കൊളംബോ: ഇന്ത്യയിൽ നിന്നുയർന്ന കടുത്ത എതിർപ്പ് അവഗണിച്ച് ചൈനീസ് സേനയുടെ നീക്കം. ചൈനയുടെ യുദ്ധക്കപ്പലും അത്യാധുനിക അന്തർവാഹിനിയുമാണ് ഇന്ത്യയുടെ എതിർപ്പിനെ വകവയ്ക്കാതെ ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുദ്ധക്കപ്പലും അന്തർവാഹിനിയും കൊളംബോ തുറമുഖത്ത് നങ്കൂരമിട്ടത്. ഇന്ധനം നിറയ്ക്കാനും നാവികരുടെ വിശ്രമത്തിനുമായാണ് തുറമുഖത്ത് ചൈനീസ് യാനങ്ങൾ എത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ അസാധാരണമായി ഒന്നുമില്ല. ഇന്ത്യയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ചൈനയുടെ പ്രതിരോധമന്ത്രാലയം പറയുന്നു.

എന്നാൽ ചൈനയുടെ നടപടിക്കെതിരെ നയതന്ത്രതലത്തിൽ ശ്രീലങ്കയോട് ഇന്ത്യ എതിർപ്പറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ അസ്വാഭാവികതയില്ലെന്നാണ് ശ്രീലങ്ക പറയുന്നത്. 2010 മുതൽ വിവിധ രാജ്യങ്ങളുടേതായി 230 യുദ്ധക്കപ്പൽ ഇന്ധനം നിറയ്ക്കാനും നാവികരുടെ വിശ്രമത്തിനും കൊളംബോ തുറമുഖത്ത് നങ്കൂരമിട്ടിട്ടുണ്ടെന്ന് ശ്രീലങ്കൻ നാവികസേനാ വക്താവ് കോസല വർണകുലസൂര്യ പറയുന്നു.

ചൈനയുടെ അന്തർവാഹിനി ഏഴാഴ്ച മുൻപും ശ്രീലങ്കയിൽ നങ്കൂരമിട്ടിരുന്നു, ഏദൻ കടലിലെ കടൽക്കൊള്ള തടയാൻ നിയോഗിക്കപ്പെട്ട ചൈനീസ് നാവികസേനയുടെ ഭാഗമായുള്ളതാണ് അന്തർവാഹിനിയെന്നാണ് അന്ന് പറഞ്ഞിരുന്നത്. പക്ഷേ, കടൽക്കൊള്ള തടയാൻ സാധാരണയായി അന്തർവാഹിനി ഉപയോഗിക്കാറില്ല. ഇന്ത്യയുടെ നാവികസേനയ്ക്ക് ഏറെ മുൻതൂക്കമുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ അടിക്കടി ചൈനയുടെ യുദ്ധക്കപ്പലും അന്തർവാഹിനിയും എത്തുന്നത് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഗൗരവതരമായാണ് പരിഗണിക്കുന്നത്.

സമീപകാലത്തായി ശ്രീലങ്കയും ചൈനയുമായുള്ള ബന്ധം വർദ്ധിച്ചു വരികയാണ്. ശ്രീലങ്കയുടെ റോഡ്- തുറമുഖ വികസനങ്ങൾക്ക് ചൈന വൻ നിക്ഷേപമാണ് നടത്തുന്നത്. ശ്രീലങ്കയുമായുള്ള നല്ല ബന്ധത്തിൽ ഇടങ്കോലിട്ടുകൊണ്ടുള്ള തമിഴ്‌നാടിന്റെ എതിർപ്പിനെ അവഗണിക്കാൻ മുമ്പ് ഭരണത്തിലിരുന്ന യുപിഎയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ, ഈ അവസരം ചൈന തന്ത്രപരമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തലുകൾ.