മൂന്നാർ: ചുറ്റും കാട്ടാനകൂട്ടം. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ആനക്കളെത്തി എത്തി വീടുകൾ തകർക്കുന്നു. താമസക്കാർക്ക് പ്രാണരക്ഷാർത്ഥം വീട് വിട്ട് ഓടേണ്ടി വരുന്ന സംഭവങ്ങൾ തുടർക്കഥയായി. കൃഷിയിടങ്ങളെല്ലാം അനകൾ ചവിട്ടിമെതിച്ച് നാമവശേഷമാക്കി മാറ്റി.ആക്രമണ ഭിതിയിൽ ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് താമസക്കാർ. മക്കളെ സ്‌കൂളിൽ വിടാനും ജോലിക്ക് പോകാനും അനുഭവിക്കുന്നതാവട്ടെ പെടാപ്പാടും. ചിന്നക്കനാൽ നിവാസികൾ അനുഭവിക്കുന്നത് സമാനതകൾ ഇല്ലാത്ത ദുരിതം.

ജനവാസമേഖലകളിൽ എത്തുന്ന ആനകളെ ഓടിച്ചിട്ട് പ്രയോജനമില്ലാത്ത സ്ഥിതിയാണെന്നും അങ്ങോട്ടോ ഇങ്ങോട്ട് അൽപ്പം മാറി നിന്നശേഷം തിരിച്ചെത്തുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും നാട്ടുകാർ പറയുന്നു. ആന വഴിയിൽ നിൽക്കുന്നുണ്ടോ എന്ന് മതാപിതാക്കളോ ബന്ധുക്കളോ നോക്കി വന്ന ശേഷമാണ് ഇപ്പോൾ ഇവിടുത്തുകാർ വീട്ടിൽ നിന്നും കൂട്ടികളെ സ്‌കൂളിൽ അയക്കുന്നത്.കുട്ടികൾ തിരിച്ചെത്തും വരെ ഉള്ളിൽ വേവലാതിയുമായിട്ടാണ് ഉറ്റവർ വീടുകളിൽ കഴിച്ചുകൂട്ടുന്നത്.

ജോലിക്കായി വിവിധ ഇടങ്ങളിലേക്ക് പോകുന്നവരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.ഇടയ്ക്കിടെ എത്തുന്ന മൂടൽ മഞ്ഞ് കാഴ്ച മുറയ്ക്കുന്നത് ദുരന്തത്തിന് കാരണമാവുമോ എന്ന ആശങ്കയും ഇവിടുത്തുകാർ പങ്കിടുന്നുണ്ട്.ചിലപ്പോൾ ആനയുമായി കൂട്ടിയിടിച്ചാൽ പോലും കാണാൻ കഴിയാത്ത തരത്തിലാണ് ഇവിടെ മൂടൽ മഞ്ഞ് വ്യാപിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിനകം 8 ലേർപ്പേർ ഇവിടെ ആന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പഴമക്കാർ വെളിപ്പെടുത്തുന്നത്.ഇവിരിൽ ചിലർ ആനകളുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് അനുഭവവും പങ്കിട്ടു.അരിക്കൊമ്പൻ , ചക്കക്കൊമ്പൻ ,മുറിവാലൻ കൊമ്പൻ എന്നിങ്ങനെയാണ് നാട്ടുകാർ ശല്യക്കാരായ അനകൾക്ക് പേരിട്ടിട്ടുള്ളത്.

ഇതിൽ ചക്കക്കൊമ്പനും അരിക്കൊമ്പനുമാണ് കൂടുതൽ ശല്യക്കാരെന്നാണ് നാട്ടുകാരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.വീടുകൾക്കുള്ളിൽ എവിടെ അരി സൂക്ഷിച്ചാലും അരിക്കൊമ്പൻ ഇത് കണ്ടെത്തി,അകത്താക്കും.ഇവർ ഇറങ്ങിയാൽ വീടുകൾക്ക് നാശം ഉറപ്പാണ്.ഇവന്റെ വരവ് ശ്രദ്ധയിൽപ്പെട്ടാൽ വീട്ടുകാർ ഉടൻ സുരക്ഷതി സ്ഥാനത്തേക്ക് ഓടിമാറും. ചക്കയും മാങ്ങയും എന്നുവേണ്ട വീട്ടുവളപ്പിലെ സ്വാദിഷ്ടമായ ഭക്ഷ്യവസ്തുക്കളാണ്് ചക്കക്കൊമ്പന്റെ വീക്കിനസ്.കൊമ്പന്റെ കടന്നുകയറ്റം മൂലം രുചിനോക്കാൻ പോലും ഒരു ചക്ക തങ്ങൾക്ക് കിട്ടുന്നില്ലന്നാണ് സിങ്കുകണ്ടം 301 കോളനി നിവാസികളുടെ പരിതേവനം.

ആന ആക്രമണം ശക്തമായതോടെ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് വാച്ചർമാരുടെയും ഉദ്യോഗസസ്ഥരുടെയും ജോലി ഭാരം വല്ലാതെ വർദ്ധിച്ചിട്ടുണ്ട്.രാത്രയെന്നോ പകലെന്നോ ഇല്ലാതെ പണിയെടുക്കന്നുണ്ടെന്നും പ്രതിഫലത്തിന്റെ കാര്യം പരിതാപകരമാണെന്നും വാച്ചർമാരായ ചന്ദ്രനും കാളിമുത്തുവും പറയുന്നു.തങ്ങളും ഉദ്യോഗസ്ഥരും പെടാപ്പാട് പെട്ടിട്ടും ആന ശല്യത്തിന് പരിഹാരമാവുന്നില്ലന്നും താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയല്ലാതെ ഈ പ്രശ്നത്തിന് പരിഹാരം കാണുക എളുപ്പമല്ലന്നുമാണ് നാടിനെ നന്നായി അറിയാവുന്ന വാച്ചർമാരുടെ വിലയിരുത്തൽ.

301 കോളനിയിലെ വീടുകളിൽ ഒട്ടുമിക്കതും നന്നായൊന്ന് തട്ടിയാൽ നിലംപതിക്കുന്നവയാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.നിർമ്മാണത്തിലെ അപാകതകാളാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്ന.2003-ൽ ആണ് പുനരധിവാസ പദ്ധതിയുടെ ഭാഗമായി സർക്കാർ ഇവിടെ ആദിവാസികൾക്ക് ഭൂമി നൽകിയത്.
ആനകൾ ധാരാളം ഉള്ള പ്രദേശമാണെന്ന് വനംവകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇത് വകവയ്ക്കാതെ ആദിവാസികളെ ഇവിടെ പുനരധിവസിപ്പിക്കുകയായിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ദുരന്തം നേരിടുമ്പോൾ സ്ഥലത്തെത്തുന്ന ഉദ്യോഗസ്ഥർ ആന ശല്യം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യപിച്ച് മടങ്ങുന്നതല്ലാതെ ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്തുന്നില്ലന്നുള്ള ആരോപണവും ശക്തമാണ്.വനംവകുപ്പ് ഉദ്യഗസ്ഥരും വാച്ചർമാരും സദാസമയത്തും ജാഗ്രത പുലർത്തുന്നതിനാലാണ് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കഴിയുന്നതെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ച ഉണ്ടാവില്ലന്നുമാണ് ഉദ്യോഗസ്ഥ തലത്തിൽ നിന്നുള്ള പ്രതികരണം.