- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2016 കിട്ടിയ ഭൂരിപക്ഷം 25460, ഇക്കുറി 2919; ആകെ കിട്ടിയ വോട്ടിലും വലിയ കുറവ്; അടൂരിലെ വോട്ട് ചോർച്ച അന്വേഷിക്കണമെന്ന് ചിറ്റയം ഗോപകുമാർ; കഴിഞ്ഞ പത്തു വർഷം ഒന്നും ചെയ്യാതിരുന്നതിന് ജനങ്ങളുടെ പ്രതിഷേധമാണ് വോട്ട് കുറയാൻ കാരണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണനും
അടൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽഡിഎഫിനുണ്ടായ വോട്ട് ചോർച്ച അന്വേഷിക്കണമെന്ന ആവശ്യവുമായി ചിറ്റയം ഗോപകുമാർ. 2016 ൽ 25460 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചിറ്റയം വിജയിച്ചത്. ഇക്കുറി ഭൂരിപക്ഷം 2919 വോട്ടായി കുറഞ്ഞു. ആകെ കിട്ടിയ വോട്ടിലും കുറവുണ്ടായി. 76034 വോട്ടാണ് 2016 ൽ ചിറ്റയത്തിന് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായിരുന്ന യുഡിഎഫിലെ കെകെ ഷാജുവിന് 50574 വോട്ടും കിട്ടി. ഇക്കുറി ചിറ്റയത്തിന് 66569 വോട്ടാണ് കിട്ടിയത്. യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന് 63650 വോട്ടും ലഭിച്ചു.
ചിറ്റയം വിജയിച്ചെങ്കിലും വോട്ട് ചോർച്ച പാർട്ടിയെ ഞെട്ടിച്ചു. എതിർ സ്ഥാനാർത്ഥി എംജി കണ്ണൻ ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയത്. എൽഡിഎഫ് തരംഗം ഉണ്ടായിരുന്നതു കൊണ്ട് മാത്രമാണ് ചിറ്റയത്തിന് കുറഞ്ഞ വോട്ടുകൾക്കെങ്കിലും വിജയിക്കാൻ കഴിഞ്ഞത്. അല്ലായിരുന്നെങ്കിൽ കനത്ത പരാജയം തന്നെ നേരിടേണ്ടി വരുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. എന്തു കൊണ്ടാണ് വോട്ട് ചോർച്ച ഉണ്ടായതെന്നും ഏതൊക്കെ മേഖലകളിലാണ് പാർട്ടി വോട്ടു നഷ്ടമായതെന്നുമാണ് അന്വേഷിക്കേണ്ടത്.
വളരെ നിഷ്പ്രയാസം ജയിക്കാമെന്നാണ് ചിറ്റയം കരുതിയിരുന്നത്. ആദ്യഘട്ടത്തിൽ ചിറ്റയം പ്രചാരണ രംഗത്ത് ബഹുദൂരം മുന്നേറിയിരുന്നു. വൈകി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ട കണ്ണൻ ചിട്ടയായ പ്രവർത്തനത്തിലൂടെ അതിവേഗം കളം പിടിച്ചു. അവസാന ഘട്ടമായപ്പോഴേക്കും കണ്ണൻ വിജയിക്കുമെന്ന ഒരു തോന്നലും ഉളവാക്കിയിരുന്നു. എൽഡിഎഫ് തരംഗം ഉണ്ടാവുകയും ആറന്മുള പോലെയുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം മൂന്നിരട്ടി വരെ വർധിക്കുകയും ചെയ്തപ്പോഴാണ് നേരത്തേ തന്നെ കാൽലക്ഷത്തിലധികം ഭൂരിപക്ഷമുണ്ടായിരുന്ന അടൂരിൽ വോട്ടും ഭൂരിപക്ഷവും കുറഞ്ഞതാണ് സിപിഐയെ ഞെട്ടിച്ചിരിക്കുന്നത്. കണ്ണൻ ജാതി പറഞ്ഞുവെന്നൊരു ആരോപണവും ചിറ്റയം മുന്നോട്ട്ു വച്ചിട്ടുണ്ട്.
അതേ സമയം നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ച സംബന്ധിച്ച് വസ്തുനിഷ്ഠമായി വിലയിരുത്താൻ ചിറ്റയം ഗോപകുമാറും എൽഡിഎഫ് നേതൃത്വവും തയ്യാറാകണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ എം.ജി.കണ്ണൻ ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കാൽലക്ഷത്തിൽപ്പരം വോട്ടുകൾക്ക് വിജയിച്ച ജനപ്രതിനിധി കഴിഞ്ഞ പത്ത് വർഷമായി അടൂർ നിയോജക മണ്ഡലത്തിൽ നടത്തിയ വികസനം എന്താണെന്ന് തിരിച്ചറിഞ്ഞ ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായത്. ബിജെപി സഹായത്തോടെ കേരളത്തിൽ ഇടതുതരംഗം ഉണ്ടായിട്ടും മൂവായിരത്തിൽ താഴെ വോട്ടുകൾക്കാണ് ചിറ്റയത്തിന് വിജയിക്കാനായത്.
ഭൂരിപക്ഷം വരുന്ന ഇതര സമുദായത്തിൽപ്പെട്ടവർ അധിവസിക്കുന്ന അടൂർ പട്ടികജാതി സംവരണ മണ്ഡലത്തിൽ ജാതിപറഞ്ഞ് താൻ വോട്ട് തേടിയെന്ന ആരോപത്തിന് മറുപടി അർഹിക്കുന്നില്ല. വ്യാജ നോട്ടീസ് ഇറക്കിയെന്ന ചിറ്റയത്തിന്റെ ആരോപണത്തിന്റെ നിജസ്ഥിതി ജനങ്ങൾക്കറിയാം. മരണപ്പെട്ട വ്യക്തിയുടെ പേരിലുള്ള നോട്ടീസ് നിയോജക മണ്ഡത്തിലെ വീടുകളിലെത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവർ തന്നെ ആക്ഷേപമുന്നയിക്കുന്നത് അപഹാസ്യമാണ്.
അടൂരിലെ കഴിഞ്ഞ പത്ത് വർഷത്തെ വികസന മുരടിപ്പിന്റെ പ്രതിഷേധം ജനങ്ങൾ തെരഞ്ഞെടുപ്പിൽ പ്രകടിപ്പിച്ചപ്പോൾ യഥാർത്ഥ്യം ഉൾക്കൊള്ളാൻ തയാറാകാതെ വഴിമാറി പോകാനാണ് എംഎൽഎയുടെ ശ്രമം. പത്ത് വർഷമായി താമസിക്കുന്ന സ്വന്തം ബൂത്തിലെ ജനങ്ങളുടെ പ്രതിഷേധമെങ്കിലും തിരിച്ചറിയാൻ എംഎൽഎ തയ്യാറാകണം. ഇരുപത് വർഷം തുടർച്ചയായി മണ്ഡലത്തെ പ്രതിനിധികരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വികസനകാഴ്ചപ്പാടിന് വിഘാതം സൃഷ്ടിക്കുന്ന നിലപാടാണ് ചിറ്റയം സ്വീകരിച്ചത്.
ഭരണകക്ഷി നേതൃത്വത്തിലെ ചിലരുടെ ഇടപെടലിനെ തുടർന്ന് ആരംഭിച്ച വികസന പ്രവർത്തനങ്ങൾ പോലും സമയബന്ധിതമായി പൂർത്തീകരിക്കാൻ ജനപ്രതിനിധിക്ക് കഴിഞ്ഞില്ലെന്നതിന്റെ തെളിവാണ് നഗരമധ്യത്തിലെ ഇരട്ടപ്പാലത്തിന്റേയും ആനയടി കൂടൽ റോഡിന്റെ നിർമ്മാണവും ഇഴഞ്ഞു നീങ്ങുന്നത്.നിയോജക മണ്ഡലത്തിലെ ജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പൂർണമായി പരാജയപ്പെട്ട ജനപ്രതിനിധിക്കക്കതിരെയുള്ള ജനവികാരമാണ് പ്രതിഫലിച്ചതെന്നും ഒരു മുഴുവൻ സമയ പൊതുപ്രവർത്തകൻ എന്ന നിലയിൽ അടൂരിലെ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും എം.ജി.കണ്ണൻ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്