തിരുവനന്തപുരം: നവജാത ശിശുവിനെ കൊലപ്പെടുത്തി മറവു ചെയ്ത കേസിൽ കുഞ്ഞിന്റെ മാതാവായ നെടുമങ്ങാട് സ്വദേശിനിയെ ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. കേസിലെ ഏക പ്രതി നെടുമങ്ങാട് പനവൂർ വില്ലേജിൽ മാങ്കുഴി തോട്ടിൻകര വീട്ടിൽ ബീന മകൾ ചിത്തിര (28) യെയാണ് ഹാജരാക്കേണ്ടത്.

പ്രതിയെ ജൂലൈ 3 ന് ഹാജരാക്കാൻ നെടുമങ്ങാട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് വിചാരണ കോടതി ജഡ്ജി കെ. കെ. ബാലകൃഷ്ണൻ ഉത്തരവിട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം) , 201(തെളിവ് നശിപ്പിക്കൽ) , ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75 (കുഞ്ഞിനെ സംരക്ഷിക്കാൻ നിയമപരമായും ധാർമ്മികമായും സാദ്ധ്യതപ്പെട്ട അമ്മയായ പ്രതി ആയതിന് വിരുദ്ധമായി പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് കോടതി പ്രതിക്കെതിരെ സെഷൻസ് കേസെടുത്തത്.

2020 നവംബർ 29 നാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അരുംകൊല നടന്നത്. പ്രതി മറ്റാരിൽ നിന്നോ അവിഹിതമായി ഗർഭം ധരിച്ച വിവരം നാട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും രഹസ്യ കാമുകനിൽ നിന്നും കളവ് പറഞ്ഞ് മറച്ച് വെച്ച് ഒരുമിച്ച് ജീവിക്കാൻ അവിഹിതത്തിലൂടെ പൂർണ്ണ ഗർഭിണിയായ പ്രതി പ്രസവിക്കുന്നതിനായി ഗരുഡക്കൊടി എന്ന ചെടിയുടെ വേരും ഇളം പപ്പക്കയും ചേർത്തരച്ച് നാട്ടുമരുന്ന് തയ്യാറാക്കി രാവിലെ കഴിച്ചു.

ഇതിനെ തുടർന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടിനുള്ളിൽ പരമ്പിൽ കിടന്ന് പര സഹായമില്ലാതെ പൂർണ്ണ വളർച്ചയെത്തിയ ഒരാൺ കുഞ്ഞിനെ പ്രസവിച്ച ശേഷം കുഞ്ഞിന്റെ മുഖം കൈ കൊണ്ടമർത്തി ഗ്യാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സാരിയിലും ബെഡ്ഷീറ്റുകളിലുമായി പൊതിഞ്ഞു. അതിന് ശേഷം ആരുമറിയാതെ പിറ്റേന്ന് രാവിലെ വീട്ട് കോമ്പൗണ്ടിൽ കിണറിന് സമീപം മൺവെട്ടി ഉപയോഗിച്ച് ആഴത്തിൽ സ്വയം കുഴി കുത്തി മൃതശരീരം മറവ് ചെയ്ത് തെളിവുകൾ നശിപ്പിച്ചും കുഞ്ഞിനെ സംരക്ഷിക്കാൻ നിയമപരമായും ധാർമ്മികമായും സാദ്ധ്യതപ്പെട്ട അമ്മയായ പ്രതി ആയതിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നുമാണ് കേസ്.