പത്തനംതിട്ട: സമരം എന്നത് ജനാധിപത്യപരമായ ഒരു പ്രതിഷേധമാർഗമാണ്. എന്നാൽ ഒരു പക്ഷം നടത്തുന്ന സമരത്തിനെതിരേ എതിർപക്ഷം പ്രതിഷേധിക്കുന്നത് അപൂർവമാണ്. അത്തരമൊരു സമരനാടകമാണ് ഇപ്പോൾ ചിറ്റാർ പഞ്ചായത്തിൽ നടക്കുന്നത്. ഓണോത്സവം എന്ന പേരിൽ ചിറ്റാർ ഡെൽറ്റാ ഗ്രൗണ്ടിൽ നടത്തിയ കാർണിവലിനിടെ രണ്ടു കുട്ടികൾ യന്ത്രഊഞ്ഞാലിൽ നിന്ന് വീണു മരിക്കാനിടയായ സംഭവം മുതലാക്കി കോൺഗ്രസ് നടത്തുന്ന സമരത്തെ എതിർത്ത് സമരത്തിനിറങ്ങി സിപിഐ(എം) അപഹാസ്യരായിരിക്കുകയാണ്. സംഭവത്തിൽ പ്രതിക്കൂട്ടിലായ സിപി.ഐ(എം) നേതൃത്വം തലയൂരാൻ പാടുപെടുമ്പോഴാണ് കോൺഗ്രസ് പടയ്ക്കിറങ്ങിയിരിക്കുന്നത്.

കുട്ടികളുടെ മരണത്തിന്റെ നടുക്കം മാറും മുമ്പേ ഇതു രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് കോൺഗ്രസ്. കാർണിവലുകാർക്ക് ഒത്താശ ചെയ്തു കൊടുത്ത സിപിഐ(എം) നേതാക്കളാകട്ടെ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള തിരക്കിലും. ഒരു വഴിക്കു കൂടി ബിജെപിയും രംഗത്തുണ്ട്. ഇന്നലെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ മരണമടഞ്ഞ കുട്ടികളുടെ വീട് സന്ദർശിച്ച് അന്വേഷണം കാര്യക്ഷമമല്ലെന്നു കൂടി പറഞ്ഞതോടെ സിപിഐ(എം) വെട്ടിലായി. ഇനി കോൺഗ്രസ് ശക്തമായി സമരം തുടർന്നാൽ പാർട്ടിക്കും അവർ ഭരിക്കുന്ന ചിറ്റാർ പഞ്ചായത്തിനും മാനക്കേടാകും. ഇതു മുൻകൂട്ടിക്കണ്ടാണ് കോൺഗ്രസ് സമരം ചെയ്യുന്നത് നിർത്തണമെന്നു പറഞ്ഞ് സിപിഐ(എം) സമരം തുടങ്ങിയിരിക്കുന്നത്.

സിപിഐ(എം) പ്രാദേശിക നേതാക്കളുടെ ഒത്താശയോടെ നടന്ന കാർണവലിനു വേണ്ട സഹായമെല്ലാം വഴി വിട്ട രീതിയിൽ പഞ്ചായത്ത് ചെയ്തു കൊടുത്തുവെന്ന ആരോപണം പ്രതിരോധിക്കാനാണ് നേതൃത്വം പാടുപെടുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ സംഭവത്തിൽ കോൺഗ്രസ് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനെതിരേ വിശദീകരണയോഗം വിളിക്കേണ്ട ഗതികേടു വരെ നേതൃത്വത്തിനുണ്ടായി.

കഴിഞ്ഞ എട്ടിനു രാത്രിയിലാണ് കാർണിവൽ ഗ്രൗണ്ടിലെ യന്ത്രഊഞ്ഞാലിൽനിന്ന് കുളത്തുങ്കൽ സജിയുടെ മക്കളായ അലൻ, പ്രിയങ്ക എന്നിവർ വീണത്. അലൻ മിനുട്ടുകൾക്കുള്ളിലും പ്രിയങ്ക ചികിൽസയിലിരിക്കേ കഴിഞ്ഞ ശനിയാഴ്ചയും മരിച്ചു. കാർണിവൽ ഉദ്ഘാടനവേദിയിലും തുടർന്ന് അപകടമുണ്ടാകുന്നതിന് മണിക്കൂറുകൾ മുൻപു വരെയും കാർണിവലുകാർക്കൊപ്പം നിന്ന സിപിഐ(എം) നേതൃത്വവും പഞ്ചായത്തും പ്രശ്‌നത്തിന്റെ രൂക്ഷത മനസിലാക്കി അവർക്കു നേരെ തിരിഞ്ഞു.

ഉപകരണങ്ങൾ തല്ലിത്തകർക്കുകയും കുറ്റം കാർണിവലുകാരുടെ മാത്രമാണെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തു. യഥാർഥത്തിൽ പഞ്ചായത്തിന്റെ ഭാഗത്തു നിന്നാണ് വീഴ്ച സംഭവിച്ചത്. കാർണിവലുകാർക്ക് വിനോദനികുതിയിൽ ഇളവു നൽകിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് തന്നെ സമ്മതിച്ചിരുന്നു. മാത്രവുമല്ല, ഒറ്റത്തവണ നികുതിയാണ് ഈടാക്കിയത്. ഇതു കാരണം പഞ്ചായത്തിന് കിട്ടേണ്ട ലക്ഷങ്ങളുടെ വരുമാനം ലാഭിക്കാൻ കാർണിവലുകാർക്ക് കഴിഞ്ഞു. അതിന്റെ ഒരു വിഹിതം ചിലർ പോക്കറ്റിലാക്കിയെന്നും ആരോപണം ഉയർന്നിരുന്നു.

സംഭവത്തിൽ പഞ്ചായത്തിനും സിപിഐ(എം) നേതാക്കൾക്കും പങ്കുണ്ടെന്ന് വന്നതോടെ കോൺഗ്രസും ബിജെപിയും പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. ഇതോടെ സിപിഐ(എം) റിവേഴ്‌സ് ഗിയറിലായി.