബർ ക്രൈം പൊലീസ് ചൈനീസ് പൗരന്റെ ഉടമസ്ഥതയിലുള്ള കുബേവോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിൽ നടത്തിയ റെയ്ഡിലാണ് നാലുപേരും പിടിയിലാകുന്നത്. കമ്പനിയുടെ ആസ്ഥാനം ഡൽഹിയിലെ സ്കൈലൈൻ ഇന്നോവേഷൻസ് ടെക്നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. ഇതിന്റെ ഡയറക്ടർമാർ സിക്സിയ ഷാങ്ങും ഉമാപതി അജയ്യുമാണ്.
11 വായ്പ ആപ്ലിക്കേഷനാണ് ഇവർക്ക് സ്വന്തമായുള്ളത്. ലോൺ ഗ്രാം, ക്യാഷ് ട്രെയിൻ, ക്യാഷ് ബസ്, AAA ക്യാഷ്, സൂപ്പർ ക്യാഷ്, മിന്റ് ക്യാഷ്, ഹാപ്പി ക്യാഷ്, ലോൺ കാർഡ്, റീപേ വൺ, മണി ബോക്സ്, മങ്കി ബോക്സ് തുടങ്ങിയവയാണവ. ഇതുവഴി വ്യക്തിഗത വായ്പ അനുവദിക്കുകയും കൊള്ളപലിശക്ക് പുറമെ മറ്റു നിരക്കുകളും വായ്പയെടുത്തവരിൽനിന്ന് ഈടാക്കുകയുമായിരുന്നു. കൂടാതെ മുതലും പലിശയും തിരിച്ചുപിടിക്കുന്നതിനായി ഭീഷണിപ്പെടുത്തലും അക്രമ നടപടികളും സ്വീകരിച്ചിരുന്നു. ബന്ധുക്കൾക്ക് വ്യാജ ലീഗൽ നോട്ടീസുകൾ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അടുത്തിടെ എട്ടു കേസുകളാണ് സൈബറാബാദ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. രാജ്യത്ത് ഇത്തരം വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വായ്പ കമ്പനികളുടെ ഭീഷണിയെ തുടർന്ന് മൂന്നുപേർ ആത്മഹത്യചെയ്യുകയും ചെയ്തിരുന്നു.
ആപ്പുകളുടെ ചൈനീസ് ബന്ധം വ്യക്തം
ആപ്പ് വഴിയുള്ള വായ്പ തട്ടിപ്പിന് ചൈനയ്ക്ക് ബന്ധമുണ്ടെന്നും ഇത് തെളിയിക്കുന്നതിനാവശ്യമായ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും സിഐഡി അറിയിച്ചു. ആപ്ലിക്കേഷൻ സെർവറും ആപ്ലിക്കേഷനിലൂടെ ആക്സസ്സ് ചെയ്ത ഡാഷ്ബോർഡും ചൈനയിൽനിന്നുള്ളതാണെന്ന് കണ്ടെത്തിയതായും തൽക്ഷണ വായ്പാ ആപ്ലിക്കേഷനുകൾ നടത്തിയ ഡാറ്റാ മോഷണം അന്വേഷിക്കുന്ന സിഐഡി പറഞ്ഞു. അടുത്തിടെ സിഐഡി റെയ്ഡ് ചെയ്ത നാല് കമ്പനികളിൽ മൂന്നെണ്ണത്തിന്റെ ഡയറക്ടർമാരും ചൈനയിൽ നിന്നുള്ളവരാണ്. ബെംഗളൂരുവിലെ മാഡ് എലിഫന്റ് ടെക്നോളജീസ്, ബോറയാൻക്സി ടെക്നോളജീസ്, പ്രോഫിറ്റൈസ് ടെക്നോളജീസ്, വിസ്പ്രോ സൊല്യൂഷൻസ് എന്നീ കമ്പനികളിലാണ് സിഐഡി റെയ്ഡ് നടത്തിയത്. ആപ്ലിക്കേഷൻ സെർവറും ആപ്ലിക്കേഷനിലൂടെ ആക്സസ്സ് ചെയ്ത ഡാഷ്ബോർഡും ചൈനയിൽനിന്നുള്ളതാണ്.
ഇതിൽ ബോറയാൻക്സി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ചൈനീസ് കമ്പനിയായ ഹോങ്കു ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയും ഡയറക്ടറുമാണ്. റൂമിങ്ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് മാഡ് എലിഫന്റ്. ചൈനീസുകാരനായ യാൻപെംഗ് ക്യൂയാണ് ഇതിന്റെ ഉടമ. റെയ്ഡ് ചെയ്ത കമ്പനികളുടെ പ്രവർത്തനങ്ങൾ ചൈനയിൽ നിന്നാണ് നിയന്ത്രിക്കുന്നത്. ഹാക്ക് ചെയ്ത മൊബൈൽ ഫോണുകളുടെ ഡാറ്റ കൈകാര്യം ചെയ്യുന്നതും ഇവിടെ നിന്നാണെന്നും സിഐഡി സൈബർ ക്രൈം പൊലീസ് സൂപ്രണ്ട് എംഡി ശരത് പറഞ്ഞു.
സംഭവത്തിൽ രണ്ട് പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽനിന്ന് രേഖകൾ ശേഖരിക്കുകയും അവരെ ചോദ്യം ചെയ്ത് വരികയുമാണ്. അതേസമയം പത്തോളം തൽക്ഷണ വായ്പ ആപ്ലിക്കേഷനുകൾ സ്വന്തമാക്കിയിട്ടുള്ള ഒരു തട്ടിപ്പ് സ്ഥാപനത്തെ കൂടി കണ്ടെത്തിയിട്ടുണെന്നും അത് ഉടൻ റെയ്ഡ് ചെയ്യുമെന്നും ആവശ്യമെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആപ്പ് വഴിയുള്ള വായ്പ തട്ടിപ്പും അന്വേഷണവും
തൽക്ഷണ വായ്പ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തങ്ങളുടെ വിവരങ്ങൾ മോഷ്ടിച്ചെന്നും ചോർത്തിയെന്നുമുള്ള പരാതികൾ വ്യാപകമായി ഉയർന്നത്തോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മോഷ്ടിച്ച ഡാറ്റ ഉപയോഗിച്ച് വായ്പ നൽകിയ സ്ഥാപനങ്ങൾ ബലാത്സംഗം ഉൾപ്പെടെയുള്ള ഭീഷണികൾ ഉയർത്തിയതായി ആളുകൾ പരാതിപ്പെട്ടു. മിക്ക കേസുകളിലും ആളുകളുടെ കോൺടാക്റ്റ് ലിസ്റ്റ് ചോർത്തിയതായി കണ്ടെത്തി. ഇങ്ങനെ ചോർത്തിയ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് പുതിയ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി അതിലെ അംഗങ്ങൾക്ക് മോശം സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കടക്കെണിയും മാനഹാനിയും ഭയന്ന് തട്ടിപ്പിന് ഇരയായ നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. തത്സമയ ലോൺ ആപ്പ് വഴിയുള്ള അനധികൃത വായ്പ വിതരണത്തിനെതിരെ സൈബർ പൊലീസ് രംഗത്തുണ്ടെങ്കിലും തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഹൈദരാബാദ്, ഗുരുഗ്രാം എന്നിവിടങ്ങിൽനിന്ന് കഴിഞ്ഞദിവസം 19 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
ആപ്പ് വഴിയുള്ള തട്ടിപ്പ് ഇങ്ങനെ
ആപ്പ് വഴി തത്സമയം വായ്പ ലഭിക്കുന്നതിന് ആധാർ, പാൻ, സെൽഫി എന്നിവ ആപ്പിൽ അപ്ലോഡ് ചെയ്യണം. അതോടൊപ്പം ഫോട്ടോ ഗ്യാലറിയിലേയ്ക്കും ഫോൺ കോണ്ടാക്ട് ലിസ്റ്റിലേയ്ക്കും ആകസ്സ് ചോദിക്കും. വായ്പയെടുക്കുന്നവർ അതൊന്നും അപ്പോൾ കാര്യമാക്കാറില്ല. ഇതിനൊക്കെ അനുമതിയും നൽകും. ദിവസം കണക്കാക്കിയാണ് വായ്പയ്ക്ക് പലിശ ഈടാക്കുന്നത്. ഒരുദിവസത്തിന് 0.1 ശതമാനമാണ് പലിശ. അതായത് വാർഷിക നിരക്കിൽ കണക്കാക്കിയാൽ 36 ശതമാനത്തോളം വരുമിത്.
ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയും ആപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രവർത്തനം നിയമവിധേയമാണെന്ന് കാണിക്കാനുള്ള തന്ത്രമാണിതിന് പിന്നിൽ. ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന പണം ആപ്പുകൾ ആവശ്യക്കാരിലെത്തിക്കുന്നു. ആരുടെയും നിയന്ത്രണമില്ലാതെയാണ് ഇത്തരം ആപ്പുകൾ വഴിയുള്ള വായ്പാ ഇടപാടുകൾ നടക്കുന്നത്.
മറുനാടന് ഡെസ്ക്