- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി, ഗസ്സിയാബാദ്, ഗുഡ്ഗാവ്, മുംബൈ, പൂണെ, നാഗ്പുർ, ബെംഗളൂരു എന്നിവിടങ്ങളിൽ കോൾ സെന്ററുകൾ; ഓൺലൈൻ വായ്പാ തട്ടിപ്പിൽ പിടിയിലായ ഷൂ വെയ് തട്ടിപ്പിന്റെ പ്രധാന ബുദ്ധി കേന്ദ്രം; പ്രധാനി യുവാൻ എന്ന ചൈനീസ് സ്ത്രീയും; ആപ്പ് വായ്പാ തട്ടിപ്പിലെ ചൈനീസ് ചതിക്കുഴികൾ വ്യക്തമാകുമ്പോൾ
ഹൈദരാബാദ്: കോടികളുടെ ഓൺലൈൻ വായ്പാ തട്ടിപ്പിന് പിന്നിലെ ചൈനീസ് മാഫിയെ കണ്ടെത്തി ഹൈദരാബാദ് പൊലീസ്. ചതിക്ക് പിന്നിലെ പ്രധാനിയായ ചൈനീസ് പൗരനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയേഴുകാരനായ ഷു വെയ് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണു ഡൽഹി വിമാനത്താവളത്തിൽ പിടിയിലായത്. ഇത്തരം ഓൺലൈൻ വായ്പാ കമ്പനികളുടെ പീഡനത്തെ തുടർന്നു ഒരു ടെക്കി ഉൾപ്പെടെ മൂന്നു പേർ ആത്മഹത്യ ചെയ്തതോടെയാണു പൊലീസ് അന്വേഷണം ആരംഭിച്ചത്.
21,000 കോടി രൂപയുടെ 1.4 കോടി സാമ്പത്തിക ഇടപാടുകളാണ് അനധികൃതമായി ഇവർ നടത്തിയത്. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ഉടനടി വായ്പ നൽകുകയും ഭീഷണിപ്പെടുത്തി 36 ശതമാനം വരെ പലിശ ഈടാക്കുകയുമായിരുന്നു രീതി. ഇതിന്റെ സമ്മർദ്ദത്തിലാണ് ആത്മഹത്യയുണ്ടാകുന്നത്. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്. നിരവധി കമ്പനികളുടെ വൻ ശൃംഖലയാണു തട്ടിപ്പു നടത്തുന്നത്.
അഗ്ലൊ ടെക്നോളജീസ്, ലിയുഫാങ് ടെക്നോളജീസ്, നബ്ലൂം ടെക്നോളജീസ്, പിൻപ്രിന്റ് ടെക്നോളജീസ് എന്നീ നാലു കമ്പനികൾ നടത്തിയിരുന്ന അനധികൃത ലോൺ ആപ്പുകളുടെ മേധാവിയായിരുന്നു അറസ്റ്റിലായ വെയ്. തന്ത്രപരമായാണ് ഇയാളെ അറസ്റ്റു ചെയ്തത്. നേരത്തെ ഇയാളുടെ ജീവനക്കാരനായ കെ.നാഗരാജുവിനെ ആന്ധ്രയിലെ കുർണൂൽ ജില്ലയിൽനിന്ന് അറസ്റ്റ് ചെയ്തു. കടം വാങ്ങുന്നവരെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന കോൾ സെന്ററുകൾ നിയന്ത്രിച്ചിരുന്നതു നാഗരാജുവാണ്.
ഈ തട്ടിപ്പു കേസിൽ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം എട്ടായി ഉയർന്നിട്ടുണ്ട്. ഡൽഹി, ഗസ്സിയാബാദ്, ഗുഡ്ഗാവ്, മുംബൈ, പൂണെ, നാഗ്പുർ, ബെംഗളൂരു എന്നിവിടങ്ങളിലും കോൾ സെന്ററുകൾ പ്രവർത്തിച്ചിരുന്നു. യുവാൻ യുവാൻ എന്ന സ്ത്രീയാണ് മാഫിയയിലെ പ്രധാനി. ഇവരാണ് ഇന്ത്യയിൽ അനധികൃത വായ്പാ ശൃംഖല ആരംഭിച്ചതെന്നാണു പിടിയിലായവരിൽനിന്നു ലഭിക്കുന്ന വിവരം. ഇവർ ഇപ്പോൾ വിദേശത്താണ്. കഴിഞ്ഞ ആറു മാസത്തിനുള്ളിലാണ് ഈ കമ്പനികളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലൂടെ കൂടുതൽ വലിയ ഇടപാടുകൾ നടന്നിരിക്കുന്നത്.
ബിറ്റ്കോയിൻ വഴി ചില രാജ്യാന്തര ഇടപാടുകളും നടന്നിട്ടുണ്ട്. കോൾ സെന്ററുകളിൽ നൂറുകണക്കിനു ജീവനക്കാരെ നിയമിച്ചാണു കമ്പനികൾ വായ്പാ തട്ടിപ്പു നടത്തുന്നത്. ആളുകളെ വിളിച്ച് മൊബൈൽ ആപ്പ് വഴി അതിവേഗം വായ്പ വാഗ്ദാനം ചെയ്യും. പണം കടം വാങ്ങിക്കഴിഞ്ഞാൽ സ്വഭാവം മാറും. വൻതുക പലിശ ഉൾപ്പെടെ പണം തിരികെ നൽകാൻ വൈകിയാൽ ഭീഷണിയും ബ്ളാക്ക്മെയിലിങ്ങും തുടങ്ങും. ഇതാണ് പലരുടേയും ആത്മഹത്യയ്ക്ക് കാരണമായത്.
ആത്മഹത്യ ചെയ്ത സോഫ്റ്റ്‌വെയർ എൻജിനീയർ ഈ ആപ്പ് വഴി എട്ടു ലക്ഷം രൂപ വായ്പയെടുത്തു. കോവിഡിനെ തുടർന്നു ജോലി നഷ്ടമായതോടെ തിരിച്ചടവ് മുടങ്ങി. പലിശ ഉൾപ്പെടെ 11 ലക്ഷം രൂപ നൽകേണ്ട അവസ്ഥയായി. ഇതോടെ കമ്പനിയുടെ ഭാഗത്തുനിന്നു ഭീഷണി തുടങ്ങി. ഇയാൾ തട്ടിപ്പുകാരനാണെന്ന് കാട്ടി വിവിധ സുഹൃത്തുക്കൾക്കു കമ്പനി സന്ദേശമയച്ചു. ഇക്കാര്യം അറിഞ്ഞതോടെയാണ് ഇയാൾ ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.
രണ്ടു ലക്ഷം രൂപ കടബാധ്യത വന്ന സുനിൽ എന്നയാളും ആത്മഹത്യ ചെയ്തു. കേസ് കൊടുക്കുമെന്നും അക്കൗണ്ട് മരവിപ്പിക്കുമെന്നും സമൂഹത്തിൽ അപമാനിതനാക്കുമെന്നും കമ്പനി ഭീഷണി മുഴക്കിയതിനെ തുടർന്നാണു സുനിൽ ജീവനൊടുക്കിയത്. ആപ്പുകൾ ഉപയോഗിച്ചുനൽകുന്ന വായ്പകളിൽ തിരിച്ചടവു മുടങ്ങിയാൽ മനുഷ്യത്വരഹിതമായ രീതികളിലൂടെയാണ് തുക തിരിച്ചുപിടിക്കുന്നത്. അതിഭീകരമായ വിധത്തിൽ ആളുകളെ ടോർച്ചർ ചെയ്യുന്ന ശൈലിയാണ് ഇവരുടേത്. ഇതിനായി ഉപഭോക്താക്കളുടെ മൊബൈലിലെ വിവരങ്ങൾ അനുവാദമില്ലാതെ ഇവർ ചോർത്തിയെടുക്കും. ഇത്തരം ആപ്പുകളുടെ സെർവറുകൾ ചൈനയിലാണെന്നും ചോർത്തിയെടുക്കുന്ന വിവരങ്ങൾ നിയന്ത്രിക്കുന്നത് ചൈനയിൽനിന്നാണെന്നും വ്യക്തമായിട്ടുണ്ട്. ഇതിന് ശാസ്ത്രീയ തെളിവുകൾ ലഭിച്ചതായും അന്വേഷണ ഏജൻസികൾ പറഞ്ഞു.
ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രമാക്കി നടന്ന അന്വേഷണത്തിലാണ് വായ്പാ ആപ്പുകളിൽ ചൈനീസ് ബന്ധം കണ്ടെത്തിയിരിക്കുന്നത്. ബെംഗളൂരുവിൽ നാലു കമ്പനികളിൽ കഴിഞ്ഞയാഴ്ച റെയ്ഡ് നടന്നിരുന്നു. ഇതിൽ മൂന്നിന്റെയും ഡയറക്ടർമാർ ചൈനയിൽനിന്നാണ്. ഹാക്ക് ചെയ്ത മൊബൈൽ ഫോൺ വിവരങ്ങൾ കൈകാര്യംചെയ്യുന്നത് ചൈനയിൽനിന്നാണെന്നും സൈബർ ക്രൈം സിഐ.ഡി. എസ്‌പി. എം.ഡി. ശരത് പറഞ്ഞു. ഇതിൽത്തന്നെ രണ്ടു സ്ഥാപനങ്ങളുടെ ഡയറക്ടർ യാൻപെങ് ക്യു എന്ന ചൈനീസ് പൗരനാണ്. സൈബരാബാദ് പൊലീസ് നടത്തിയ അന്വേഷണത്തിൽ അവിടെ പ്രവർത്തിച്ചിരുന്ന ക്യൂബേവോ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനത്തിനു പിന്നിലും ചൈനീസ് ബന്ധം കണ്ടെത്തി.
ഇത്തരത്തിൽ 158 ആപ്പുകൾ പ്ലേസ്റ്റോറിൽനിന്ന് ഒഴിവാക്കാൻ തെലങ്കാന പൊലീസ് ഗൂഗിളിന് നിർദ്ദേശം നൽകി. ഗുഡ്ഗാവിൽ രജിസ്റ്റർചെയ്ത സ്‌കൈലൈൻ ഇന്നൊവേഷൻസ് ടെക്നോളജീസിനു കീഴിലാണ് ക്യൂബേവോ ടെക്നോളജിയുടെ പ്രവർത്തനം. സ്‌കൈലൈന്റെ ഡയറക്ടർ സിഷിയ ഴാങ് എന്ന ചൈനക്കാരനാണ്. ഈ കമ്പനിക്കുകീഴിൽ മാത്രം 11 ആപ്ലിക്കേഷനുകളാണുള്ളത്. ഏതാനും വർഷങ്ങളായി അതിവേഗ വായ്പാ ആപ്പുകൾ വലിയതോതിൽ പ്രചാരത്തിലുണ്ട്. ഇപ്പോൾ ഇവയുടെ എണ്ണം ദിനംതോറും കൂടിവരുന്നു. റിസർവ് ബാങ്കിൽ രജിസ്റ്റർചെയ്ത ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന ആപ്പുകൾ നിയന്ത്രിക്കാൻ എളുപ്പമാണ്. എന്നാൽ, ആർ.ബി.ഐ. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന കമ്പനികളാണ് തട്ടിപ്പിനു പിന്നിൽ. ഇവയെ നിയന്ത്രിക്കുക ആർ.ബി.ഐ.ക്കും വലിയ തലവേദനയായിട്ടുണ്ട്. ഇത്തരം ആപ്പുകളെ കരുതിയിരിക്കാൻ ആർ.ബി.ഐ. കഴിഞ്ഞദിവസം മുന്നറിയിപ്പു നൽകിയിരുന്നു.
ആപ്പ് വഴിയുള്ള വായ്പ തട്ടിപ്പും അന്വേഷണവും
തൽക്ഷണ വായ്പ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തങ്ങളുടെ വിവരങ്ങൾ മോഷ്ടിച്ചെന്നും ചോർത്തിയെന്നുമുള്ള പരാതികൾ വ്യാപകമായി ഉയർന്നത്തോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മോഷ്ടിച്ച ഡാറ്റ ഉപയോഗിച്ച് വായ്പ നൽകിയ സ്ഥാപനങ്ങൾ ബലാത്സംഗം ഉൾപ്പെടെയുള്ള ഭീഷണികൾ ഉയർത്തിയതായി ആളുകൾ പരാതിപ്പെട്ടു. മിക്ക കേസുകളിലും ആളുകളുടെ കോൺടാക്റ്റ് ലിസ്റ്റ് ചോർത്തിയതായി കണ്ടെത്തി. ഇങ്ങനെ ചോർത്തിയ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് പുതിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി അതിലെ അംഗങ്ങൾക്ക് മോശം സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കടക്കെണിയും മാനഹാനിയും ഭയന്ന് തട്ടിപ്പിന് ഇരയായ നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. തത്സമയ ലോൺ ആപ്പ് വഴിയുള്ള അനധികൃത വായ്പ വിതരണത്തിനെതിരെ സൈബർ പൊലീസ് രംഗത്തുണ്ടെങ്കിലും തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഹൈദരാബാദ്, ഗുരുഗ്രാം എന്നിവിടങ്ങിൽനിന്ന് കഴിഞ്ഞദിവസം 19 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
ആപ്പ് വഴിയുള്ള തട്ടിപ്പ് ഇങ്ങനെ
ആപ്പ് വഴി തത്സമയം വായ്പ ലഭിക്കുന്നതിന് ആധാർ, പാൻ, സെൽഫി എന്നിവ ആപ്പിൽ അപ്ലോഡ് ചെയ്യണം. അതോടൊപ്പം ഫോട്ടോ ഗ്യാലറിയിലേയ്ക്കും ഫോൺ കോണ്ടാക്ട് ലിസ്റ്റിലേയ്ക്കും ആകസ്സ് ചോദിക്കും. വായ്പയെടുക്കുന്നവർ അതൊന്നും അപ്പോൾ കാര്യമാക്കാറില്ല. ഇതിനൊക്കെ അനുമതിയും നൽകും. ദിവസം കണക്കാക്കിയാണ് വായ്പയ്ക്ക് പലിശ ഈടാക്കുന്നത്. ഒരുദിവസത്തിന് 0.1 ശതമാനമാണ് പലിശ. അതായത് വാർഷിക നിരക്കിൽ കണക്കാക്കിയാൽ 36 ശതമാനത്തോളം വരുമിത്.
ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയും ആപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രവർത്തനം നിയമവിധേയമാണെന്ന് കാണിക്കാനുള്ള തന്ത്രമാണിതിന് പിന്നിൽ. ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന പണം ആപ്പുകൾ ആവശ്യക്കാരിലെത്തിക്കുന്നു. ആരുടെയും നിയന്ത്രണമില്ലാതെയാണ് ഇത്തരം ആപ്പുകൾ വഴിയുള്ള വായ്പാ ഇടപാടുകൾ നടക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ