- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാണൻ കിട്ടാതെ പിടയുന്ന കോവിഡ് രോഗികൾക്കായി യുകെ മലയാളിയായ ചിത്രാലക്ഷ്മിയുടെ കുടുംബ ട്രസ്റ്റ് നൽകിയത് 70 ലക്ഷം രൂപ; അച്ഛമ്മയുടെ ഓർമ്മക്കായി രൂപം നൽകിയ ട്രസ്റ്റിന്റെ പ്രവർത്തനം ആശ്വാസമാകുക ആയിരക്കണക്കിന് രോഗികൾക്ക്; ഒറ്റപ്പാലത്തെ നന്മ അഭിമാനമായി മാറുമ്പോൾ
ലണ്ടൻ: പ്രാണൻ കിട്ടാതെ പിടയുന്ന കോവിഡ് രോഗികളെ കുറിച്ചറിഞ്ഞപ്പോൾ മുൻപിൻ നോക്കാതെ ഒറ്റപ്പാലത്തെ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് നൽകിയത് 70 ലക്ഷം രൂപ. യുകെ മലയാളികളുടെ പ്രിയപ്പെട്ട നൃത്ത അദ്ധ്യാപികയായ ചിത്ര ലക്ഷ്മിയുടെ കുടുംബത്തിന്റെ പേരിലുള്ളതാണ് ലക്ഷ്മി ട്രസ്റ്റ്. അറുപതു വർഷം മുൻപ് ചിത്രാലക്ഷ്മിയുടെ അച്ഛൻ ഇ പി മാധവൻ നായർ തന്റെ അമ്മ ലക്ഷ്മിയുടെ ഓർമക്കായി ആരംഭിച്ചതാണ് ലക്ഷ്മി ട്രസ്റ്റ്. ഇക്കാലത്തിനിടയിൽ ആയിരക്കണക്കിന് രോഗികൾക്കും പാവപെട്ടവർക്കുമായി അനേക ലക്ഷം രൂപയുടെ ധനസഹായമാണ് ഈ ട്രസ്റ്റ് ഇതുവരെ പൂർത്തിയാക്കിയത്.
എന്നാൽ കോവിഡ് കാലത്ത് അമാന്തമില്ലാത്ത സഹായം തന്നെ വേണമെന്ന ചിന്തയാണ് തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും ഒറ്റപ്പാലം താലൂക്ക് ഹോസ്പിറ്റലിൽ നിന്നും എത്തിയ ആവശ്യത്തോട് പ്രതികരിക്കാൻ ലക്ഷ്മി ട്രസ്റ്റ് ഭാരവാഹികളെ പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളോട് കിടപിടിക്കും വിധം ഓരോ ബെഡിനോടും ചേർന്ന് സെൻട്രലൈസ്ഡ് ഓക്സിജൻ സപ്ലൈ സിസ്റ്റം സ്ഥാപിക്കുന്നതിനാണ് മെഡിക്കൽ കോളേജിന് 50 ലക്ഷം രൂപയും ഒറ്റപ്പാലം താലൂക്ക് ഹോസ്പിറ്റലിന് 20 ലക്ഷം രൂപയും നൽകാൻ തയ്യാറാകുന്നതെന്നു ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി.
കോവിഡിന്റെ അതിതീവ്ര വ്യാപനം നടക്കുന്ന ജില്ലാ ആയതിനാൽ തൃശൂരിലെ രോഗികൾക്ക് ആശ്വാസം ആകണമെന്നതാണ് ട്രസ്റ്റ് ചിന്തിക്കുന്നത്. മാത്രമല്ല ഇത്തരം ഒരു സഹായത്തിലൂടെ കോവിഡ് കാലത്തിനു ശേഷവും അനേകായിരം രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നതും തീരുമാനം എടുക്കുന്നതിൽ പ്രധാനമായെന്നു മാനേജിങ് ട്രസ്റ്റി രാജൻ എരണത്ത് വ്യക്തമാക്കി.
ആശുപത്രി മേധാവികൾ തന്നെ ലക്ഷ്മി ട്രസ്റ്റ് ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ സഹായം അഭ്യർത്ഥിക്കുക ആയിരുന്നു. പ്രാണ എയർ ഫോർ കെയർ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. മെഡിക്കൽ കോളേജിലേക്ക് 160 ബെഡുകൾക്കും താലൂക്ക് ആശുപത്രിക്കായി 148 ബെഡുകൾക്കുമാണ് ഈ സൗകര്യം ഒരുക്കുന്നത്.
ഒറ്റപ്പാലത്തെ വ്യവസായ പ്രമുഖൻ കൂടിയായ ചിത്രാലക്ഷ്മിയുടെ അച്ഛൻ ഇ പി മാധവൻ നായർ തന്റെ അമ്മയുടെ സ്മരണയ്ക്കായാണ് 1962ൽ ലക്ഷ്മി ട്രസ്റ്റ് രൂപീകരിച്ചത്. അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയും മക്കളും അടക്കമുള്ളവർ ചേർന്നാണ് ഈ ട്രസ്റ്റിനെ മുൻപോട്ടു നയിക്കുന്നത്. ഒരു നാടിന്റെ മൊത്തം തണലാകാൻ ഒരു കുടുംബം കാരണമായി മാറി എന്നതാണ് ഇപ്പോൾ ഒറ്റപ്പാലത്തുകാർക്കു സന്തോഷം പകരുന്ന പ്രധാന കാര്യം.
പദ്ധതി നടപ്പാകുന്നതിന്റെ ഭാഗമായി ആദ്യ ഗഡുവായി തൃശൂർ മെഡിക്കൽ കോളേജിന് 19.20 ലക്ഷം രൂപയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് അഞ്ചു ലക്ഷം രൂപയും കൈമാറിക്കഴിഞ്ഞു. ഇതിനിടയിൽ കേന്ദ്ര സർക്കാർ പദ്ധതി സഹായമായി തൃശൂർ മെഡിക്കൽ കോളേജിൽ ഒന്നര കോടി രൂപയുടെ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങിയതും ലക്ഷ്മി ട്രസ്റ്റ് നൽകുന്ന സെൻട്രലൈസ്ഡ് ഓക്സിജൻ സപ്ലൈ സംവിധാനത്തിന് കരുത്തായി മാറും.
പ്രവർത്തനം മൂന്നു ജില്ലകളിലേക്കും
ഒറ്റപ്പാലത്തെ നാട്ടുകാർക്കിടയിൽ ഒതുങ്ങി പ്രവർത്തിച്ചിരുന്ന ലക്ഷ്മി ട്രസ്റ്റ് ഏതാനും വർഷമായി പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലേക്കായി പ്രവർത്തനം പടർത്തിയിരിക്കുകയാണ്. ഇവിടെ നിന്നുള്ള അനേകായിരം രോഗികൾക്കാണ് ട്രസ്റ്റിന്റെ ധനസഹായം ലഭിച്ചിരിക്കുന്നത്. തൃശൂരിലെ ജൂബിലി മിഷൻ ഹോസ്പിറ്റൽ, ദയ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചു സൗജന്യ ചികിത്സയും ട്രസ്റ്റ് ഉറപ്പാക്കുന്നു. ജൂബിലി മിഷൻ ഹോസ്പിറ്റലിന് പുതിയ ഓങ്കോളജി വാർഡ് സജ്ജമാക്കാൻ 75 ലക്ഷം രൂപ സംഭാവന നൽകിയ ട്രസ്റ്റിന് തിരികെ ഓരോ വർഷവും 15 ലക്ഷം രൂപയ്ക്കാവശ്യമായ സൗജന്യ ചികിത്സയാണു ആശുപത്രി മടക്കി നൽകുന്നത്.
ഇതിലൂടെ ആയിരക്കണക്കിന് രോഗികളിലേക്കാണ് ട്രസ്റ്റ് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുന്നത്. ദയ ഹോസ്പിറ്റലിൽ ഡയാലിസിസ് മെഷീനുകൾ 18 ലക്ഷം രൂപ ചെലവിൽ നൽകിയ ട്രസ്റ്റ് ഇവിടെയും പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നുണ്ട്. ആലത്തൂർ, ഒറ്റപ്പാലം പോലെയുള്ള പ്രദേശങ്ങളിൽ ഡയാലിസിസ് സൗകര്യമുള്ള ആശുപത്രികൾ പേരിനു മാത്രമായത് ഈ രംഗത്ത് കൂടുതൽ ശ്രദ്ധ നൽകാൻ ട്രസ്റ്റിനെ പ്രേരിപ്പിക്കുന്നതായും ഭാരവാഹികൾ വ്യക്തമാക്കി.
കരുത്തായത് ഭൂ സ്വത്തുക്കൾ
സ്വന്തം കമ്പനിയുടെ ബ്രാൻഡ് ഇമേജ് വഴി ലഭിക്കുന്ന റോയൽറ്റി വരുമാനമാണ് ആദ്യ കാലത്തു ട്രസ്റ്റിനെ കൈപിടിച്ച് നടത്തിയിരുന്നത്. തീപ്പെട്ടി വ്യവസായത്തിൽ പേരെടുത്ത ലയൺ ബ്രാൻഡിന്റെ ഉടമകളായിരുന്നു എരണത് തറവാട്ടുകാർ. ഭൂസ്വത്തും കമ്പനികളൂം ഉണ്ടായിരുന്ന കുടുംബം വരുമാനത്തിൽ നല്ല പങ്കും സാമൂഹ്യ സേവനത്തിനായി ചെലവിടുക ആയിരുന്നു. ഇതിനിടയിൽ ട്രസ്റ്റിന് വേണ്ടി കണ്ടുവച്ചിരുന്ന നാല് ഏക്കർ കണ്ണായ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു.
ഈ വകയിൽ കോടിക്കണക്കിനു രൂപയാണ് ട്രസ്റ്റിൽ എത്തിച്ചേർന്നത്. ഈ പണം സ്ഥിരനിക്ഷേപമായി സൂക്ഷിച്ചാണ് ഇപ്പോൾ വലിയ തുകയുടെ സാമൂഹ്യ പ്രവർത്തനം ഏറ്റെടുക്കാനാകുന്നത്. ജനങ്ങൾ പ്രയാസപ്പെടുന്ന ഇക്കാലത്തു പണം കൈയിൽ സൂക്ഷിച്ചു വയ്ക്കുന്നതിലും നല്ലതു ജീവകാരുണ്യ പ്രവർത്തനത്തിന് ഉപകാരപ്പെടുത്തുക എന്നതാണ് ആശുപത്രി സേവനങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കാൻ കാരണമായതെന്നും ലക്ഷ്മി ട്രസ്റ്റ് വ്യക്തമാക്കുന്നു.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.