ന്യൂഡൽഹി: ദോക് ലായിലെ നുഴഞ്ഞു കയറ്റത്തിന് ശേഷം ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് ചൈനീസ് ആർമ്മിയുടെ കടന്നുകയറ്റം. അരുണാചൽ പ്രദേശിൽ അതിർത്തി ലംഘിക്കുന്നത് പതിവാക്കിയ ചൈനീസ് സേന ഒരു പടികൂടി കടന്ന് അതിർത്തി കടന്ന റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടു. ഇതിന് പിന്നാലെ അരുണാചൽ പ്രദേശിന് വേണ്ടി ശക്തമായി വാദിച്ചു കൊണ്ടും രംഗത്തെത്തി.

ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് ഒരു കിലോമീറ്ററോളം അതിക്രമിച്ചു കയറി റോഡ് നിർമ്മാണശ്രമം നടത്തിയതിനുപിന്നാലെയാണ് അരുണാചൽ പ്രദേശിന്റെ അധികാരത്തിന് മേൽ ചൈന ചോദ്യം ഉന്നയിച്ചത്. വടക്കൻ അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലായിരുന്നു ചൈനീസ് കടന്നുകയറ്റം. അതിർത്തിലംഘനം അറിയില്ലെന്നു പ്രതികരിച്ച ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ്, അരുണാചലിനെ ഒരുകാലത്തും തങ്ങൾ അംഗീകരിച്ചിട്ടില്ലെന്നു തുറന്നടിച്ചു.

സംഘർഷം കനക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം അരുണാചൽ സന്ദർശിച്ചേക്കും. അതിർത്തിയിൽ സൈന്യവും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസും (ഐടിബിപി) അതീവ ജാഗ്രതയിലാണ്. ചൈനീസ് സൈനികരും റോഡ് നിർമ്മാണത്തൊഴിലാളികളും ഉൾപ്പെടുന്ന സംഘം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒരു കിലോമീറ്ററോളം ഇന്ത്യയിലേക്കു കടന്നുകയറി സിയാങ് നദീതീരം വരെ എത്തിയത്. സംഘത്തെ ബിഷിങ് ഗ്രാമത്തിനു സമീപം ഇന്ത്യൻ സേന തടഞ്ഞ് തിരിച്ചോടിച്ചു. ചൈനീസ് സൈന്യത്തിന്റെ രണ്ടു ബുൾഡോസറുകൾ, ടാങ്കർലോറി എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. അതിർത്തിലംഘനം ഗ്രാമവാസികളാണ് സൈന്യത്തെ അറിയിച്ചത്.

ചൈനീസ് സേനയുടെ റോഡ് നിർമ്മാണം ഇന്ത്യയുടെ സൈനികർ തടഞ്ഞത്. തുടർന്ന് നിർമ്മാണ സാമഗ്രികൾ പിടിച്ചെടുക്കുകയും ചെയ്തു. തണുപ്പു കാലാവസ്ഥയായതിനാൽ അതിർത്തിയിൽ സേനാ വിന്യാസം കുറവായിരിക്കുമെന്ന ധാരണയിലാണ് ചൈന നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ചത്. നുഴഞ്ഞു കയറ്റത്തെക്കുറിച്ചു റോഡ് നിർമ്മാണത്തെക്കുറിച്ചും ആരാഞ്ഞപ്പോൾ യാതൊരു മറുപടിയും ചൈനീസ് സേനാ ഉദ്യോഗസ്ഥർക്കുണ്ടായില്ലെന്ന് അപ്പർ സിയാഗ് ഡെപ്യൂട്ടി കമ്മീഷണർ ധുളി കാംധുക് പറയുന്നു. അരുണാചൽ പ്രദേശ് അതിർത്തിയിൽ ചൈനീസ് സേന പലയിടങ്ങളിലും രണ്ടുവരിപ്പാത നിർമ്മിക്കുന്നുണ്ട്.

സിക്കിം അതിർത്തിയിലെ ദോക് ലായിൽ 73 ദിവസം നിലനിന്ന യുദ്ധസമാന സാഹചര്യം അവസാനിപ്പിച്ച് ഇരുസേനകളും പിന്മാറി നാലുമാസത്തിനകമാണു ചൈനയുടെ പുതിയ കടന്നുകയറ്റം. ദോക് ലായ്ക്കു ശേഷം ഉത്തരാഖണ്ഡിലെ ബരഹോതിയിൽ കഴിഞ്ഞ ജൂലൈ 25ന് ഇന്ത്യൻ ഭാഗത്തേക്ക് ഒരുകിലോമീറ്ററോളം ചൈനീസ് സൈന്യം കയറിയിരുന്നു.

അരുണാചലിൽ ഇന്ത്യൻ ഭരണാധികാരികളുടെ സന്ദർശനങ്ങളെ ചൈന എതിർക്കുക പതിവാണ്. നവംബറിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമനും ഡിസംബറിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദും സന്ദർശിച്ചപ്പോൾ രൂക്ഷ പ്രതികരണവുമായി ചൈന രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം അരുണാചലിൽ എത്തുമെന്നാണു പ്രതീക്ഷ. തീയതി തീരുമാനിച്ചില്ല.

നേരത്തെ പാക്കിസ്ഥാൻ ഭീകരരാഷ്ട്രമാണെന്ന് പറഞ്ഞ് സഹായധനം നൽകുന്നത് അമേരിക്ക നിർത്തിയപ്പോൾ പാക്കിസ്ഥാനെ കൈവിടാൻ ഒരുക്കമല്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാൻ നടത്തിയ നിർണായക സംഭാവനകൾ ലോകരാജ്യങ്ങൾ അംഗീകരിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ പ്രകീർത്തിച്ചു ചൈന രംഗത്തെത്തുമെന്ന് ഉറപ്പായിരിക്കെയാണു പ്രസ്താവന വരുന്നത്.

ഭീകരതയുടെ ഇരയാണു പാക്കിസ്ഥാൻ. ഭീകരതയ്‌ക്കെതിരെ നിരവധിപ്പോരാട്ടങ്ങൾ പാക്കിസ്ഥാൻ നടത്തിയിട്ടുണ്ട്. രാജ്യാന്തര സമൂഹം അത് അംഗീകരിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് അറിയിച്ചു. ഭീകരവിരുദ്ധ വേട്ടയുൾപ്പെടെയുള്ള കാര്യങ്ങളിൽ രാജ്യാന്തരതലത്തിൽ പാക്കിസ്ഥാൻ സഹകരിക്കുന്നുണ്ട്. പ്രാദേശിക സമാധാനവും സ്ഥിരതയും അടിസ്ഥാനമാക്കിയാണു പാക്കിസ്ഥാൻ ഇക്കാര്യങ്ങൾ ചെയ്യുന്നത്. ചൈനയും പാക്കിസ്ഥാനും എല്ലാ കാലങ്ങളിലുമുള്ള സഖ്യമാണ്. ഇരുഭാഗത്തും കാര്യമായ നേട്ടങ്ങൾ കൊണ്ടുവരുന്നതിനു സഹകരിക്കാൻ ഇരുരാജ്യങ്ങളും തയാറാണ്, ഗെങ് കൂട്ടിച്ചേർത്തു.

ഇങ്ങനെ പാക്കിസ്ഥാനെ പിന്തുണച്ച ശേഷമാണ് ഇന്ത്യൻ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്നതെന്നതും ശ്രദ്ധേയമാണ്.അതേസമയം ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വിധത്തിൽ ചൈന പ്രവർത്തിച്ചാൽ അതിന് കടന്ന തിരിച്ചടി നൽകാനാണ് ഇന്ത്യയുടെ നീക്കം. എന്തുവില കൊടുത്തും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്ന നിലപാടിലേക്ക് കേന്ദ്രം മാറിയിട്ടുണ്ട്. നിലവിൽ ചൈനയുടെ വലിയ മാർക്കറ്റായ ഇന്ത്യ ചൈനീസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയത് ഇന്ത്യയുടെ ഭാഗത്തു നിന്നും സാമ്പത്തികമായുള്ള ഒരു പ്രതിരോധമായിരുന്നു.

ഇതിനിടെ മുങ്ങിക്കപ്പലുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കുന്ന ആഴക്കടൽ നിരീക്ഷണ സംവിധാനവും ചൈന അടുത്തിടെ ഏർപ്പെടുത്തിയിരുന്നു. കൊറിയൻ ഉപഭൂഖണ്ഡം മുതൽ ആഫ്രിക്കയുടെ കിഴക്കൻ തീരം വരെയുള്ള മാരിടൈം സിൽക്ക് റോഡിലുടനീളം ചൈനയുടെ താൽപര്യങ്ങൾക്ക് സംരക്ഷണം നൽകുന്നതാവും ഈ നിരീക്ഷണ ശൃംഖല.

സമുദ്രത്തിലെ താപനില, ലവണത്വം തുടങ്ങിയ ഉൾപ്പടെയുള്ള വിവരങ്ങൾ പരിശോധിച്ചുകൊണ്ടാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ചൈനീസ് നാവിക സേനയ്ക്ക് മറ്റ് കപ്പലുകളെ കണ്ടെത്താനും ഗതിനിർണയവും സ്ഥാനനിർണയവും സുഗമമാക്കാനും ഈ നിരീക്ഷണ സംവിധാനം സഹായിക്കും.