പത്തനംതിട്ട: ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് നിന്ന് തൊണ്ടിമുതൽ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച കേസിൽ ട്വിസ്റ്റ്. മോഷണം നടത്തിയ വനപാലകനൊപ്പമുണ്ടായിരുന്നയാളെ സിപിഎം ഇടപെടലിനെ തുടർന്ന് കേസിൽ നിന്നൊഴിവാക്കിയെന്ന് ആരോപണം. മോഷണമുതൽ കടത്തിയ കാറും വിട്ടു കൊടുക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നു. സകല കുറ്റവും ഫോറസ്റ്റർ സജീവ് രാജിന്റെ തലയിൽ കെട്ടി വച്ച് അയാൾ മാത്രമാണ് ഉത്തരവാദി എന്ന് ഉന്നത വനപാലകർ വരുത്തി തീർത്ത് കഴിഞ്ഞു.

ശനിയാഴ്ച വൈകിട്ടാണ് രണ്ടു ദിവസത്തെ അവധിയെടുത്ത് തിരുവനന്തപുരത്തെ വീട്ടിലേക്ക് പോകാനിറങ്ങിയ ഫോറസ്റ്റർ സജീവ് രാജ് ചിറ്റാറിലുള്ള വിസ്മയ സെന്റർ ഉടമ ആയാസ്ഖാന്റെ സൈലോ വാഹനം വിളിച്ചു കൊണ്ടു വന്നത്. ഈ വാഹനത്തിൽ വീട്ടിലേക്ക് പോകും വഴിയാണ് ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തു തൊണ്ടിയായി കിടന്ന ഈട്ടി, തേക്ക് മരക്കഷണങ്ങൾ കാറിൽ പെറുക്കിയിട്ടത്. കാറിന്റെ ഡ്രൈവറും കൂടി ചേർന്നാണ് തടിക്കഷണങ്ങൾ കാറിനുള്ളിൽ ലോഡ് ചെയ്തത്. ഇതിന് ശേഷം ഇവർ പോകാനൊരുങ്ങുമ്പോഴാണ് പിടിവീണത്.

ഫോറസ്റ്റർ സജീവ്രാജിനെ രക്ഷപ്പെടാൻ വനപാലകർ തന്നെ സഹായിച്ചുവെന്നാണ് പറയുന്നത്. ആയാസ്ഖാന്റെ വാഹനവും ഡ്രൈവറെയും കേസിൽ നിന്നൊഴിവാക്കാൻ തുടക്കം മുതൽ നീക്കം നടന്നു. തടികടത്ത് പിടികൂടിയെന്ന് അറിഞ്ഞതോടെ ചിറ്റാറിലെ സിപിഎം ഘടകങ്ങൾ ഒന്നിച്ചു. നേരത്തേ രണ്ടു തട്ടിലായി നിന്നവർ ഒരു സിപിഎമ്മുകാരനെ രക്ഷിക്കാൻ വേണ്ടി ഒന്നിച്ചു ചേരുകയായിരുന്നുവെന്ന് പറയുന്നു. സർക്കാർ തലത്തിലും ഇടപെടൽ ഉണ്ടായി. ഇതോടെ കൂട്ടുപ്രതിയെ ഒഴിവാക്കി സജീവ് രാജ് മാത്രമായി പ്രതി. സൈലോ കാറും വിട്ടു കൊടുക്കാൻ നീക്കം നടന്നു. ഈട്ടിയും തേക്കും മാത്രമാണ് പ്രതികൾ മോഷ്ടിച്ചത് എന്നാണ് വനപാലകർ പറയുന്നത്. എന്നാൽ, പ്രധാനമായും ചന്ദനമുട്ടികളാണ് ഇവർ എടുത്തത് എന്നാണ് നാട്ടുകാർ പറയുന്നത്.

വാഹനത്തിന്റെ ഡ്രൈവറെ പ്രതിയാക്കാൻ കഴിയില്ലെന്നാണ് ഉന്നത വനപാലകർ ഇന്നലെ ബന്ധപ്പെട്ട മാധ്യമങ്ങളോട് പറഞ്ഞത്. ആയാസ്ഖാനെ കേസിൽ നിന്നൊഴിവാക്കാൻ സിപിഎമ്മിന്റെ ശക്തമായ ഇടപെടൽ നടന്നുവെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. എന്നാൽ, ഉന്നത വനപാലകർ ഉരുണ്ടു കളിക്കുകയാണ്. സജീവ് രാജിനെ മാത്രം പ്രതിയാക്കി കേസ് അവസാനിപ്പിക്കാനാണ് നീക്കം നടക്കുന്നത്.