ബെയ്ജിങ്: ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ഇന്ത്യക്കാരുടെ ആഹ്വാനത്തിനെതിരെ ചൈനീസ് മാദ്ധ്യമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി അപ്രായോഗികമാണെന്ന് വാദിച്ചും ഇന്ത്യ അഴിമതിക്കാരുടെ നാടാണെന്നും വിശദീകരിച്ചാണ് ലേഖനെത്തുന്നത്.

ഇന്ത്യയ്ക്ക് കുരയ്ക്കാൻ മാത്രമേ കഴിയൂവെന്നും ചൈനീസ് ഉൽപ്പന്നങ്ങളോട് മൽസരിക്കാൻ കഴിയില്ലെന്നും ചൈനയുടെ ഔദ്യോഗിക വാർത്താ മാദ്ധ്യമം ഗ്ലോബൽ ടൈംസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഴിമതി നിറഞ്ഞ ഇന്ത്യയിൽ ചൈനീസ് കമ്പനികൾ നിക്ഷേപം നടത്തുന്നത് ആത്മഹത്യയ്ക്കു തുല്യമാണെന്നും ലേഖനത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയുടെ പക്കൽ ധാരാളം പണമുണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ചില കുത്തക മുതലാളിമാരുടെയും കൈവശമാണ്. യഥാർഥത്തിൽ ഇത് നികുതിദായകരുടെ പണമാണ്. രാജ്യത്തിനു ഉപകാരപ്രദമായ രീതിയിൽ അവരിത് ചെലവാക്കുന്നില്ല. മറിച്ച്, വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.

ഇതിനാലാണ് നരേന്ദ്ര മോദി മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ടത്. രാജ്യത്ത് വിദേശ കമ്പനികൾ നിക്ഷേപം നടത്തണമെന്നാണ് ഇന്ത്യൻ ഭരണകൂടം ആഗ്രഹിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകളിലും അഴിമതിയാണ് നടക്കുന്നത്. ഇന്ത്യക്കാർ കഠിനാധ്വാനികളല്ല, കാര്യക്ഷമതയില്ലാത്തവരുമാണ്. ഇന്ത്യയിൽ സംരംഭങ്ങൾ തുടങ്ങുന്നതിനേക്കാൾ നല്ലത് ചൈനയിൽ തന്നെ തുടങ്ങുന്നതാണ് നല്ലതാണെന്നും വിശദീകരിക്കുന്നു.

യുഎസ് ആരുടെയും സുഹൃത്തല്ല. ചൈനയെ അടക്കിനിർത്താനാണ് യുഎസ് ഇന്ത്യയെ കൂട്ടുപിടിച്ചിട്ടുള്ളത്. ചൈന ആഗോള ശക്തിയായി ഉയരുന്നതിൽ യുഎസിന് അസൂയയുണ്ടെന്നും ലേഖനം വിലയിരുത്തുന്നു. പാക്ക് ഭീകരൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യൻ ആവശ്യത്തെ ചൈന നിരന്തരം എതിർക്കുന്നതിൽ അമർഷം കൊണ്ടാണ് ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ ഇന്ത്യക്കാർ ആഹ്വാനം ചെയ്തത്. ഇതിലെ അമർഷമാണ് ചൈനീസ് പത്രം തീർക്കുന്നത്.