തിരുവനന്തപുരം: പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ക്ലാസിലിരുന്നതിനെ ചോദ്യം ചെയ്ത അദ്ധ്യാപികയുടെ നടപടിക്കെതിരെ സംസ്ഥാന യുവജനകമ്മീഷൻ. ക്ലാസിൽ ഒരുമിച്ചിരുന്നതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് മാനസിക സംഘർഷം നേരിടേണ്ടി വന്ന വിഷയത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസ് എടുത്തതായും വിഷയത്തെക്കുറിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനോടും മറ്റും വിശദമായ റിപ്പോർട്ട് തേടിയതായും കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം മറുനാടൻ മലയാളിയോട് പറഞ്ഞു. കോളേജിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അവർ കൂട്ടിചേർത്തു.

ഒരു പരിഷ്‌കൃത സമൂഹത്തിന് ചേർന്ന നിലപാടല്ല അദ്ധ്യാപികയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ എന്ന് പറയുമ്പോൾ നിരവധി രോഗികളേയും മറ്റും ചികിത്സിക്കേണ്ടിയും അടുത്തിടപഴകേണ്ടിയും വരും. അപ്പോഴും ആൺ - പെൺ വ്യത്യാസം നോക്കിയാണോ ഈ ഭാവി ഡോക്ടർമാർ രോഗികളെ പരിശോധിക്കേണ്ടതെന്നും ചിന്ത ജെറോം ചോദിക്കുന്നു. നല്ല സൗഹൃങ്ങളും ബന്ധങ്ങളുമുണ്ടാകേണ്ട സ്ഥലമാണ് കലാലയങ്ങൾ. കൂടുതൽ ആളുകളോട് ഇടപഴകേണ്ട ജോലിയായതിനാൽ തന്നെ ഇത്തരം സ്ഥലങ്ങളിൽ ലഭിക്കുന്ന പരിചയങ്ങൾ വിദ്യാർത്ഥികൾക്കും ഗുണകരമാണ്.

പുരാതന ചിന്തകൾ വെച്ച് പുലർത്തേണ്ട സ്ഥലമല്ല കലാലയങ്ങൾ, മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ വരുന്നത് തന്നെ മുന്നിൽ വരുന്ന രോഗികളെ ആൺ-പെൺ വ്യത്യാസമില്ലാതെ രോഗിയായി മാത്രം കണ്ട് ചികിത്സ നൽകുന്നതിന് പരിശീലനം നേടുക എന്നതിന് കൂടി വേണ്ടിയാണ്. എന്നിട്ട് അങ്ങനെയുള്ള കലാലയത്തിൽ തന്നെ ലിംഗവ്യത്യാസം അദ്ധ്യാപകരിൽ നിന്നും ഉണ്ടാകുന്നത് ശരിയായ ഒരു കാര്യമല്ലെന്നും ചിന്ത പറയുന്നു. കലാലങ്ങളിൽ നിന്നും ഉണ്ടാകുന്ന ഊഷ്മളമായ ബന്ധങ്ങളാണ് ജീവിതത്തിന് തന്നെ മുതൽകൂട്ടെന്നും അവർ കൂട്ടിച്ചേർത്തു.

വിഷയം ഉണ്ടായത് ഏത് സാഹചര്യത്തിലാണെന്നതാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഇങ്ങനെയൊരു സംഭവമുണ്ടായതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായി എന്ന് പറയുന്നത് മെഡിക്കൽ കോളേജ് പോലൊരു സ്ഥാപനത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നു എന്നത് തന്നെയാണ് ഉയർന്ന് വരുന്ന അഭിപ്രായ പ്രകടനം. എന്തായാലും വിഷയത്തിൽ വിശദമായ റിപ്പോർട്ട് ചോദിച്ചിരിക്കുകയാണ് കമ്മീഷൻ. കോളേജിലെ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാതെയുള്ള അന്തരീക്ഷം നിലനിൽക്കണമെന്നാണ് കോളേജിലെ വിദ്യാർത്ഥി യൂണിയനും ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ ക്ലാസിൽ ഇടകലർന്നിരിക്കുന്നതിനാണ് അദ്ധ്യാപകർ വിലക്കേർപ്പെടുത്തിയത്. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്നാഴ്ച മുമ്പ് ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ജെൻഡർ സെൻസിറ്റൈസേഷൻ എന്ന വിഷയത്തിൽ കോളേജിൽ സെമിനാർ സംഘടിപ്പിരുന്നു. ഈ സെമിനാർ സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചായിരുന്നു പ്രധാന വിഷയം. അതുകൊണ്ട് തന്നെ പുരോഗമനപരമായ ആശയങ്ങളെ വിദ്യാർത്ഥികൾ ഉൾക്കൊള്ളുകയും ചെയ്തു.

സെമിനാറിന് ശേഷം ക്‌ളാസിൽ വിദ്യാർത്ഥികൾ ഇടകലർന്നിരിക്കാൻ തുടങ്ങി. ചില ക്ലാസുകളിൽ ചില സമയങ്ങളിൽ വിദ്യാർത്ഥികൾ ഇടകലർന്നിരിക്കാൻ തുടങ്ങി. ഇതിനെ ചില അദ്ധ്യാപകർ കുറ്റമൊന്നും പറഞ്ഞതുമില്ല. എന്നാൽ, വകുപ്പ് മേധാവികളായ സീനിയർ അദ്ധ്യാപകർക്ക് വിദ്യാർത്ഥികളുടെ സ്ഥാനമാറ്റം ഇഷ്ടമായില്ല. ഇത് വിലക്കി കൊണ്ടാണ് അദ്ധ്യാപകർ രംഗത്തെത്തിയത്. എന്നാൽ, വിലക്ക് മാനിക്കാൻ വിദ്യാർത്ഥികൾ കൂട്ടാക്കിയില്ല. തുടർന്നാണ് അവർ ഒന്നിച്ചിരിക്കുന്നത് പതിവാക്കി.

ഇതിനിടെ ഒരു അദ്ധ്യാപികയാണ് തന്റെ ക്ലാസിൽ വിദ്യാർത്ഥികൾ ഒരുമിച്ചിരിക്കരുത് എന്ന നിർദ്ദേശം മുന്നോട്ടു വെച്ചത്. വിദ്യാർത്ഥികൾ ഇടകലർന്നിരുന്നിൽ പഠിപ്പിക്കാൻ കഴിയില്ലെന്നും ഒരുമിച്ചിരുന്നാൽ ഏകാഗ്രത നഷ്ടപ്പെടുമെന്നും ഇതു തുടർന്നാൽ മാർക്ക് നൽകില്ലെന്നുമായിരുന്നു അദ്ധ്യാപകരുടെ വാദം. ഇതിനെ നിശിദമായി വിമർശിച്ച് സീനിയർ വിദ്യാർത്ഥികളിലൊരാൾ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ഈ പോസ്റ്റ് നിരവധി പേർ ലൈക്ക് ചെയ്യുകയും ചെയ്തു. തുടർന്നാണ് പോസ്റ്റിലെ പരാമർശങ്ങൾക്കെതിരെ വകുപ്പ് മേധാവികൾ സംഘടിച്ചത്. ഇവർ പിടിഎ യോഗം വിളിച്ചു ചേർത്ത് വിദ്യാർത്ഥിയിട്ട ഫേസ്‌ബുക്ക് പോസ്റ്റിന്റെ പ്രിന്റൗട്ട് യോഗത്തിൽ വിതരണം ചെയ്തത്.

ഇതോടെ ക്ലാസിൽ വിദ്യാർത്ഥികൾ ഇടകലർന്നിരിക്കുന്ന വിവരവും രക്ഷിതാക്കളെ ധരിപ്പിച്ചു. ചില വിദ്യാർത്ഥികളുടെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് വിമർശനം ഉന്നയിച്ചത്. ഇതോടെ രക്ഷിതാക്കൽ ചിലർ കരയുന്ന അവസ്ഥ പോലുമുണ്ടായി. സീനിയർ വിദ്യാർത്ഥിനി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് അൺലൈക്ക് ചെയ്യണം എന്നതായിരുന്നു അദ്ധ്യാപകരുടെ പ്രധാന ആവശ്യം. അല്ലെങ്കിൽ അതിന്റെ ദുരിതമുണ്ടാകുമെന്ന മുന്നറിയിപ്പാണ് അദ്ധ്യാപകരിൽ നിന്നും ഉണ്ടായത്. ഫേസ്‌ബുക്ക് പോസ്റ്റിട്ട വിദ്യാർത്ഥിയ്‌ക്കെതിരെ നടപടികൾ കടുക്കുമെന്ന ഘട്ടം വന്നതോടെ വിഷയം വിദ്യാർത്ഥി യൂണിയൻ ഏറ്റെടുത്തു. പ്രിൻസിപ്പലിനെ കണ്ട് യൂണിയൻ പ്രതിഷേധം അറിയിച്ചതോടെ സംഭവം അന്വേഷിച്ച് പരിഹാരം കാണാമെന്ന് പ്രിൻസിപ്പൽ ഉറപ്പ് നൽകിയിട്ടുണ്ട്.