ജക്കാർത്ത: ഇന്തോനേഷ്യൻ മത്സ്യത്തൊഴിലാളിക്ക് കടലിൽ നിന്നും ലഭിച്ചത് ചൈനീസ് ‘അന്തർവാഹിനി'. സെലയാർ ദ്വീപിനടുത്ത് നിന്നും ചൈനീസ് അന്തർവാ​ഹിനി ലഭിച്ചതോടെ ഇന്തോനേഷ്യൻ സമുദ്രത്തെ ചൈന രഹസ്യമായി പരിശോധിക്കുന്നതിനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നു. തർക്കമുള്ള ദക്ഷിണ ചൈനാ കടലിനും തന്ത്രപ്രധാനമായ ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്കും സമീപമാണ് അന്തർവാ​ഹിനി കണ്ടെത്തിയ സ്ഥലം. ഇതോടെ ചൈനയുടെ ഒളിക്കണ്ണ് ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്ക് സമീപത്തുമുണ്ടെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

മത്സ്യത്തൊഴിലാളിയായ സൈറുദ്ദീൻ കണ്ടെത്തിയ ആളില്ലാ അണ്ടർ‌സീ വെഹിക്കിൾ (യു‌യുവി) ലോക്കൽ പൊലീസിന് കൈമാറി. തുടർന്ന് അത് ഇന്തോനേഷ്യൻ സൈന്യത്തിന് നൽകി. 225 സെന്റീമീറ്റർ നീളമുള്ള ടോർപിഡോ ആകൃതിയിലുള്ള യു‌യുവിക്ക് 18 സെന്റിമീറ്റർ വാൽ, 93 സെന്റിമീറ്റർ പിൻ ആന്റിന, ക്യാമറ പോലുള്ള വസ്തുക്കൾ എന്നിവയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൈനയുടെ അണ്ടർവാട്ടർ ഗ്ലൈഡറായ സീ വിംഗിനോട് ഈ വസ്തു വളരെ സാമ്യമുള്ളതാണെന്ന് ഇന്തോനേഷ്യ ആസ്ഥാനമായുള്ള സുരക്ഷാ, പ്രതിരോധ അനലിസ്റ്റ് ജാറ്റോസിന്റ് പറഞ്ഞു. ചൈനീസ് സീ വിങ് പ്രവർത്തിക്കുന്നത് എണ്ണ നിറച്ച ഒരു ബൊയാൻസി കോമ്പൻസേഷൻ സിസ്റ്റം ഉപയോഗിച്ചാണ്. ഇത് സമുദ്രശാസ്ത്ര ഗവേഷണത്തിനായി ഉപയോഗിക്കുന്നു, കൂടാതെ സമുദ്രജലത്തിന്റെ താപനില, ലവണാംശം, പ്രക്ഷുബ്ധത, ക്ലോറോഫിൽ, ഓക്സിജന്റെ അളവ്, സമുദ്രത്തിലെ നിലവിലെ മാറ്റങ്ങൾ എന്നിവ കണക്കാക്കാൻ ഓൺബോർഡ് സെൻസറുകളുണ്ട്.

ചൈനീസ് അക്കാദമി ഓഫ് സയൻസസ് വികസിപ്പിച്ചെടുത്ത സീ വിങ്സിനെ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചതായി ഫോർബ്സ് മാർച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള 14 യു‌യുവികളെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വിന്യസിക്കേണ്ടതുണ്ടെന്നും എന്നാൽ 12 എണ്ണം മാത്രമാണ് ഉപയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

2017 ൽ ഗ്ലൈഡർ പരീക്ഷിക്കുകയും 6,329 മീറ്റർ താഴ്ചയിൽ ഒരു പുതിയ ലോക റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. 6,003 മീറ്റർ എന്ന റെക്കോർഡ് നേരത്തെ യുഎസ് കപ്പൽ സ്ഥാപിച്ചിരുന്നു. ആഴക്കടലിലെ വലിയ മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ലൈറ്റ് കാർബൺ ഫൈബർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച പ്രത്യേക "കോട്ട്" ഗ്ലൈഡറിനുണ്ടെന്ന് ഡവലപ്പറെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു പരീക്ഷണത്തിനിടെ 2014 ഒക്ടോബറിൽ സീ വിങ് 30 ദിവസത്തിനുള്ളിൽ 1,022.5 കിലോമീറ്റർ ഇടതടവില്ലാതെ സഞ്ചരിച്ച് ചൈനയിൽ ഏറ്റവും കൂടുതൽ സമയവും ദൂരവും സമു​ദ്രത്തിനടിയിൽ ചെലവിട്ട് റെക്കോഡ് സ‍‍ൃഷ്ടിച്ചിരുന്നു.

ഇന്തോനേഷ്യൻ പ്രദേശത്തിന് സമീപം ചൈനീസ് അന്തർവാഹിനികൾ കണ്ടെത്തുന്നത് ഇതാദ്യമല്ല. സമാനമായ ഒരു വസ്തു മറ്റൊരു മത്സ്യത്തൊഴിലാളി 2019 മാർച്ചിൽ റിയാവു ദ്വീപുകൾക്ക് സമീപം കണ്ടെത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ മസലെംബു ദ്വീപുകൾക്ക് സമീപം മഞ്ഞ ടോർപ്പിഡോ ആകൃതിയിലുള്ള ഒരു വസ്തു കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. അത്തരം കണ്ടെത്തലുകൾ വിദേശ സമുദ്ര ഭാ​ഗങ്ങളിൽ ഈ അന്തർവാഹിനികൾ ഉപയോഗിച്ച് അനധികൃത നിരീക്ഷണത്തിനുള്ള സാധ്യത ഉയർത്തുന്നു.

ചൈനയുമായി തർക്കം തുടരുന്ന അമേരിക്കയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ യുദ്ധക്കപ്പലുകളും സമു​ദ്ര ഭാ​ഗങ്ങളും ചൈനീസ് ചാരക്കണ്ണുകളുടെ പരിധിക്കുള്ളിലാണ് എന്ന നി​ഗമനമാണ് സമീപകാല സംഭവങ്ങളിലൂടെ വ്യക്തമാകുന്നത് എന്നാണ് അന്തർദ്ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.