കണ്ണൂർ: സിപിഎമ്മിന്റെ പാർട്ടിഗ്രാമത്തിലെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്തു ശ്രദ്ധേയയായ ദലിത് വനിതാ ഓട്ടോഡ്രൈവറാണ് ചിത്രലേഖ. സിപിഎമ്മിന് ഏറെ തലവേദനയായ സംങവം. ഇങ്ങനെ നടത്തിയ സമരത്തിനൊടുവിൽ ചിത്രലേഖയ്ക്ക് അഞ്ച് സെന്റ് ഭൂമി കിട്ടി. ഇത് തിരിച്ചെടുക്കുകയാണ് പിണറായി സർക്കാർ. പയ്യന്നൂർ എടാട്ടെ ചിത്രലേഖയ്ക്ക് ഭൂമി നൽകി ഉമ്മൻ ചാണ്ടി സർക്കാർ 2016 ഡിസംബർ 18-ന് ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. ഗവർണറുടെ ഉത്തരവു പ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറിയാണ് നോട്ടീസിറക്കിയത്. ലഭിച്ച സ്ഥലത്ത് ചിത്രലേഖയുടെ വീടുനിർമ്മാണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ഉത്തരവ്.

കരമടയ്ക്കുന്ന ആറ്ു സെന്റ് സ്ഥലം വേറെയുണ്ടെന്ന കാരണത്താലാണ് ഭൂമി തിരിച്ചെടുക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. കൈവശാധികാരിയായ ജലവിഭവവകുപ്പിന്റെ എതിർപ്പ് മറികടന്നും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് ഭൂമി ചിത്രലേഖയ്ക്ക് കൈമാറിയതെന്ന് പുതിയ ഉത്തരവിലുണ്ട്. 1995-ലെ മുനിസിപ്പൽ കോർപ്പറേഷൻ ഭൂമി പതിവ് ചട്ട(21)പ്രകാരമാണ് ചിറക്കൽ വില്ലേജിലെ പുഴാതിയിൽ ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ചിത്രലേഖയ്ക്ക് സൗജന്യമായി അനുവദിച്ചത്. നേരത്തെ ലഭിച്ച സ്ഥലം വാസയോഗ്യമല്ലെന്ന് കാണിച്ച് നൽകിയ പരാതിയെത്തുടർന്നാണ് പുതിയ സ്ഥലം അനുവദിച്ചത്. സ്ഥലത്ത് വീടിന്റെ സൺഷേഡ് വരെ പണി പൂർത്തിയായിക്കഴിഞ്ഞു. കെ.എം.ഷാജി എംഎ‍ൽഎ. ഇടപെട്ടാണ് വീടുപണിക്കുള്ള തുക കണ്ടെത്തിയത്.

അതുകൊണ്ട് തന്നെ ജീവിതത്തിലെ പ്രതീക്ഷയാണ് തീരുന്നത്. ഇത് ചിത്രലേഖയും ഫേസ്‌ബുക്കിലൂടെ പങ്കുവച്ച വാക്കുകളിൽ ഉണ്ട്. ഞാൻ ജീവിക്കാൻ വേണ്ടി സമരം ചെയ്തു നേടിയ 5 സെന്റ് ഭൂമി പിണറായി സർക്കാർ റദ്ദാക്കി... അതിന്റെ പകർപ്പാണ് താഴെ... എന്നെ ഇനിയും ജീവിക്കാൻ വിടുന്നില്ലാ എങ്കിൽ സഖാവ് പിണറായി എന്നേം കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്ക് തിന്നുന്നതാ നല്ലത്....-ഫെയ്‌സ് ബുക്കിൽ ചിത്രലേഖ കുറിച്ചത് ഇങ്ങനെയായിരുന്നു. കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രമാങ്ങളിൽ ജാതി വിവേചനമുണ്ടെന്ന് പുറംലോകം ചർച്ചയാക്കിയത് ചിത്രലേഖയുടെ വിവരണത്തിലൂടെയാണ്. അന്ന് മുതൽ സിപിഎമ്മിന്റെ ശത്രുവാണ് ചിത്രലേഖ. ഇതാണ് ഇ്‌പ്പോൾ വസ്തു തിരിച്ചെടുക്കാനും കാരണം. പ്രശ്‌നം സിപിഎമ്മിലും അസ്വസ്ഥതയായി മാറുകയാണ്.

2004-ലാണ് ചിത്രലേഖ എടാട്ട് ഓട്ടോത്തൊഴിലാളിയായി ജോലി തുടങ്ങിയത്. ജീവിതപോരാട്ടത്തിന്റെ ഭാഗമായി കളക്ടറേറ്റിനുമുന്നിലും സെക്രട്ടേറിയറ്റിനു മുന്നിലും പലപ്പോഴായി 176 ദിവസം സമരം നടത്തിയിരുന്നു ഇവർ. ''ഒന്നുകിൽ തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം വേണം. അല്ലെങ്കിൽ അധികൃതർ കൃത്യമായ നടപടിയെടുക്കണം. ദളിത് സമൂഹത്തോടുള്ള സിപിഎം. സർക്കാരിന്റെ നയമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്' -ചിത്രലേഖയുടെ ആവശ്യം ഇതായിരുന്നു. സ്വാശ്രയ മെഡിക്കൽ കോളജിൽ ലക്ഷങ്ങൾ കോഴ നൽകി അനധികൃതമായി പ്രവേശനം നേടിയ സമ്പന്നരെ സഹായിക്കാൻ പ്രത്യേക നിയമം തന്നെ നിർമ്മിച്ച സർക്കാർ, ഒരു ദരിദ്ര ദലിത് കുടുംബത്തോട് ഇങ്ങനെ ചെയ്യുന്നതു ലജ്ജാവഹമെന്നു ചിത്രലേഖ പറഞ്ഞു.

ചിത്രലേഖയുടെ പോരാട്ടം ആസ്പദമാക്കി ബോളിവുഡ് സിനിമയ്ക്കു തിരക്കഥയെഴുതുന്ന ബ്രിട്ടിഷ് ചലച്ചിത്ര പ്രവർത്തകൻ ഫ്രെയ്‌സർ സ്‌കോട്ട് കഴിഞ്ഞ മാസം ചിത്രലേഖയെയും ഭർത്താവിനെയും കണ്ണൂരിൽ സന്ദർശിച്ചിരുന്നു. സിപിഎംസിഐടിയു പ്രവർത്തകരുടെ എതിർപ്പിനെ തുടർന്നു ജോലി പല തവണ അവസാനിപ്പിക്കേണ്ടി വന്നു. ഒരിക്കൽ ചിത്രലേഖയുടെ ഓട്ടോ തീവച്ചു നശിപ്പിക്കുക വരെ ചെയ്തു. സുഹൃത്തുക്കളും പൗരാവകാശ പ്രവർത്തകരും പിരിവെടുത്തു വാങ്ങിക്കൊടുത്ത പുതിയ ഓട്ടോയും നശിപ്പിക്കപ്പെട്ടു.

വീടു കയറി ആക്രമണവുമുണ്ടായി. എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാതായ സാഹചര്യത്തിൽ 201415ൽ നാലു മാസത്തോളം കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ കുടിലുകെട്ടി ചിത്രലേഖ രാപകൽ സമരം നടത്തി. പിന്നീടു തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിനു മുൻപിലും ആഴ്ചകളോളം സമരം നടത്തിയതിനെ തുടർന്നാണ് 2016 മാർച്ചിൽ അന്നത്തെ യുഡിഎഫ് സർക്കാർ ചിറയ്ക്കൽ പഞ്ചായത്തിലെ കാട്ടാമ്പള്ളിയിൽ അഞ്ചു സെന്റ് അനുവദിച്ചത്. ഈ ഭൂമിയാണ് തിരിച്ചെടുക്കുന്നത്. അനാരോഗ്യം മൂലം ചിത്രലേഖ ഇപ്പോൾ ഓട്ടോ ഓടിക്കുന്നില്ല. ഭർത്താവ് ശ്രീഷ്‌കാന്ത് കണ്ണൂർ ടൗണിൽ ഓട്ടോ ഡ്രൈവറാണ്. കാട്ടാമ്പള്ളിയിൽ വാടക വീട്ടിലാണു താമസം.