- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൃഷിക്ക് പാട്ടത്തിന് നൽകിയ ഭൂമി സർക്കാരിന് തന്നെ ആശുപത്രി തുടങ്ങാൻ വിട്ടു കൊടുക്കുന്ന മഹാമനസ്കത; അവിടെ സർക്കാർ ആശുപത്രിക്ക് അനുമതി നൽകി ആരോഗ്യ വകുപ്പും; ചിറ്റാറിലെ ആശുപത്രിയിൽ വിവാദം
പത്തനംതിട്ട: സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി വ്യക്തി സർക്കാരിന് വിട്ടു കൊടുക്കുക. വ്യക്തിയുടെ മഹാമനസ്കത വാനോളം പുകഴ്ത്തി അവിടെ സർക്കാർ ആശുപത്രി നിർമ്മിക്കാൻ അനുവാദം നൽകുക. ഇപ്പോഴിതാ വിവാദവും.
കോന്നി നിയോജക മണ്ഡലത്തിനായി സർക്കാർ അനുവദിക്കുകയും ചിറ്റാറിൽ തുടങ്ങുമെന്ന് കെയു ജനീഷ്കുമാർ എംഎൽഎ അറിയിക്കുകയും ചെയ്ത ജില്ലാ സ്പെഷാലിറ്റി സർക്കാർ ആശുപത്രിയെയും അതിന് കൈമാറി കിട്ടിയ ഭൂമിയെയും ചൊല്ലിയാണ് വിവാദം കൊഴുക്കുന്നത്. 2013 ൽ അടൂർ പ്രകാശ് തുടങ്ങി വയ്ക്കുകയും സ്ഥലം കിട്ടാതിരുന്നതിനാൽ സർക്കാർ അനുമതി വൈകുകയും ചെയ്ത പദ്ധതിയാണ് ഇപ്പോൾ വീണ്ടും കൊണ്ടു വന്നിരിക്കുന്നത്. രണ്ടു കാര്യങ്ങളിലാണ് ഇപ്പോൾ തർക്കം നടക്കുന്നത്. ഇതിനായി വ്യക്തി സൗജന്യമായി വിട്ടു കൊടുത്ത ഭൂമി സർക്കാർ തോട്ടമാണ് എന്നതാണ് വസ്തുത.
ചിറ്റാറിൽ സ്പെഷാലിറ്റി ജില്ലാ സർക്കാർ ആശുപത്രി അനുവദിച്ചുവെന്നാണ് ജിനേഷ് കുമാർ എംഎൽഎ അറിയിച്ചിരുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി വ്യക്തി രണ്ടേക്കർ സൗജന്യമായി വിട്ടു നൽകിയെന്നും ഇനി ഒരു മൂന്നേക്കർ കൂടി നൽകുമെന്നും പറഞ്ഞിരുന്നു. വിട്ടു കൊടുത്തുവെന്ന് പറയുന്നത് പാട്ടഭൂമിയാണെന്നുള്ളതാണ് പ്രധാന ആരോപണം. സർക്കാരിന്റെ സ്വന്തം തോട്ട ഭൂമി വ്യക്തിയുടെ കൈയിൽ നിന്നും ഏറ്റെടുക്കേണ്ട ആവശ്യമുണ്ടോയെന്ന ചോദ്യം ഉയരുന്നു.
കോന്നി മണ്ഡലത്തിൽ അനുവദിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ചിറ്റാറിൽ ആരംഭിക്കുന്നതിന് അനുമതി നൽകുന്നുവെന്നാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. കോന്നിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സ്ഥാപിക്കുന്നതിനായി 2013 ൽ 3.11 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും സാങ്കേതിക അനുമതിയും നൽകിയിരുന്നു. അനുയോജ്യവും ആവശ്യാനുസരണ വുമുള്ള സ്ഥലം ലഭ്യമാകാത്തതിനാൽ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ, ചിറ്റാർ വില്ലേജിൽ രണ്ടേക്കർ സ്ഥലം വ്യക്തി ആശുപത്രി തുടങ്ങുന്നതിനായി നിരുപാധികം വിട്ടു നൽകാൻ സമ്മതം പത്രം നൽകിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോന്നി മണ്ഡലത്തിൽ അനുവദിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ചിറ്റാറിൽ തുടങ്ങുവാൻ തത്വത്തിൽ അനുമതി നൽകിയിരിക്കുന്നുവെന്നാണ് ഉത്തരവിൽ തുടർന്നു പറയുന്നത്. ഇതിൽ ആശുപത്രി തുടങ്ങുവാൻ വിട്ടു നൽകിയെന്ന് പറയുന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തർക്കമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. നിലവിൽ വിട്ടു കൊടുത്തുവെന്ന് പറയുന്നത് പാട്ട ഭൂമിയാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
അവിടെ അഞ്ച് സെന്റ് വാങ്ങി വീട് വച്ചവർക്ക് കരം അടക്കാനോ ഭൂമി പേരിൽ കൂട്ടാനോ കഴിഞ്ഞിരുന്നില്ല. നാലു പേർ ഹൈക്കോടതിയിയെ സമീപിച്ചതിനാൽ തുണ്ടുഭൂമി എന്ന പരിഗണനയിൽ അനുമതി നൽകിയിട്ടുണ്ടെന്ന് പറയുന്നു. ഇവിടെ 1016 ഏക്കർ നിലവിലെ രേഖകൾ അനുസരിച്ച് റവന്യൂ ഭൂമിയാണെന്നതു കൊണ്ടാണ് കരം അടച്ച് പോക്കുവരവ് നടത്തുന്നത് തടഞ്ഞത് എന്നാണ് റവന്യൂ വകുപ്പിൽ നിന്നുള്ള ഭാഷ്യം. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ വന്ന എല്ലാ കേസിലും സർക്കാർ വാദിച്ചത് ഇത് റവന്യൂ ഭൂമിയാണെന്നാണ്. അങ്ങനെയുള്ള സർക്കാർ ഭൂമി എങ്ങനെ വ്യക്തിക്ക് വിട്ടു നൽകാൻ കഴിയുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇതേ പോലെ 10 വർഷം മുൻപ്, രണ്ടേക്കർ ഭൂമി വില്ലേജ് ഓഫീസ് പണിയാൻ ഈട്ടിച്ചുവട്ടിൽ വിട്ടു കൊടുക്കാമെന്ന് ഇതേ വ്യക്തിഅറിയിച്ചിരുന്നതാണ്.
പാട്ട ഭൂമിയായതിനാലാണ് സർക്കാരിന് അതേറ്റെടുക്കാൻ കഴിയാതെ പോയതെന്നും പറയുന്നു. വികെഎൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യനാണ് ഭൂമി വിട്ടു നൽകിയിരിക്കുന്നത്. ചിറ്റാർ എവിടി തോട്ടത്തിന്റെ ഭാഗമായ ഭൂമിയാണിതെന്ന് സർക്കാർ രേഖകളിലുണ്ട്. ഇവിടെ തുണ്ടു ഭൂമി വാങ്ങിയവർക്ക് പോലും കരം അടയ്ക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഹൈക്കോടതിയിൽ പോയി തുണ്ടു ഭൂമി ആണെന്ന് വാദിച്ചവർക്ക് മാത്രമാണ് കരം അടയ്ക്കാൻ സാധിച്ചത്. അതിനിടെ ചിറ്റാർ സ്പെഷാലിറ്റി ജില്ലാ ആശുപത്രി കെട്ടിട നിർമ്മാണം ഈ മാസം ആരംഭിക്കുമെന്ന് അഡ്വ കെയു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
ആശുപത്രിക്കായി ഭൂമി വിട്ടു നൽകിയ വിദേശ മലയാളി വർഗീസ് കുര്യൻ, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം സ്ഥലം സന്ദർശിച്ച ശേഷമാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. 25 കോടി രൂപ വിനിയോഗിച്ചാണ് ആശുപത്രി നിർമ്മിക്കുന്നത്. ആദ്യഘട്ട നിർമ്മാണത്തിന് 4.51 കോടി രൂപയുടെ ഭരണാനുമതി ഇതിനോടകം ലഭിച്ചിട്ടുണ്ട്. നിർമ്മാണത്തിന് മുന്നോടിയായി എല്ലാവിധ നടപടിക്രമങ്ങളും ഈ മാസം 25 ന് മുമ്പ് പൂർത്തിയാക്കുമെന്നും എംഎൽഎ അറിയിച്ചു. പുനലൂർ സർക്കാർ ആശുപത്രി മാതൃകയിൽ എല്ലാ സ്പെഷാലിറ്റി വിഭാഗവും ഉൾപ്പെടുത്തിയാണ് ആശുപത്രി ഒരുക്കുന്നത്.
എംഎൽഎയ്ക്ക് ഒപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തിങ്കൽ, പിഡബ്ല്യുഡി കെട്ടിട നിർമ്മാണ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പികെ ഹരീഷ് കുമാർ, അസി. എൻജിനീയർ ആർ അരവിന്ദ്, വിദേശമലയാളി വർഗീസ് കുര്യൻ എന്നിവരുമുണ്ടായിരുന്നു.