ബെയ്ജിങ്: അഞ്ചര പതിറ്റാണ്ടിന്റെ പ്രവാസത്തിനുശേഷം വാംഗ് ക്വി സ്വദേശമായ ചൈനയിലേക്കു മടങ്ങി. ഒപ്പം മക്കളായ വിഷ്ണുവും അനിതയും മരുമകൾ നേഹയും കൊച്ചു മകൻ ഖനകും കൂടെയുണ്ടായിരുന്നു. 1963 ലെ യുദ്ധത്തിനിടെ അബദ്ധത്തിൽ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതാണ് ചൈനീസ് പട്ടാളക്കാരനായ വാംഗ്. ചൈനീസ് ചാരനാണെന്ന് ആരോപിച്ച് ഇന്ത്യൻ പട്ടാളക്കാർ പിടിച്ച് ആറു വർഷം തടവിലിട്ടു. പിന്നീട് മോചനവും തുടർന്ന് ഇന്ത്യയിൽനിന്ന് കല്യാണവും. ചൈനാക്കാരന്റെ ഇന്ത്യാക്കാരനായുള്ള ജീവിതം അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടപ്പോൾ ചൈനീസ് സർക്കാർ ഉണർന്നു. ഇന്ത്യ ചൈനയ്ക്കൊപ്പം കൈകോർത്തു. അങ്ങനെ അഞ്ച് പതിറ്റാണ്ടിന് ശേഷം വാങ് ക്വിയെ ജന്മ നാടായ ചൈന സ്വീകരിച്ചു.

ഇന്ത്യയിൽ വഴി തെറ്റിയെത്തിയപ്പോഴുള്ള ഊർജ്വസ്വലമായ മുഖമല്ല ഇന്ന് വാൻക്വിക്ക്. 77ാം വയസ്സിലെ ചുളിവുകൾക്കൊപ്പം 54 വർഷക്കാലത്തെ ഒറ്റപ്പെടൽ നൽകിയ വേദനയും മുറുക്കവുമുണ്ട് ആ മുഖത്ത്. ഇന്ത്യാ ചൈന യുദ്ധം മുറുകിയിരുന്ന 1963ലാണ് വാൻക്വി അബദ്ധവശാൽ അതിർത്തി കടന്ന് ഇന്ത്യലെത്തുന്നത്. ഇന്ത്യൻ പട്ടാളക്കാരുടെ പിടിയിലായ വാംഗ് ചൈനീസ് ചാരനാണെന്ന സംശയത്താൽ ആറു വർഷം ഇന്ത്യൻ ജയിലിൽ കഴിയേണ്ടി വന്നു. ജയിൽ വാസത്തിന് ശേഷം മധ്യപ്രദേശിലെ തിരോധി എന്ന ഗ്രാമത്തിലാണ് വാങ് ക്വിയെ പൊലീസ്‌കാർ കൊണ്ട് ചെന്നാക്കിയത്.

ചൈനീസ് മണ്ണിലേക്കുള്ള മടക്കം പല സുരക്ഷാ കാരണങ്ങളാൽ വിലങ്ങുതടിയായപ്പോൾ ഒരു ഇന്ത്യക്കാരിയെ വിവാഹം ചെയ്ത് മധ്യപ്രദേശുകാരനായി. ഇന്ത്യൻ മണ്ണിൽ പേര് കൊണ്ടോ വിലാസം കൊണ്ടോ വിദേശിയാവാതിരിക്കാൻ സ്വന്തം സ്വത്വത്തെ ഉപേകഷിച്ച് രാജ് ബഹാദൂർ എന്ന നാമധേയം സ്വീകരിച്ചു. 1975 ലായിരുന്നു സുശീലയുമായുള്ള വിവാഹം.

വർഷങ്ങൾക്ക് ശേഷം വിഷയം ചൈനയുടെ ശ്രദ്ധയിൽപെട്ടതോടെ 2013ൽ ഇന്ത്യയിലെ ചൈനീസ് എംബസി വാങ് ക്വിക്ക് 10 വർഷത്തെ ചൈനീസ് പാസ്പോർട്ട് നൽകി. നിത്യ ജീവിതച്ചെലവിനുള്ള ചെറിയ തുകയും അന്നു മുതൽ എംബസി നൽകി വരുന്നു.
വിഷയം വീണ്ടും പുറത്തെടുത്തത് ബ്രിട്ടീഷ് മാദ്ധ്യമമായ ബിബിസിയാണ്. ചൈനയിലുള്ള സഹോദരനുമായി വീഡിയോ ചാറ്റിങ്ങിനുള്ള സൗകര്യവും ബിബിസി മാദ്ധ്യമ പ്രവർത്തകൻ ഒരുക്കി കൊടുത്തു.

ചൈനീസ് മാദ്ധ്യമങ്ങൾ ബിബിസിയുടെ വാർത്ത ഏറ്റെടുത്തതോടെ വാംഗിന്റെ ദയനീയ കഥ ചൈനീസ് അധികാരികളുടെ ശ്രദ്ധയിൽപെട്ടു. അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് പരസ്പര വൈരം മറന്ന് വിഷയത്തിൽ ചൈനയും ഇന്ത്യയും കൈകോർത്തു. ഇതോടെ തിരിച്ചു പോക്കിനുള്ള വഴി തുറന്നു. ശനിയാഴ്‌ച്ച തന്റെ 77ാം വയസ്സിലാണ് വാംഗ് സ്വദേശത്തേക്കു മടങ്ങിയത്.