ചിറക്കൽ: ചിറക്കൽ കോവിലകം വലിയരാജ തിരുവാതിരനാൾ സി.കെ.ഉദയവർമ്മരാജ (89) അന്തരിച്ചു. ആശുപത്രിയിൽ ചികിൽസയിലിരിക്കെ ബുധനാഴ്ച വൈകിട്ടാണ് അന്ത്യം. വാർ‌ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചിറക്കൽ കോവിലകത്തിനു സമീപത്തെ വസതിയിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച 10.30ന് കോവിലകം ശ്മശാനത്തിൽ.

പരേതരായ ചിറക്കൽ കിഴക്കേ കോവിലകത്ത് കാർത്തികനാൾ കുഞ്ഞാണ്ടിക്കുട്ടി തമ്പുരാട്ടിയുടേയും ബേപ്പൂർ പുതിയകോവിലകത്ത് പി.സി.കേരളവർമ്മ രാജയുടേയും മകനാണ്. ഭാര്യ: കിളിമാനൂർ കൊട്ടാരത്തിൽ പരേതയായ രമണീബായ് തമ്പുരാട്ടി. മക്കൾ: വേണു വർമ്മ (ഡെപ്യൂട്ടി മാനേജർ, എസ്‌ബിഐ മട്ടന്നൂർ), വിനോദ് വർമ്മ (ഡെപ്യൂട്ടി മാനേജർ, എസ്‌ബിഐ കോഴിക്കോട്). മരുമക്കൾ: ലളിതാ വർമ്മ (പൂഞ്ഞാർ കൊട്ടാരം), മായാ വർമ്മ (മാങ്കാവ് കോവിലകം, കോമേഴ്‌സ് വിഭാഗം അസി.പ്രഫസർ ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്). സഹോദരങ്ങൾ: സി.കെ.രാമവർമ്മ (റിട്ട.എക്സിക്യൂട്ടീവ് എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്), സി.കെ.രാജരാജവർമ്മ (റിട്ട.ബിഎസ്എൻഎൽ), സി.കെ.കേരള വർമ്മ (റിട്ട.കെൽട്രോൺ, ഫിറ്റ് പേഴ്സൺ ചിറക്കൽ കോവിലകം ദേവസ്വം), പരേതനായ സി.കെ.രവി വർമ്മ (നാഷണൽ ലൈബ്രറി, കൊൽക്കത്ത–ചെന്നൈ).

ചിറക്കൽ കോവിലകം ദേവസ്വത്തിൽപ്പെട്ട 38 ക്ഷേത്രങ്ങളുടെ പാരമ്പര്യ ട്രസ്റ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു. ചിറക്കൽ രാജാസ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചിറക്കലിലെ ഉദയ കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനാണ്.