കൊൽക്കത്ത: ബംഗാളിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടന ചടങ്ങിനെച്ചൊല്ലി വിവാദം കത്തുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് താൻ നേരത്തെ ഉദ്ഘാടനം ചെയ്തതാണെന്ന ബംഗാൾ മുഖ്യമന്ത്രിയുടെ പരാമർശമാണ് വിവാദത്തിന് ഇടയാക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കിയായിരുന്നു മമത ബാനർജിയുടെ പരിഹാസം. വിർച്വലിയാണ് ചിത്തരഞ്ജൻ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം താൻ നിർവ്വഹിച്ചെന്നായിരുന്നു മമത പറഞ്ഞുവച്ചത്. ഉദ്ഘാടന പരിപാടി യഥാസമയം അറിയിക്കാത്തതിലും മമത വിമർശനമുന്നയിച്ചു. ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയാണെന്ന് വിളിച്ച് അറിയിച്ചത് കേന്ദ്ര മന്ത്രിയാണെന്നും ഇത് ശരിയായ നടപടിയല്ലെന്നും അവർ പറഞ്ഞു.

മമതയുടെ 'നേരത്തെ ഉദ്ഘാടന' പരാമർശത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. മമത ബാനർജി അനാവശ്യ ഏറ്റുമുട്ടൽ നടത്തുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ അഭിപ്രായപ്പെട്ടു. കോവിഡ് സെന്ററിന്റെ ഉദ്ഘാടനവും ക്യാൻസർ സെന്ററിന്റെ ഉദ്ഘാടനവും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിന്റെ ഗതികേടാണ് വെളിവാകുന്നതെന്നും അമിത് മാളവ്യ കൂട്ടിച്ചേർത്തു.