- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിറയൻ കീഴിലെ മർദ്ദനത്തിന് കാരണം മതവിരോധമെന്ന് എഫ്ഐആർ; മിഥുനെ മർദ്ദിച്ചത് ജാതിപ്പേര് വിളിച്ചതിന് ശേഷം; മത വിരോധത്തിനൊപ്പം ദുരഭിമാനവും എതിർപ്പിന് കാരണമായെന്ന് ദീപ്തിയുടെ മാതാവ്; ഡോക്ടർ ഡാനിഷ് തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന; പരാതി നൽകിയിട്ടും സഹോദരനെ അറസ്റ്റ് ചെയ്തില്ലെന്നു ദീപ്തി; ദുരഭിമാന അതിക്രമത്തിലെ ഇരട്ടനീതി വീണ്ടും കേരളത്തിന് കളങ്കമാകുമ്പോൾ
തിരുവനന്തപുരം: മകൾ മതം മാറി വിവാഹം കഴിച്ചതിനെ തുടർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അക്രമണത്തിന് കാരണം മതവിരോധമെന്ന് പൊലീസിന്റെ എഫ്ഐആർ.ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷമായിരുന്നു മർദ്ദനമെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ മതം മാറാൻ നിർബന്ധിച്ചതായി റിപ്പോർട്ടിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്.അതേസമയം പരാതി നൽകിയിട്ടും ഡാനിഷിനെ അറസ്റ്റ് ചെയ്തില്ലെന്ന ആരോപണവുമായി മിഥുന്റെ ഭാര്യയും ഡാനിഷിന്റെ സഹോദരിയുമായ ദീപ്തി രംഗത്തെത്തി.
ഉയർന്ന മതത്തിലെ പെൺകുട്ടിയെ വിവാഹം ചെയ്തതിനാലെന്നാണ് മർദ്ദനമെന്നാണ് എഫ്.ഐ.ആറും വ്യക്തമാക്കുന്നത്.മിഥുൻ പട്ടികജാതി വിഭാഗത്തിലും ദീപ്തി ലത്തീൻ കത്തോലിക്കാ വിഭാഗത്തിലും പെട്ടതാണ്. പ്രേമിച്ച് രജിസ്റ്റർ വിവാഹം നടത്തിയതിന്റെ വൈരാഗ്യത്താലാണ് ദീപ്തിയുടെ സഹോദരൻ ആക്രമിക്കാൻ പദ്ധതിയിട്ടത്. താഴ്ന്ന ജാതിയിലുള്ള മിഥുന് സഹോദരിയെ വിവാഹം ചെയ്യാൻ എന്ത് യോഗ്യതയെന്ന് ചോദിച്ചായിരുന്നു മർദനമെന്നും എഫ്.ഐ.ആറിലുണ്ട്.
പട്ടികജാതി അതിക്രമ നിരോധന നിയമടക്കം ചേർത്ത് ഡോക്ടറായ ഡാനിഷിനെതിരെ ജാമ്യമില്ലാകേസാണ് എടുത്തിരിക്കുന്നത്. മതവിരോധത്തിനൊപ്പം സാമ്പത്തികമായി ഉയർന്ന ദീപ്തിയുടെ കുടുംബത്തിന് പിന്നോക്കക്കാരനായ മിഥുനെ അംഗീകരിക്കുന്നതിലുള്ള ദുരഭിമാനവും വിരോധത്തിന് കാരണമായെന്ന് വ്യക്തമാക്കുന്നതാണ് ദീപ്തിയുടെ അമ്മയുടെ വാക്കുകൾ.മത വിരോധത്തിനൊപ്പം ദുരഭിമാനവും എതിർപ്പിന് കാരണമായെന്ന് പ്രതിയുടെ അമ്മ വൽസല ജോർജ് സമ്മതിച്ചു.അക്രമത്തിന് പിന്നാലെ പ്രതിയായ ഡാനിഷ് ഒളിവിൽ പോയെന്ന് അമ്മ പറഞ്ഞു.
വിവാഹത്തിന്റെ മൂന്നാം നാൾ ചിറയിൻകീഴുകാരൻ മിഥുൻ കൃഷ്ണന് മർദനം ഏൽക്കേണ്ടിവന്നത്. ഡാനിഷിനെ അറസ്റ്റ് ചെയ്യുംവരെ നിയമനടപടിയായി മുന്നോട്ട് പോകാനാണ് ദീപ്തിയുടെയും മിഥുന്റെ കുടുംബത്തിന്റെയും തീരുമാനം.നിവലിൽ പ്രതി ഡാനിഷ് തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.സംഭവം നടന്ന ദിവസം തന്നെ പൊലീസ് പ്രതിയുടെ വീട്ടിലെത്തിയിരുന്നു.പക്ഷേ കാര്യങ്ങൾ ചോദിച്ചറിഞ്ഞതല്ലാതെ ഡാനിഷിനെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
പൊലീസിന്റെ ഗുരുതര വീഴ്ചയ്ക്കെതിരെ എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് ദീപ്തിയുടെ തീരുമാനം. മാധ്യമ വാർത്തകൾ വന്ന ശേഷമാണ് ഡാനിഷ് ഒളിവിൽ പോയത്.സംഭവം നടന്ന് ഒക്ടോബർ 31ന് തന്നെ ദീപ്തി ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം. പരാതി കിട്ടാത്തതുകൊണ്ടാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാത്തതെന്നാണ് ചിറയിൻകീഴ് പൊലീസിന്റെ വിശദീകരണം.പരാതി എഴുതി നൽകിയില്ലെന്ന സാങ്കേതികത്വത്തിലാണ് പൊലീസ് പിടിച്ചു തൂങ്ങുന്നത്.
മതംമാറാൻ കൂട്ടാക്കത്തതിനാണ് ദീപ്തിയുടെ മുന്നിൽ വച്ച് ഭർത്താവ് മിഥുനെ ഡാനിഷ് ക്രൂമായി മർദ്ദിച്ചത്. മിഥുൻ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.മർദ്ദനത്തിൽ പുറമെയ്ക്ക് കാണാവുന്ന മുറിവുകൾ മിഥുനുണ്ടായിരുന്നില്ല. ഇതുകൊണ്ട് കാര്യമായ പരിക്കില്ലെന്ന് ഉദ്യോഗസ്ഥർ അനുമാനിക്കുകയും ചെയ്തു. വടി കൊണ്ട് തലയ്ക്കേറ്റ അടിയിൽ മിഥുന്റെ പരിക്ക് ഗുരുതരമാണ്.
കഴിഞ്ഞ ആഴ്ചയാണ് ലാറ്റിൻകാതോലിക്ക് വിഭാഗത്തിൽപ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാർ വിഭാഗത്തിൽപ്പെട്ട മിഥുനും വിവാഹിതരായത്. ഒക്ടോബർ 29 ന് ബോണക്കാട് വച്ചായിരുന്നു വിവാഹം. എന്നാൽ ദീപ്തിയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തു. ദീപ്തിയുടെ സഹോദരനായ ഡാനിഷ് എറണാകുളത്തെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറാണ്.പള്ളിയിൽ നിന്ന് വിവാഹം കഴിക്കുന്നത് സംബന്ധിച്ച് സംസാരിക്കാനായി വരണമെന്ന് പറഞ്ഞാണ് ഡാനിഷ് സഹോദരിയെയും ഭർത്താവിനെയും വിളിച്ചു വരുത്തിയത്. മതം മാറണമെന്നുമായിരുന്നു ആവശ്യം ഇത് എതിർത്തതോടെ പണം നൽകി പിന്തിരിപ്പിക്കാനും ശ്രമം നടത്തി.
ഇവിടെയും വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ വീട്ടിലെത്തി അമ്മയെ കണ്ട് പോകാൻ ഡാനിഷ് ഇരുവരോടും ആവശ്യപ്പെട്ടു.വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ വീടിന് സമീപത്ത് വച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കടയുടെ സിസിടിവി ക്യാമറയിലും പതിഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ