- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിത്രാഞ്ജലിയിൽ ഫിലിമുകൾ സൂക്ഷിക്കാൻ ശീതീകരണ സംവിധാനമില്ല; ഉരുകി നശിച്ചത് വിഖ്യാത ചിത്രങ്ങൾ 32 സിനിമകളുടെ നെഗറ്റീവുകൾ; ഡിജിറ്റൽ ഫോർമാറ്റിലേക്ക് സിനിമകൾ മാറ്റാനുള്ള അവസരവും അധികൃതരുടെ കെടുകാര്യസ്ഥത മൂലം ഇല്ലാതായി
തിരുവനന്തപുരം: ഒരു കാലത്ത് മലയാള സിനിമയുടെ അഭിമാനമായിരുന്ന ചിത്രാഞ്ജലി സ്റ്റുഡിയോ ഇപ്പോൾ അവഗണനയുടെ പടുകുഴിയിൽ. മലയാള സിനിമയുടെ അഭിമാനമായ വിഖ്യാദ ചിത്രങ്ങൾ അടക്കം 32 സിനിമകളുടെ നെഗറ്റീവുകൾ കെ.എസ്.എഫ്.ഡി.സി.ക്ക് കീഴിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോ ലാബിൽ ഉരുകി നശിച്ചു. ഫിലിമുകൾ സൂക്ഷിക്കാൻ ആവശ്യത്തിന് സംവിധാനം ഇല്ലാത്തതാണ് പ്രശ്‌നങ്ങളുടെ കാരണം.
108 സിനിമകളുടെ നെഗറ്റീവുകൾ സൂക്ഷിച്ചിരുന്ന ഫിലിം വോൾട്ടിലെ 32 ഫീച്ചർഫിലിമുകളുടെ നെഗറ്റീവുകളാണ് പൂർണമായും നശിച്ചത്. ഫിലിം വോൾട്ടിന് ആവശ്യമായ ശീതീകരണ സൗകര്യം ഒരുക്കാത്തതിനാലാണ് ഇവ നശിച്ചത്. സിനിമ ഡിജിറ്റൽ ഫോർമാറ്റിലേക്കു മാറിയതിനെത്തുടർന്ന് ഇവിടത്തെ കളർഫിലിം പ്രോസസിങ് ലബോറട്ടറി 2014-ൽ പൂട്ടിയിരുന്നു. തുടർന്നാണ് ഇവിടെ പ്രോസസ് ചെയ്തിരുന്ന 108 സിനിമകളുടെ നെഗറ്റീവുകൾ വോൾട്ടിൽ സൂക്ഷിച്ചത്.
സംവിധായകൻ വി.ആർ.ഗോപിനാഥിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇവയിൽ പല സിനിമകളുടെയും പിക്ച്ചർ, സൗണ്ട് നെഗറ്റീവുകൾ ഉപയോഗ്യശൂന്യമായ വിവരം പുറത്തറിയുന്നത്. ഇവ സൂക്ഷിക്കാനുള്ള പ്ലാസ്റ്റിക് കാനുകളുടെ ദൗർലഭ്യവും സാങ്കേതികവിദഗ്ധരുടെ അഭാവവും മൂലം ഇത്രയും സിനിമകൾ പൂർണമായോ ഭാഗികമായോ നശിച്ചതായി ചിത്രാഞ്ജലി സ്റ്റുഡിയോ മാനേജർ വെളിപ്പെടുത്തി.
ദേശീയ-രാജ്യാന്തര തലത്തിൽ അംഗീകാരങ്ങൾ നേടിയ ആലീസിന്റെ അന്വേഷണം, പാഠം ഒന്ന് ഒരു വിലാപം, ഏകാന്തം, ഗർഷോം, ആധാരം, ഉത്തര, കടൽത്തീരത്ത്, മഴ, മകരമഞ്ഞ്, ടി.ഡി.ദാസൻ സ്റ്റാൻഡേർഡ് 6-ബി, അച്ചുവേട്ടന്റെ വീട്, കാഴ്ച, ഒരു മെയ്മാസ പുലരിയിൽ തുടങ്ങി നിരവധി സിനിമകളാണ് നശിച്ചത്. ഇവയിൽ പല സിനിമകളുടെയും ബീറ്റാ വേർഷൻ മാത്രമാണ് ഇപ്പോഴുള്ളത്. ഡിജിറ്റൽ ഫോർമാറ്റിലേക്ക് ഈ സിനിമകളെ മാറ്റണമെങ്കിൽ നെഗറ്റീവ് ആവശ്യമാണ്. ആ സാധ്യതയാണ് ചിത്രാഞ്ജലി അധികൃതരുടെ കെടുകാര്യസ്ഥത മൂലം ഇല്ലാതായത്.
കേടുപറ്റാതെ അവശേഷിക്കുന്ന സിനിമകളുടെ നെഗറ്റീവുകളും ഇത്തരത്തിൽ നശിക്കുമെന്ന ആശങ്കയുമുണ്ട്. സിനിമാ മേഖല ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോൾ രാജ്യത്തെ ലാബുകളെല്ലാം നിർമ്മാതാക്കളെ വിവരം അറിയിക്കുകയും നെഗറ്റീവുകൾ കൊണ്ടുപോകണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, കെ.എസ്.എഫ്.ഡി.സി.യോ സ്റ്റുഡിയോ അധികൃതരോ ഇങ്ങനെയൊരറിയിപ്പ് ആർക്കും നൽകിയിരുന്നില്ല.
ഇത്രയും സിനിമകളുടെ നെഗറ്റീവ് ഉരുകിപ്പോയിട്ടും കേടുപാടുകൾ തീർക്കാൻ അധികൃതർ നാഷണൽ ഫിലിം ആർക്കൈവ്സിന്റെ സഹായം തേടിയിട്ടില്ല. കേടുവരാതെ അവശേഷിക്കുന്ന സിനിമകളുടെ നെഗറ്റീവുകൾ പുണെ ഫിലിം ആർക്കൈവ്സിൽ സൂക്ഷിക്കാനും മുതിർന്നിട്ടില്ല. അതേസമയം കെ.എസ്.എഫ്.ഡി.സി. ചെയർമാനായ ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ഒരു സിനിമയുടെയും നെഗറ്റീവ് ചിത്രാഞ്ജലിയിൽ സൂക്ഷിച്ചിട്ടില്ല. സ്വകാര്യ ലാബുകളിലും ഫിലിം ആർക്കൈവ്സിലുമാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ