ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ ഭൂരഹിതരായ ഇരുപത്തിയഞ്ച് പേർക്ക് സ്വന്തമായി ഭൂമിയെന്ന സ്വപ്നം യഥാർഥ്യമായി. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അമ്പത് ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ഭൂമിയുടെ ആധാരം വി. ശശി എംഎ‍ൽഎ വിതരണം ചെയ്തു. ലൈഫ് പദ്ധതി പ്രകാരം ഓരോ ഗുണഭോക്താവിനും രണ്ട് സെന്റ് വസ്തുവാണ് ലഭിച്ചത്. അതോടൊപ്പം ജനകീയാസൂത്രണ പദ്ധതികളുടെ ആനുകൂല്യ വിതരണോദ്ഘാടനവും നടന്നു. സുതാര്യമായ പദ്ധതി ആസൂത്രണവും നിർവഹണവുമാണ് ചിറയിൻകീഴിൽ നടക്കുന്നതെന്ന് എംഎ‍ൽഎ പറഞ്ഞു. ആനുകൂല്യങ്ങൾ നൽകുന്നതിനൊപ്പം പഞ്ചായത്ത് തലത്തിൽ തൊഴിൽ സാദ്ധ്യതകൾ വർധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കുമുള്ള ലാപ്ടോപ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗവും ജില്ലാപഞ്ചായത്തംഗം ആർ. സുഭാഷും ചേർന്ന് നിർവഹിച്ചു. ശുചിത്വമിഷനും പഞ്ചായത്തും സംയുക്തമായി ഹരിതകർമ്മ സേനയ്ക്ക് വാങ്ങിയ ഇലക്ട്രിക് വാഹനത്തിന്റെ താക്കോൽദാനം ശുചിത്വമിഷൻ ഡിസ്ട്രിക്ട് കോർഡിനേറ്റർ എ. ഫൈസി നിർവഹിച്ചു. കൂടാതെ ശുചിത്വ കേരള മിഷൻ പദ്ധതിപ്രകാരം വാങ്ങിയ 200 ബയോകമ്പോസ്റ്റ് ബിൻ വിതരണവും നടന്നു. അടുത്തഘട്ടത്തിൽ ആയിരം പേർക്ക് ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയ്യും.

ഗ്രാമസഭകളിലൂടെ അർഹതപ്പെട്ട ഗുണഭോക്താക്കളെ സുതാര്യമായാണ് തെരഞ്ഞെടുത്തതെന്നും ചിറയിൻകീഴ് പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്ത് ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ആർ. സരിത, വാർഡ് മെമ്പർമാർ, കുടുംബശ്രീ - ഹരിതകർമ്മ സേന പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.