തിരുവനന്തപുരം: സിനിമ ഒരു മാസ്മരിക ലോകമാണ്. അവിടെ എത്തിപെടാനായി ശ്രമിക്കുന്നവർ നിരവധിയാണ്. എത്തിച്ചേർന്നവരിൽ ചിലർ പിടിച്ചു കയറി ഉന്നതങ്ങളിൽ എത്തി. ചിലർക്ക് നഷ്ടങ്ങൾ മാത്രം സമ്മാനിച്ചു. ചിലർ കത്തിക്കയറിയിട്ടും എങ്ങും എത്താതായി. സിനിമയെന്ന അത്ഭുതലോകത്തെ കൈപ്പിടിയിൽ ഒതുക്കാൻ ആഗ്രഹിച്ചു വന്ന പലർക്കും ആദ്യകാലങ്ങളിൽ കയ്‌പ്പുള്ള അനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നത്. 1973 ൽ സിനിമാ പിന്നണി ഗാന രംഗത്ത് കത്തി നിന്ന, സംഗീത ലോകം മാത്രം സ്വപ്നം കണ്ടു ജീവിച്ച ചിറയിൻകീഴ് കാരനായ മനോഹരൻ എന്ന ഗായകന്റെ അനുഭവവും മറ്റൊന്നല്ല. മനോഹരന്റെ ഇന്നത്തെ അവസ്ഥ അത്ര സുഖകരമല്ല. ജീവിക്കാനായി സെക്യൂരിറ്റി ജോലിചെയ്തും ഒടുവിൽ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ ചായവിൽപ്പനക്കാരനായി തുടരുകയാണിപ്പോൾ.

പിന്നണിഗായകനും ദേശീയ പുരസ്‌ക്കാര ജേതാവും നൂറിലേറെ പാട്ടുകളുടെ സംഗീതസംവിധായകനുമായ സംഗീതജ്ഞനായിരുന്നു ചിറയിൻ കീഴ് മനോഹരൻ. എന്നാൽ ഇന്ന് ജീവിതം മുന്നോട്ട് നയിക്കാൻ ആശുപത്രി ക്യാന്റീനിലെ ചായക്കച്ചവടക്കാരന്റെ റോളാണ് ചെയ്യുന്നത്. തിരുവനന്തപുരം തോന്നയ്ക്കൽ പതിനാറാം മൈലിലെ അൽ നിയാദി ഹോസ്പിറ്റലിലെ ക്യാന്റീനിലാണ് മനോഹരന്റെ ജോലി.

മലയാള സിനിമയ്ക്കായി രണ്ട് ഏകാംഗ ഗാനങ്ങൾ ഉൾപ്പെടെ 18 പാട്ടുകളാണ് ഇദ്ദേഹം ആലപിച്ചിട്ടുള്ളത്. 1974ൽ പുറത്തിറങ്ങിയ 'രാജഹംസം' എന്ന ചിത്രത്തിനായി വയലാർ രചിച്ച് ജി ദേവരാജൻ മാസ്റ്റർ ഈണമിട്ട 'കേശഭാരം കബരിയിലണിയും കേരളനൃത്തകലാ സൗന്ദര്യമേ' എന്ന ഗാനമാണ് ഇദ്ദേഹം ഏകനായി പാടിയ പാട്ടുകളിൽ ഏറ്റവും ശ്രദ്ധേയം. 1973ൽ 'ക്രിമിനൽസ്' എന്ന ചിത്രത്തിനായി എൽ ആർ അഞ്ജലിക്കൊപ്പം 'ദൈവം വന്നുവിളിച്ചാൽ പോലും ഞാനില്ല' എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. 'പ്രയാണം' എന്ന ചിത്രത്തിനായി വയലാർഎം ബി ശ്രീനിവാസൻ ടീം ഒരുക്കിയ 'ബ്രാഹ്മമുഹൂർത്തം കഴിഞ്ഞു, പ്രപഞ്ചം പ്രാതസ്നാനത്തിനുണർന്നു' എന്ന പാട്ടാണ് മനോഹരൻ ഒറ്റയ്ക്ക് പാടിയ മറ്റൊരു ഗാനം.

മനോഹരന്റെ കഥ ഇങ്ങനെ:
ചിറയിൻകീഴ് ശാരദാവിലാസം ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെയാണ് ഗാനാലാപന രംഗത്ത് ശോഭിക്കുന്നത്. സ്‌കൂൾ കലാമേളകളിൽ സമ്മാനിതനായ ഇദ്ദേഹം എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ 1965 ഓൾ ഇന്ത്യ റേഡിയോ സംഘടിപ്പിച്ച സംഗീത മത്സരത്തിൽ ഒന്നാമനായും തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ആകാശവാണിയുടെ ലളിതസംഗീത വേദിയിലും ഗാനമേള വേദികളിലും സജീവമായി. പിന്നീട് സംഗീതത്തോട് ആവേശമായി. എസ്.എസ്.എൽ.സി കഴിഞ്ഞ് തിരുവനന്തപുരം മ്യൂസിക്ക് കോളേജിൽ സംഗീത പഠനത്തിനായി ചേർന്നു. പഠിനം തുടരുന്നതിനിടയിൽ ആറ്റിങ്ങൽ ദേശാഭിമാനി തീയേറ്ററിൽ നിന്നും ക്ഷണം വരുന്നു. നാടക ഗാനങ്ങൾ ആലപിക്കണം. ക്ഷമിക്കാനെത്തിയത് നാടക രംഗത്തെ ഗാനപ്രതിഭ ബ്രഹ്മാനന്ദനും. ഒന്നും നോക്കിയില്ല പിന്നെ ദേശാഭിമാനിക്കൊപ്പമായി. ഇതോടെ ദേശാഭിമാനി മനോഹരൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ മാനേജർ അക്കാലത്ത് ജയറാം ആയിരുന്നു. അന്ന് ജയറാമിനൊപ്പം ഒരു സഹായി ഉണ്ടായിരുന്നു, ആനന്ദൻ. കക്ഷത്തിലെപ്പോഴും ഒരു ഡയറിയുമായി നടക്കുന്ന തീപ്പൊരി പ്രാസംഗികനായ ആനന്ദൻ പിന്നീട് ആനത്തലവട്ടം ആനന്ദനായി. സിപിഎമ്മിന്റെ സമ്മുന്നതനായ നേതാവും എംഎൽഎയുമൊക്കെയായി, ഒപ്പം മനോഹരന്റെ നല്ലൊരു സുഹൃത്തും.

ഗാനഭൂഷണം പാസായശേഷമാണ് 1973 ലാണ് മനോഹരൻ സിനിമാ പിന്നണി ഗാന രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. വൈക്കം ചന്ദ്രശേഖരൻ നായരുടെ ശുപാർശയിൽ മദ്രാസിൽ ജി ദേവരാജന്മാസ്റ്ററുടെ പക്കലാണ് മനോഹരൻ ആദ്യമെത്തിയത്. കത്തുമായി ചെന്ന് കാര്യം പറഞ്ഞു. ശരി അവസരം വരുമ്പോൾ വിളിക്കാമെന്ന് പറഞ്ഞു. ദേവരാജൻ മാഷിന്റെ വിളിയും കാത്തിരുന്നു. ദിവസങ്ങൾ കഴിയുന്തോറും മനസ് അസ്വസ്ഥമാകാൻ തുടങ്ങി. കൈയിലെ പണം തീരുകയാണ്. അങ്ങനെയാണ് ചീറയിൻകീഴുകാരനും നാട്ടിൽവെച്ചു തന്റെ സൂഹൃത്തായ പ്രേം നവാസിനെ കാണാൻ പോകുന്നത്. നവാസ് അന്ന് പ്രേം നസീർ സാറിനൊപ്പം മദ്രാസിലുണ്ട്. മനോഹരനെ കൈവിടാൻ നവാസിന് കഴിയുമായിരുന്നില്ല. അതുകൊണ്ട് മനോഹരനെയും കൂട്ടി തന്റെ സുഹൃത്ത് കൂടിയായ ബാബുരാജിനെ കാണാൻ പോയി. കാര്യങ്ങളൊക്കെ ധരിപ്പിച്ച് പരിചയപ്പെടുത്തുകയും ചെയ്തു. എന്തെങ്കിലും ചാൻസ് വന്നാൽ വിളിക്കാമെന്ന് ബാബുരാജ് ഉറപ്പുനൽകി.

പിന്നെയും കാത്തിരിപ്പാണ്. ദേവരാജനോ ബാബുരാജോ ആരെങ്കിലുമൊന്ന് വിളിച്ചിരുന്നെങ്കിൽ. രണ്ടാഴ്‌ച്ച കഴിഞ്ഞുകാണും. ഒരുദിവസം മനോഹരനെ തേടി ഒരു തമിഴൻ എത്തി. വേഗം മാഷിന്റെ അടുത്ത് എത്തണം. വരണ്ടുണങ്ങിയ ഭൂമിയിൽ വെള്ളം കണ്ട പുൽച്ചെടിയെപോലെയായി. ദേവരാജന്റെ സ്റ്റുഡിയോയിലെത്തി. കുറേ പാട്ടുകൾ കേട്ട് പഠിക്കാനായിരുന്നു നിർദ്ധേശം. നൂറിലധികം റെക്കോർഡുകൾ കേട്ട് പാട്ട് പഠിച്ചത് ദിവസങ്ങളോളമായിരുന്നു. ഭക്ഷണമൊക്കെ അവിടെ തന്നെയായിരുന്നു. പിന്നീട് പൊയ്ക്കോളാൻ പറഞ്ഞു. വീണ്ടും കാത്തിരിപ്പ്. പിന്നെയൊരു ദിവസം വിളിച്ചു പാട്ട് പാടാൻ പറഞ്ഞു. ദേശാഭിമാനിയിൽ പാടിയ ഒരു നാടകഗാനം പാടി. കേട്ട് കഴിഞ്ഞിട്ട് വിളിക്കാമെന്ന് പറഞ്ഞു വീണ്ടും മടക്കി വിട്ടു.

ശബ്ദം ടെസ്റ്റ് ചെയ്തു കഴിഞ്ഞിട്ടും കാത്തിരിപ്പ് തുടരുകയാണ്. അപ്പോഴേക്കും ബാബുരാജിന്റെ വിളിവന്നു. ആദ്യ സിനിമാപ്പാട്ട് പാടാനുള്ള ക്ഷണം കൂടിയായിരുന്നു അത്. അങ്ങനെ ക്രിമിനൽസ് എന്ന പടത്തിൽ പൂവച്ചൽ ഖാദർ എഴുതി ബാബുരാജ് ഈണമിട്ടൊരു ഡ്യൂയറ്റിലൂടെ സിനിമ പിന്നണി ഗായകനായി മനോഹരൻ. എൽ.ആർ ഈശ്വരിയുടെ സഹോദരി എൽ.ആർ അഞ്ജലി ആയിരുന്നു ഫീമെയിൽ വോയിസ്. റാഫി പാടിയൊരു ഹിന്ദി പാട്ടിന്റെ പാരഡി പാട്ടായിരുന്നു അത്. ദൈവം വന്നു വിളിച്ചാൽ പോലും ഞാനില്ല..., ഈ ഭൂമിയിലിപ്പോൾ സിനിമാതാരങ്ങളണല്ലോ ദൈവങ്ങൾ എന്നു തുടങ്ങുന്ന ആ ഗാനം അത്രവലുതായിട്ട് ശ്രദ്ധിക്കപ്പെട്ടില്ല. താനൊരു നല്ല ഗായകനാണെന്നു തെളിയിക്കാൻ പറ്റിയ പാട്ടല്ല പാടിയതെന്നു മനോഹരനു തന്നെ അറിയാമായിരുന്നു. ആകെയുള്ള ആശ്വാസം ബാബുരാജിന് തന്നെ ഇഷ്ടമായി എന്നതുമാത്രമായിരുന്നു.

ക്രിമിനൽസിലെ പാട്ട് പാടി ഒരാഴ്‌ച്ച കഴിഞ്ഞപ്പോൾ മനോഹരനെ തേടി ഒരിക്കൽ കൂടി ദേവരാജന്റെ വിളിവന്നു. എവി എം സ്റ്റുഡിയോയിലെത്താനായിരുന്നു നിർദ്ധേശം. അവിടെ എത്തിയപ്പോൾ ഒരു പേപ്പറിൽ ഏതാനം വരികൾ പകർത്തി എഴുതാൻ പറഞ്ഞു. എന്നിട്ട് അദ്ദേഹം ഈണമിട്ട് പാടിയ പോലെ പാടാൻ പറഞ്ഞു. മനോഹരൻ അത് ഏറ്റുപാടി. പോയിട്ട് നാെള വരാൻ പറയുകയും ഇനി ഈ പാട്ട് പാടി നോക്കരുതെന്നും പറഞ്ഞു. വയലാർ രാമവർമ്മ എഴുതിയ കേശഭാരം കബരിയിലണിയും
കേരളനൃത്തകലാ സൗന്ദര്യമേ നിന്റെ
തോടയം പുറപ്പാടിന്നരികിൽ നിൽപ്പൂ പുഷ്പ
തോരണം ചാർത്തിയ പ്രകൃതീ... എന്ന ഗാനമായിരുന്നു അത്.

പിറ്റേദിവസം, താനെന്താകാനാണോ മദ്രാസിലേക്ക് എത്തിയത് ആ സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു.പ്രശസ്ത ബാനറായ സുപ്രിയ നിർമ്മിക്കുന്ന പടമാണ് രാജഹംസം. അതിലേക്കാണ് താൻ പാടാൻ പോകുന്നത്. അതും വയലാർ-ദേവരാജൻ ടീമിന്റെ പാട്ട്. കൺസോൾ റൂമിലിരുന്ന ദേവരാജൻ നിർദ്ദേശം നൽകി. ആദ്യമൊരു റിഹേഴ്‌സൽ. പിന്നെ ആദ്യ ടേക്ക്. ഫൈനൽ ടേക്കും എടുത്തു. ആദ്യ ടേക്ക് തന്നെ ഉപയോഗിക്കാൻ തീരുമാനിച്ചു. പക്ഷെ പാടിക്കഴിഞ്ഞിട്ടും നല്ലതോ ചീത്തയോ എന്നൊരു വാക്ക് മാത്രം ദേവരാജന്റെ വായിൽ നിന്നു വീണില്ല. രണ്ടുമാസത്തിനിപ്പുറം രാജഹംസം റിലീസ് ചെയ്തപ്പോൾ മനോഹഹരന്റെ പാട്ടിനെക്കുറിച്ച് പറയാൻ ആയിരമായിരം നാവുകൾ പൊങ്ങി. പത്രങ്ങൾ മനോഹരനെക്കുറിച്ച് ഫീച്ചറുകൾ എഴുതി. ചലച്ചിത്രഗാനരംഗത്ത് ചിറയിൻകീഴ് മനോഹരൻ എന്ന ഗായകൻ പിറവിയെടുത്തു.

എന്നാൽ പാട്ട് ഹിറ്റായെങ്കിലും പിന്നീട് മാഷ് വിളിച്ചില്ല. ഒരു ദിവസം ആളെ വിട്ടു വിളിപ്പിച്ചു. എന്നിട്ട് നാന സിനിമാ വാരിക നൽകി അതിൽ നൽകിയിരിക്കുന്ന ഒരു സിനിമാ വാർത്ത കാണിച്ചു. അവസാന പേജ് മറിച്ചെടുത്ത് മനോഹരനു നേരെ നീട്ടി നീ അതൊന്നു വായിക്ക്. ചിറയിൻകീഴിൽ നിന്നെത്തിയ മനോഹരൻ എന്ന ചെറുപ്പക്കാരൻ മനോഹരമായി പാടിയിട്ടുപോലും ദേവരാജൻ ആയാളെ പുച്ഛിച്ചു എന്നാണ് എഴുതിയിരിക്കുന്നത്. മനോഹരന് ഒന്നും മനസ്സിലായില്ല. മധു വൈപ്പിന എന്നയാളാണ് എഴുതിയിരിക്കുന്നത്. എനിക്കൊന്നും മനസ്സിലായില്ല. നീ അറിഞ്ഞോ ഇല്ലയോ എന്നൊന്നും എനിക്കറിയേണ്ട. നീ ഇനി എന്റെ പാട്ട് പാടില്ല. ഒരു തെറ്റും ചെയ്യാതെ തെറ്റുകാരനായ പോലെ നിൽക്കേണ്ടി വന്നു. അങ്ങനെ ദേവരാജൻ മാഷിന്റെ പാട്ടുകൾ അന്യം നിന്നു. എന്നാലും ജി ദേവരാജനോടുള്ള മനോഹരന്റെ ബഹുമാനത്തിന് ഇളക്കം തട്ടിയിരുന്നില്ല. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് തന്റെ ജീവിതം മാറ്റിയെഴുതിയൊരാളോടാണ് ഈ ബഹുമാനം. എത്രവലിയവനെങ്കിലും തെറ്റ് തന്നെയല്ലേ ദേവരാജൻ മാഷ് ചെയ്തത്. പക്ഷേ മനോഹരേട്ടൻ ഇന്നും ദേവരാജൻ മാഷിനെ ബഹുമാനിക്കുന്നു, ഏറെയിഷ്ടപ്പെടുന്നു. എന്നിട്ട് സ്വയം താനൊരു നിർഭാഗ്യവാനാണെന്ന് കുറ്റപ്പെടുത്തുന്നു.

പാട്ടുകൾ കുറഞ്ഞതോടെ സംഗീത സംവിധായകന്മാുടെ അസിസ്റ്റന്റായുള്ള ജോലിയിലേക്ക് മാറി. ഗുണസിങ് സ്വതന്ത്രസംഗീത സംവിധായകനായപ്പോൾ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി. തുടർന്ന് ജോൺസൻ സംവിധായകനെത്തിയപ്പോൾ അദ്ദേഹത്തോടൊപ്പവും പ്രവർത്തിച്ചു. അക്കാലത്ത് തരംഗമായിരുന്ന കാസറ്റുകൾക്കായി ഇദ്ദേഹം നൂറിലേറെ പാട്ടുകൾക്ക് ഈണമൊരുക്കി. തുടർന്ന് മദ്രാസിലെ വീട് വിറ്റ് നാട്ടിലെത്തിയ ഇദ്ദേഹം ഗാനമേളവേദികളിൽ സജീവമായെങ്കിലും അവസരങ്ങൾ കുറഞ്ഞു. സംഗീതവിദ്യാലയം ആരംഭിച്ചുവെങ്കിലും സമർപ്പിതരായ കുട്ടികളുടെ അഭാവം മൂലം അതും ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.

തുടർന്നാണ് നാലുവർഷം മുൻപ് സെക്യൂരിറ്റി ഗാർഡിന്റെ ജോലി സ്വീകരിക്കാൻ നിർബന്ധിതനായത്. തിരുവനന്തപുരത്തെ ധന്യ, രമ്യ എന്നീ തീയേറ്റർ സമുച്ചയത്തിലായിരുന്നു ആദ്യം. പിന്നീട് ഇവിടെ മാക്സ് വാണിജ്യ കോംപ്ളക്സിലും ജോലി നോക്കി. തുടർന്നാണ് അൽ നിയാദി ആശുപത്രിയിലെത്തിയത്. ഭാര്യ ഇവിടെ ഹൗസ്‌ക്കീപ്പിങിൽ ജോലി ചെയ്യുകയാണ്. മനോഹരന്റെ കഥകൾ അറിഞ്ഞ ആശുപത്രി ചെയർമാൻ നാസറുദീൻ ഇവിടെ ക്യാന്റീൻ നടത്താൻ നിർബ്ബന്ധിക്കുകയായിരുന്നു. മനോഹന് ഇവിടെ അൽപം ആശ്വാസമുണ്ട്. യൂണിഫോം അണിയേണ്ട എന്ന ആശ്വാസം.

ആശുപത്രിയിൽ തന്നെ താമസ സൗകര്യം അധികൃതർ ഒരുക്കി നൽകിയിട്ടുണ്ട്. ഇവിടെയാണ് ഇപ്പോൾ താമസം. രാധയാണ് ഭാര്യ. ഹൃദയനാഥ്, ഗംഗ, യമുന എന്നിവർ മക്കളും ധന്യ, സുനിൽകുമാർ, ശിവകുമാർ എന്നിവർ മരുമക്കളുമാണ്. മക്കളുടെ വിവാഹത്തിന് ശേഷം വലിയ കടബാധ്യതയിലാണ് മനോഹരൻ. വീടും വസ്തുവും ജപ്തി ഭീഷണിയിലുമാണ്. മക്കളൊക്കെ സ്വന്തം നിലയിലാണ് ജീവിക്കുന്നതെങ്കിലും വലിയ വരുമാനമൊന്നുമില്ല. അതിനാൽ അവരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലിൽ തന്നെ നിൽക്കുകയാണ്.